2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

100 പൈലറ്റുമാര്‍ ഇന്നുമുതല്‍ പണിമുടക്കും: ജെറ്റ് പൂര്‍ണമായും നിശ്ചലമാകുന്നു

ന്യൂഡല്‍ഹി: കടക്കെണിയില്‍പ്പെട്ട ജറ്റ് എയര്‍വേയ്‌സില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ശമ്പളക്കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് ജെറ്റിന്റെ 1100 പൈലറ്റുമാര്‍ ഇന്നുമുതല്‍ പണി മുടക്കും.
കഴിഞ്ഞ മൂന്ന് മാസത്തെ കുടിശ്ശികയാണ് പൈലറ്റുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും കിട്ടാനുള്ളത്. എന്‍ജിനീയര്‍മാര്‍ നിലവില്‍ പണിമുടക്കിലാണ്. ഇന്ന് 10 മണി മുതല്‍ പണിമുടക്കാനാണ് പൈലറ്റുമാരുടെ തീരുമാനമെന്ന് നാഷണല്‍ ഏവിയേഷന്‍ ഗില്‍ഡ് അറിയിച്ചു. മാര്‍ച്ച് ഒന്നിന് തന്നെ പൈലറ്റുമാര്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്പനിയ്ക്ക് പുതിയ മാനേജ്‌മെന്റ് വന്നതിനാല്‍ കൂടുതല്‍ സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇത് നീട്ടിവയ്ക്കുകയായിരുന്നു.
ജെറ്റിന്റെ കടബാധ്യത എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യം ഏറ്റെടുത്തതോടെ സ്ഥാപകന്‍ നരേഷ് ഗോയല്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഏറ്റെടുത്തിട്ട് ഒരുമാസമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ എസ്.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവില്‍ തിങ്കളാഴ്ച വരെ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്്. അതോടൊപ്പം ആഭ്യന്തര സര്‍വീസ് വെറും 50ല്‍ താഴെ വിമാനമാക്കി കുറയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച സര്‍വീസ് നടത്തിയത് 11 വിമാനമാണ്. സമരം വരുന്നതോടെ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വരും. കമ്പനി നടത്തിപ്പിന് പണം കണ്ടെത്താന്‍ മാനേജ്‌മെന്റ് നിലവിലെ ഓഹരിയുടമകളുടെ സഹായം തേടിയെങ്കിലും ആരും സഹായിക്കാന്‍ തയാറായിട്ടില്ല.

ജെറ്റ് എയര്‍വേയ്‌സ്
ജീവനക്കാര്‍ സ്‌പൈസ് ജെറ്റിലേക്ക്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക വരുത്തിയ ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ സ്‌പൈസ് ജെറ്റ് വിമാന കമ്പനിയിലേക്ക്. പൈലറ്റുമാരും എന്‍ജിനീയര്‍മാരുമാണ് പ്രധാനമായും സ്‌പൈസ് ജെറ്റില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ജെറ്റില്‍ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ കുറവിലാണ് പലരും സ്‌പൈസ് ജെറ്റില്‍ ജോലി നേടിയത്. പൈലറ്റുമാര്‍ നിലവില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ കുറവിലുംഎന്‍ജിനീയര്‍മാര്‍ 50 ശതമാനം കുറവിലുമാണ് സ്‌പൈസ് ജെറ്റില്‍ പ്രവേശിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.