2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മഴക്കെടുതിയില്‍ ഒറ്റപ്പെട്ട വയനാട്ടില്‍ സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ഒറ്റപ്പെട്ട വയനാട്ടില്‍ സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് യുദ്ധക്കാലാടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നാവികസേന, ദേശീയ ദുരന്ത നിവാരണ സേന, ആര്‍മി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സ്, കുടാതെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം പൊലിസ് തുടങ്ങിയവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന സ്ഥലങ്ങളിലെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. തുടര്‍ന്ന് അപകടാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളിലും പ്രവര്‍ത്തനങ്ങള്‍ യുദ്ധക്കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.

ആദ്യഘടത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, പയ്യമ്പള്ളി പഞ്ചായത്തിലെ ബാവലി, പാല്‍വെളിച്ചം, താനിക്കല്‍, പനമരം പഞ്ചായത്തിലെ നീര്‍വാരം തുടങ്ങിയ സ്ഥലങ്ങളില്‍ സേന പ്രവര്‍ത്തനമാരംഭിച്ചു.

പൊഴുതന പഞ്ചായത്തിലെ കുറിച്ചര്‍മല, പൊഴുതന റോഡ്, തവിഞ്ഞാല്‍,മക്കിമല, വാളാട്, പെരിയ തുടങ്ങിയവിടങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഏഴിമല, കൊച്ചി എന്നിവടങ്ങളില്‍ നിന്നുമുള്ള നാവികസേനയും ചെന്നൈയില്‍ നിന്നുമുള്ള ദേശീയ ദുരന്ത നിവാരണ സേനയും കണ്ണൂരില്‍ നിന്നുമുള്ള ആര്‍മിയുടെ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സുമാണ് ജില്ലയിലെത്തിയിരിക്കുന്നത്. 111 ദുരിതാശ്വാസ ക്യാമ്പുകളിലായി 1873 കുടുംബങ്ങളില്‍ നിന്നും 7367 പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്യാമ്പുകളില്‍ സഹായമെത്തിച്ചു നല്‍കാം

സന്നദ്ധരായിട്ടുള്ള വ്യക്തികള്‍ക്കും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം തുടങ്ങിയ സഹായങ്ങള്‍ നല്‍കാം. ഇതിനായി വയനാട് കള്കടറേറ്റില്‍ സന്ദീപ് എന്നയാളെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9745166864, ടോള്‍ ഫ്രീ നമ്പര്‍ 1077.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.