2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഐ.എം.എഫിന്റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ് പദവിയില്‍ ഗീതാ ഗോപിനാഥ്; അറിയാം 10 കാര്യങ്ങള്‍ ഈ കണ്ണൂരുകാരിയെപ്പറ്റി

വാഷിംഗ്ടണ്‍: ഇന്‍ന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്)ചീഫ് ഇക്കണോമിസ്റ്റ് ആയി ഗീത ഗോപിനാഥ് സ്ഥാനമേറ്റെടുത്തു. ഇതാദ്യമായാണ് ഒരു വനിത ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്നത്.

1. ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന മൗറി ഒബ്സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിച്ച സാഹചര്യത്തിലാണ് 47 കാരിയായ ഗീത ഗോപിനാഥിന്റെ നിയമനം. കണ്ണൂര്‍ സ്വദേശിയായ ഗീത മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആണ്. കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു ജനിച്ചതും പഠിച്ചതും വളര്‍ന്നതും.

2. ഐ.എം.എഫിന്റെ പതിനൊന്നാമത്തെ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ഗീത ഗോപിനാഥിനെ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദരില്‍ ഒരാളാണ് ഗീത ഗോപിനാഥ് എന്നാണ് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ദെ അവരുടെ നിയമനം അറിയിച്ചുകൊണ്ട് പറഞ്ഞത്.

3. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം.എയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ആളാണ് ഗീത ഗോപിനാഥ്.

4. ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര സാമ്പത്തിക പഠനവിഭാഗത്തില്‍ പ്രൊഫസറാണ് ഗീത.

5. 1971 ല്‍ കൊല്‍ക്കത്തയിലാണ് ജനിച്ചത്. യു.എസ് പൗരത്വം ലഭിച്ച ഗീതാ ഗോപിനാഥ് വിദേശ ഇന്ത്യക്കാരിയാണ്.

6. നേരത്തെ ഈ സ്ഥാനത്ത് ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുരാം രാജനും നിയമിതനായിരുന്നു. ഈ സ്ഥാനം ലഭിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ആളാണ് ഗീത.

7. ഹാര്‍വാഡിലെ സ്ഥിരം സാമ്പത്തിക വകുപ്പില്‍ അംഗമാവുന്ന ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെയാളാണ് ഗീത. ഇതിനു മുന്‍പ് നൊബേല്‍ ജേതാവായ അമര്‍ത്യാ സെന്നിനാണ് ഈ സ്ഥാനം ലഭിച്ചത്.

8. നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ കോ- ഡയരക്ടറാണ് ഗീത. ബൂസ്റ്റണ്‍ ഫെഡറല്‍ റിസര്‍വ്വ് ബാങ്കില്‍ വിസിറ്റിങ് സ്‌കോളര്‍. ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ്വ് ബാങ്കിന്റെ ഉപദേശക സമിതി അംഗം.

9. ഇഖ്ബാല്‍ ഥാലിവാലിനെയാണ് കല്യാണം കഴിച്ചത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അബ്ദുല്ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് എക്‌സിക്യൂട്ടീവ് ഡയരക്ടറാണ് അദ്ദേഹം.

10. എക്‌സ്‌ചേഞ്ച് റേറ്റ്, ട്രേഡ്, നിക്ഷേപം, അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധി, സാമ്പത്തിക നയം, കടം, മാര്‍ക്കറ്റ് പ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങളിലായി 40 ഗവേഷണ പ്രബന്ധങ്ങളുടെ ഉടമയാണ് ഗീതാ ഗോപിനാഥ്.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.