2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ബോണക്കാട്: ആരാധനാ സ്വാതന്ത്രം അനുവദിക്കുമെന്ന് മന്ത്രി; പ്രത്യക്ഷ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ബോണക്കാട് തീര്‍ഥാടന അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷ സമരം പിന്‍വലിച്ചു. വനംമന്ത്രി കെ. രാജുവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

നാളെ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്താനിരുന്ന ഉപവാസവും മാറ്റിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് വരെ സമരത്തില്‍ അയവ് വരുത്തുമെന്ന് സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്.

കുരിശുമലയിലേക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിശ്വാസികള്‍ക്ക് സന്ദര്‍ശനം അനുവദിക്കുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. തീര്‍ഥാടനത്തിന് വേണ്ടി അഞ്ച് ദിവസം സന്ദര്‍ശനം അനുവദിക്കും. എന്നാല്‍ കുരിശും കൊണ്ടുള്ള തീര്‍ഥാടനം അനുവദിക്കില്ല. കോടതി നിര്‍ദ്ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊലിസ് നടപടിയുണ്ടായ ബോണക്കാട്ട് ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നെയ്യാറ്റിന്‍കര രൂപത ഞായറാഴ്ച ഇടയലേഖനത്തിലൂടെ ആഹ്വാനം നല്‍കിയിരുന്നു. നീതിയും ന്യായവും പുലരാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടെങ്കില്‍ ഇനിയും മൗനം പാലിക്കരുതെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ ഇടയലേഖനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.