2017 March 24 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

ഹോസ്റ്റലില്‍ പരിശീലകനു നേരെ മുളകുപൊടി വിതറിയതായി പരാതി

പെരിയ: കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളജില്‍ പരിശീലകനു നേരെ മുളകുപൊടി അഭിഷേകം. പെരിയയയിലെ കാംപസില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിലെ റെസിഡിങ് പരിശീലകന്റെ മുറിയിലേക്കാണ് കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ മലമൂത്ര വിസര്‍ജ്ജനങ്ങളും മുളകുപൊടിയും വലിച്ചെറിഞ്ഞതായാണു പരാതി.
ആദ്യഘട്ടത്തില്‍ പോളി ടെക്‌നിക് കോളജില്‍ റെസിഡിങ് പരിശീലകന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറെ വര്‍ഷം ഇവിടെ ഈ പോസ്റ്റില്‍ ആളുണ്ടായിരുന്നില്ല. അടുത്ത കാലത്താണ് കോളജില്‍ വീണ്ടും റെസിഡിങ് പരിശീലകനെ സര്‍ക്കാര്‍ നിയമിച്ചത്. ഇതോടെ ഹോസ്റ്റലില്‍ താമസിച്ചു വരുന്ന വിദ്യാര്‍ഥികള്‍ ഇയാളെ ഹോസ്റ്റലിലെ റൂമില്‍ താമസിക്കുന്നതിനും മറ്റും എതിര്‍ത്തതായാണ് ആരോപണം.
ഇതേ തുടര്‍ന്നു ഹോസ്റ്റല്‍ കെട്ടിടം അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനമെടുത്തെങ്കിലും പി.ടി.എ കമ്മറ്റിയും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള ആളുകള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ താത്ക്കാലികമായി പരിഹരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പരിശീലകന്റെ മുറിയിലേക്ക് തെരുവ് നായയെ കയറ്റി ഇയാളെ ഭീഷണിപ്പെടുത്തിയതായും അധ്യാപകര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ബേക്കല്‍ പൊലിസില്‍ പരാതി നല്‍കിയതായി പ്രിന്‍സിപ്പാള്‍ പറഞ്ഞു.