2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

1, 2, 3, 4, 5, 6…. ക്ലീന്‍ ചിറ്റ് വിതരണം തുടരുന്നു: മോദിക്കെതിരായ ആറാം പരാതിയും സ്വാഹ

 

കഴിഞ്ഞ അഞ്ചു പ്രാവശ്യവും വാര്‍ത്ത കൊടുത്തു, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ പരാതികളില്‍ കമ്മിഷന്‍ തീര്‍പ്പു കല്‍പ്പിച്ചതിനെപ്പറ്റി. എല്ലാം ക്ലീന്‍ ചിറ്റ്. ഇപ്പോഴിതാ ആറാമത്തെ പരാതിയിലും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. മൊത്തം 11 പരാതികളാണ് കമ്മിഷന് ലഭിച്ചത്.

പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകിക്കുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് നടപടി. തിങ്കളാഴ്ചയ്ക്കു മുന്‍പ് എല്ലാ പരാതികളും തീര്‍പ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

എല്ലാ പരാതികളും തീര്‍പ്പാക്കി എന്നതിനു പകരം എല്ലാ പരാതികളിലും ക്ലീന്‍ ചിറ്റ് നല്‍കി എന്നാക്കി വായിക്കണമെന്ന് അന്ന് പലരും വാര്‍ത്തയ്ക്കടിയില്‍ കമന്റ് ചെയ്തിരുന്നു.


Read more at: മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിയോജിപ്പ്


ഏപ്രില്‍ 21ന് ഗുജറാത്തിലെ പഠാനില്‍ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു ആറാമത്തെ പരാതി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ തിരിച്ചയച്ചിരുന്നില്ലെങ്കില്‍ വിവരമറിയുമായിരുന്നുവെന്നായിരുന്നു മോദിയുടെ പ്രസംഗം. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചരണമവസാനിക്കുന്നതിന്റെ തലേദിവസമായിരുന്നു ഇത്.

മോദി അന്നു പ്രസംഗിച്ചത്:

‘മോദി 12 മിസൈല്‍ തയ്യാറാക്കി വച്ചിരുന്നു. ഇത് ഗുരുതരമായ സാഹചര്യത്തിലേക്കു നയിക്കുമെന്ന് കരുതി പാകിസ്താന്‍ ഇന്ത്യന്‍ പൈലറ്റിനെ മടക്കി അയക്കാന്‍ തീരുമാനിച്ചു. അതല്ലായിരുന്നുവെങ്കില്‍ അതൊരു ‘ഖതല്‍ കി രാത്’ (സംഹാര രാവ്) ആവുമായിരുന്നു’

പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫിസിനെ മോദി ഉപയോഗിച്ചുവെന്നും സൈനിക നീക്കത്തെയും സൈനിക പ്രവര്‍ത്തിയെയും വോട്ടിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.