2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു; ആലുവയില്‍ ജലനിരപ്പ് ഉയരും- Live

  • പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
  • എറണാകുളത്തും തൃശ്ശൂരും ഉച്ചയ്ക്കുശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി
  • ഇടുക്കിയില്‍ അതീവ ജാഗ്രത

 

തൊടുപുഴ: മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ തുറന്നു.നിലവിൽ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയർത്തിയിരുന്നത്. 

 

ഇതോടെ സെക്കൻഡിൽ 5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കുപോകും. ഇതിനു മുന്‍പ് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നത് 1981 ലാണ്.

രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. ചെറുതോണിയില്‍നിന്നു ജലം ആറു മണിയോടെ ആലുവയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ചെറുതോണി ടൗണില്‍ വെള്ളംകയറി.

ചെറുതോണി പാലം മുങ്ങി.പട്ടണത്തിന്‍റെ റോഡിന്‍റെ വശങ്ങളെല്ലാം വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. ചെറുതോണി-കട്ടപ്പന റോഡില്‍ വെള്ളം കയറി. ചെറുതോണി വഴിയുള്ള എല്ലാ ഗതാഗതവും തടഞ്ഞു. നിലവില്‍ 2401.62 അടിയാണ് ജലനിരപ്പ്. ഇന്നലെ അര്‍ധരാത്രി ഇത് 2400.38 അടിയായിരുന്നു. 


  • സംസ്ഥാനത്തെ കാലവര്‍ഷം 2013 ലെ വെള്ളപ്പൊക്കത്തേക്കാള്‍ ഗുരുതരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
  • എറണാംകുളത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. 
  • 210 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 25000 പേരെ വരെ മാറ്റിപ്പാര്‍പ്പിക്കാനാകും. എറണാകുളത്ത് 64 ദുരാതാശ്വാസ ക്യാംപുകളില്‍ 2751 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
  • ദുരന്തനിവാരണത്തിനായി എറണാംകുളത്ത് നാലു കമ്പനി കേന്ദ്രസേനയെത്തും.
  • കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളത്തിലെത്തും.
  • നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടിവന്നാല്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കും.

കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചാണ് ചെറുതോണി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നത്. തീരത്തുള്ളവര്‍ നിര്‍ബന്ധമായും ക്യാംപുകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഡാമിന്‍റ മുഴുവന്‍ ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും വെള്ളം ഉയരും. ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.


വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു.എന്നാല്‍ വൃഷ്ടിപ്രദേശത്തുണ്ടായ മഴ കാരണം കനത്ത നീരൊഴുക്കാണ് ഇടുക്കി ഡാമിലേക്ക് പിന്നീട് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. പിന്നീട് ഉച്ചയോടെയാണ് നാലും അഞ്ചും ഷട്ടറുകള്‍ ഉയർത്തിയത്. 


സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കര വ്യോമ നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് വിലയിരുത്തി.


ഇടമലയാറിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഉച്ചയ്ക്ക് ശേഷം അടയ്ക്കും.

അതിനിടെ  തെന്മല ഡാമില്‍  ജലനിരപ്പ് 115.603 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വീണ്ടും വര്‍ധിപ്പിക്കും. ഷട്ടറുകള്‍ പരമാവധി ഉയര്‍ത്താവുന്നത് 12 അടിയാണ്. 

ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 7 അടി ഉയര്‍ത്തിയിരുന്നു. തെന്മല ഉറുകുന്ന് നേതാജി പഞ്ചായത്ത് റോഡിലേക്ക്  മണ്ണിടിഞ്ഞുവീണു.  കൊല്ലം ചിറക്കര വില്ലേജില്‍ മണ്ണ് ഇടിഞ്ഞ് വീഴാന്‍ സാധ്യതയുളള നാല് വീടുകളില്‍ മൂന്നു വീടുകളിലുള്ളവരെ (ആകെ 9 പേര്‍) ചിറക്കര പഞ്ചായത്ത് വക പകല്‍വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.