2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ഇനി ഞായറാഴ്ച്ചകളില്‍ മിഠായിത്തെരുവില്‍ ജെ.പി ഇല്ല; കൂടെ നൗഫലും സദാനന്ദനും

 

#അഷറഫ് ചേരാപുരം

കോഴിക്കോട്: ഇക്കഴിഞ്ഞ തിങ്കളാഴ്ച എസ്.കെയുടെ പ്രിയ മിഠായിത്തെരവിന് മരണത്തിന്റെ ഗന്ധമായിരുന്നു. ഈ തെരുവില്‍ ജീവിതമാടിയ മൂന്നു മനുഷ്യര്‍ വിടവാങ്ങിയ നാള്‍. എസ്.കെയുടെ കഥയിലെ കഥാപാത്രങ്ങളെപ്പോലെ തികച്ചും സാധാരണക്കാരായവര്‍. പക്ഷേ, അവര്‍ പതിറ്റാണ്ടുകളായി ഈ തെരുവിന്റെ ഭാഗമായിരുന്നു. ജയപ്രകാശും നൗഫലും സദാനന്ദനും.

ഞായറാഴ്ചകളിലാണ് മിഠായിത്തെരുവ് ഏറെ സജീവമാകുന്നത്. അന്നു രാവിലെ തന്നെ തെരുവുണരും. കച്ചവടക്കാരുടെ ഉറക്കെയുള്ള വിളികളും തമാശകളും ജനസഞ്ചാരവും കൊണ്ട് പ്രഭാതം മുതല്‍ മിഠായിത്തെരുവ് മുഖരിതമാകും. തെരുവിലൂടെ വരുന്നവരെ എങ്ങിനെ തങ്ങളുടെ കടകളിലേക്ക് ആകര്‍ഷിപ്പിക്കാമെന്നതിനു വിവിധ തന്ത്രങ്ങളാണ് പലരും പ്രയോഗിക്കുന്നത്. വാചകക്കസര്‍ത്തിലൂടെയും ചില പ്രത്യേക ശൈലിയിലുള്ള സംസാരത്തിലൂടെയും ശബ്ദത്തിലൂടെയുമെല്ലാം ആദായവില്‍പന നടക്കുന്ന തന്റെ കടയിലേക്ക് ഇവര്‍ ആളുകളെ ആകര്‍ഷിക്കും. ഞായറാഴ്ചകളില്‍ രാവിലെ തുടങ്ങുന്ന ഈ അഭ്യാസപ്രകടനങ്ങള്‍ രത്രി തെരുവ് ശൂന്യമാകുന്നതുവരെ തുടരും.

തെരുവുകച്ചവടക്കാരില്‍ ഏറ്റവും ആകര്‍ഷണീയമായ രീതിയില്‍ കച്ചവടം നടത്തിയ മനുഷ്യനായിരുന്നു ജെ.പി എന്ന ജയപ്രകാശ്. വ്യത്യസ്തമായ രീതിയിലും ശബ്ദത്തിലും ഉയര്‍ന്ന ശബ്ദത്തില്‍ തെുവിലെ എം.സി റോഡ് ജങ്ഷനില്‍ കൊയിലാണ്ടി പൊയില്‍കാവുകാരന്‍ ജയപ്രകാശ് ഉണ്ടാകും. റെഡിമെയ്ഡ് ഷര്‍ട്ടുകളുടെയും മറ്റു വസ്ത്രങ്ങളുടെയും വില്‍പനയാണ് ജയപ്രകാശ് ഈയിടെ പ്രധാനമായും നടത്തിക്കൊണ്ടിരുന്നത്.

ഏതു സമയത്ത് മിഠായിത്തരുവിലെത്തിയാലും ജയപ്രകാശിന്റെ ചുറ്റും ജനം കൂടിയിരിക്കുന്നത് കാണാം. ഈയിടെയാണ് ഒരു കടയുടെ സെയില്‍സ്മാനായത്. കഴിഞ്ഞ ഞായറാഴ്ച എം.സി റോഡിലെ കടയില്‍ ജോലി കഴിഞ്ഞു പോയതാണ് അദ്ദേഹം. വീട്ടില്‍ ഹൃദയാഘാതം വന്ന് മരിച്ചു. പൊയില്‍ക്കാവ് എടക്കുളം കുന്നുമ്മല്‍ ജയപ്രാകശ് കോംട്രസ്റ്റിലെ ജീവനക്കാരനായിരുന്നു. അച്ഛന്‍ മരിച്ച ഒഴിവില്‍ പ്യൂണായിട്ടായിരുന്നു അദ്ദേഹം അവിടെയെത്തിയത്. ഇവിടുത്തെ ഫുട്‌ബോള്‍ ടീമിലെ മികച്ച ഗോള്‍ കീപ്പറുമായിരുന്നു. കോംട്രസ്റ്റ് പൂട്ടിയതോടെ തൊട്ടടുത്ത മിഠായിത്തെരുവായി അദ്ദേഹത്തിന്റെ കേന്ദ്രം.

തിരുവണ്ണൂരില്‍ നിര്യാതനായ നൗഫല്‍ ഈ തെരുവിലെ മറ്റൊരു സജീവ സാന്നിധ്യമായിരുന്നു. പി. മമ്മദ് കോയയുടെ മകനും തെരുവിനടുത്ത് മമ്മാസ് ജ്വല്ലറിക്കാരനുമായ നൗഫല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഭൂമിവിട്ടു പോയത്. കമ്മത്ത്‌ലൈനില്‍ സ്വര്‍ണപ്പണിക്കാരനായ സദാനന്ദനും ഈ തെരുവ് വിട്ടുപോയി. ഹൃദയതാളം നിലച്ചതോടെ ജയപ്രകാശും നൗഫലും സദാനന്ദനും തെരുവിന്റെ കാണാമറയത്തേക്ക് പോയി.

ഇതാ വീണ്ടുമൊരു ഞായറാഴ്ചകൂടി വരികയാണ്. എസ്.കെയുടെ തെരുവില്‍ ജെ.പിയുടെ വിളി ഇനി ഉയര്‍ന്നു കേള്‍ക്കില്ല. ആദായവില്‍പനയുടെ ആ കുപ്പായങ്ങള്‍ വാങ്ങാന്‍ ഇനിയും ആളുകള്‍ ഒഴുകിയെത്തുമെങ്കിലും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.