2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

 

സിയൂള്‍: ആണവ നിരായുധീകരണത്തില്‍ യു.എസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. രണ്ട് ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണം ഉത്തരകൊറിയ നടത്തിയെന്ന് ദക്ഷിണകൊറിയന്‍ സൈന്യം പറഞ്ഞു. ഒരാഴ്ചക്കിടെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്.
വടക്ക് പടിഞ്ഞാറന്‍ നഗരമായ കുസോങ്ങില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 4.30ന് ആണ് വിക്ഷേപണം നടത്തിയത്. 50 കി.മീ ഉയരത്തില്‍ പറന്നുയര്‍ന്ന മിസൈല്‍ കടലില്‍ പതിച്ചെന്ന് ദ.കൊറിയന്‍ സേനയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

തലസ്ഥാനമായ പോങ്യാങ്ങില്‍നിന്ന് 160 കി.മീ അകലെയാണ് കുസോങ് നഗരം സ്ഥതി ചെയ്യുന്നത്. ശനിയാഴ്ച ഉ.കൊറിയ നിരവധി ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
2017 നവംബറില്‍ ഭൂഖണ്ഡേതര മിസൈല്‍ പരീക്ഷണം നടത്തിയതിന് ശേഷമുള്ള ഉ.കൊറിയുടെ ആദ്യത്തെ മിസൈല്‍ വിക്ഷേപണമായിരുന്നു ഇത്.
എന്നാല്‍ ആണവ നിരായുധീകരണ ചര്‍ച്ചയുമായി ബന്ധപ്പെട്ട് യു.എസ് പ്രതിനിധി ദ.കൊറിയയില്‍ എത്തിയതിന് പിന്നാലെയാണ് ഉ.കൊറിയയുടെ മിസൈല്‍ പരീക്ഷണം. ദ.കൊറിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കായി യു.എസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീഫന്‍ ബീഗന്‍ ആണ് ബുധനാഴ്ച വൈകിട്ടോടെ എത്തിയത്. മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും തുടര്‍നീക്കങ്ങളുടെ ചര്‍ച്ചക്കുമായി ബീഗന്‍ ദ.കൊറിയ വിദേശ-യൂനിഫിക്കേഷന്‍ മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
നിലവിലെ സാഹചര്യത്തില്‍ ഉ.കൊറിയ സംതൃപ്തരല്ലെന്നാണ് മിസൈല്‍ പരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കൊറിയന്‍ നാഷനല്‍ യൂനിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനായ ഹോങ് മിന്‍ പറഞ്ഞു.

ആണവ നിരായുധീകരണത്തിലേക്ക് മടങ്ങാനായി തങ്ങള്‍ക്ക് സുരക്ഷ ആവശ്യമാണെന്നാണ് അവര്‍ അറിയിക്കുന്നത്. കഴിഞ്ഞ മാസം യു.എസ്-ദ.കൊറിയ സംയുക്ത സൈനിക അഭ്യാസം നടന്നതിനാല്‍ രാജ്യത്തിന്റെ കരുത്ത് കാണിക്കാന്‍ കൂടിയാവാം പുതിയ പരീക്ഷണമെന്ന് ഹോങ് മിന്‍ പറഞ്ഞു.
അതിനിടെ ഉ.കൊറിയ ഉപയോഗിച്ച ഹ്രസ്വദൂര മിസൈലുകള്‍ റഷ്യയില്‍നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണെന്ന് 38 നോര്‍ത്ത് വെബ്‌സൈറ്റ് പറഞ്ഞു.
റഷ്യയുടെ ഇസ്‌കന്ദര്‍ മിസൈലിന് സമാനമായതാണ് ഉ.കൊറിയ ഉപയോഗിച്ചതെന്ന് വെബ്‌സൈറ്റ് പറയുന്നു.
കൊറിയന്‍ ഭൂഖണ്ഡം വീണ്ടും സംഘര്‍ഷാന്തരീക്ഷത്തിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സൂചിപ്പിക്കുന്നത്. വിയറ്റ്‌നാമില്‍ നടന്ന രണ്ടാം ഉച്ചകോടിക്കിടെ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് കിം ജോങ് ഉന്‍ ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഉച്ചകോടി തീരുമാനമാവാതെ പിരിഞ്ഞത്. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചെന്ന് കിം കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആണവ സമ്പുഷ്ടീകരണം ഉ.കൊറിയ തുടരുന്നുണ്ടെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.