2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

100 കമ്പനി സേനയെ വിന്യസിച്ചു; കശ്മിര്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ 100 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ വിമാനമാര്‍ഗമാണ് സേനയെ ശ്രീനഗറിലെത്തിച്ചത്. വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം രാത്രിയോടെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തരമായി കൂടുതല്‍ കേന്ദ്രസേനയെ ശ്രീനഗറിലേക്ക് എത്തിച്ചത്.

യാസിന്‍ മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ ജമാഅത്തെ ഇസ് ലാമി നേതാവ് അബ്ദുല്‍ ഹാമിദ് ഫയാസ് ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് കസ്റ്റഡിയിലായത്. മൈസുമയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തശേഷം മാലിക്കിനെ കോത്തിബാഗ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ സ്വത്തവകാശം സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്.

ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ജെയ്‌ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിന് ശേഷം കശ്മിര്‍ താഴ് വരയില്‍ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.