
നീന്തല്‍ രാജാവ് മൈക്കല്‍ ഫെല്‍പ്സ് പത്താം വയസ്സില്‍ ഉയര്‍ത്തിയ റെക്കോര്‍ഡ്, അതിന്റെ 23-ാം വര്‍ഷത്തില്‍ ക്ലാര്‍ക്ക് കെന്റ് എന്ന പത്തു വയസ്സുകാരന് തകര്‍ത്തിരിക്കുന്നു. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ 1:10:48 എന്ന ഫെല്‍പ്സിന്റെ റെക്കോര്‍ഡാണ് ക്ലാര്‍ക്ക് തകര്‍ത്തത്.
1:09:38 സമയം കൊണ്ട് ക്ലാര്‍ക്ക് 100 മീറ്റര്‍ നീന്തിയെത്തി. സ്വന്തം നാടായ കാലിഫോര്‍ണിയയില്‍ നടന്ന വെസ്റ്റേണ്‍ ലോങ് കോഴ്സ് ചാംപ്യന്‍ഷിപ്പിലാണ് ഫിലിപ്പിനോ- അമേരിക്കന്‍ ‘സൂപ്പര്മാന്’ അല്‍ഭുതം തീര്‍ത്തത്.
ഇതേ വിഭാഗത്തില്‍ 1995 ലാണ് ഫെല്‍പ്സ് റെക്കോര്‍ഡ് നേട്ടം കൊയ്തത്. അതിനു ശേഷം ഇന്നുവരെ ഫെല്‍പ്സിനെ മറികടക്കാന്‍ ആരുമുണ്ടായില്ല. ഫെല്‍പ്സിനേക്കാള്‍ ഒരു സെക്കന്റിലും കൂടുതല്‍ സമയം നേരത്തെയാണ് ക്ലാര്‍ക്ക് ഇപ്പോള്‍ ലക്ഷ്യംകണ്ടിരിക്കുന്നത്.
റെക്കോര്‍ഡിനു പുറമെ, ചാംപ്യന്‍ഷിപ്പിലെ നീന്തല്‍ മത്സരങ്ങളിലെല്ലാം ക്ലാര്‍ക്ക് തന്നെയാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയത്. ഏഴു സ്വര്‍ണമാണ് ക്ലാര്‍ക്ക് മൊത്തം നേടിയത്. മൂന്നാം വയസ്സില്‍ നീന്തിത്തുടങ്ങിയ ക്ലാര്‍ക്കിന്റെ പ്രധാന സ്വപ്നവും ഫെല്‍പ്സിന്റെ റെക്കോര്‍ഡ് മറികടക്കുകയെന്നതായിരുന്നു.
ഒളിംപിക്സില്‍ മത്സരിച്ച് റെക്കോര്‍ഡുകള്‍ കൊയ്യണമെന്നാണ് ക്ലാര്‍ക്കിന്റെ ഇനിയും ആഗ്രഹം. 15-ാം വയസ്സിലാണ് ഫെല്‍പ്സ് ഒളിംപിക്സില്‍ മത്സരിച്ചത്. മൊത്തം 28 മെഡലുകള്‍ നേടി ഫെല്‍പ്സ് നീന്തല്‍ രാജാവായി തുടരുകയാണ്.