2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഹോട്ട് ഫില്ലിങ്ങിലൂടെ എണ്ണ കമ്പനികള്‍ പ്രതിമാസം അന്യായമായി സമ്പാദിക്കുന്നത് 30 കോടിയോളം

മനു റഹ്മാന്‍

തിരുവനന്തപുരം: രാജ്യത്തെ എണ്ണ കമ്പനികള്‍ ഹോട്ട് ഫില്ലിങ്ങിലൂടെ അന്യായമായി പ്രതിമാസം സമ്പാദിക്കുന്നത് 30 കോടിയോളം രൂപ. സംസ്ഥാനത്തെ ഉപഭോക്താക്കളാണ് ഇതുമൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരുന്നത്. അസംസ്‌കൃത എണ്ണ പെട്രോളാക്കി ശുദ്ധീകരിച്ചെടുത്താല്‍ സ്വാഭാവിക താപനിലയിലേക്ക് എത്താന്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടിവരും. എന്നാല്‍, ഉല്‍പാദനത്തിലെ കുറവിന്റെ മറവില്‍ ഉയര്‍ന്ന താപനില കുറയുന്നതിന് മുന്‍പേ (ഹോട്ട് ഫില്ലിങ്) വിതരണം ചെയ്യുന്നതാണ് ഉപഭോക്താക്കള്‍ക്കും വിതരണക്കാരായ പമ്പുടമകള്‍ക്കും നഷ്ടമുണ്ടാകാന്‍ ഇടവരുത്തുന്നത്.
ഇങ്ങനെ വിതരണം ചെയ്യുന്ന പെട്രോള്‍ പതഞ്ഞുനില്‍ക്കുന്നതിനാല്‍ അളവ് കൂടുതലുള്ളതായി തോന്നും. സ്വാഭാവികമായ അന്തരീക്ഷ ഊഷ്മാവിലേക്ക് എത്തിയാലെ പെട്രോളിന്റെ ഉയര്‍ന്ന ഊഷ്മാവില്‍ പതയുന്ന അവസ്ഥ നിയന്ത്രിതമാവുകയും പെട്രോളിന്റെ താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുകയുമുള്ളൂ.
കേരളത്തില്‍ 2,200 ഓളം പെട്രോള്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഓരോന്നിലും മാസത്തില്‍ ശരാശരി 120 കിലോ ലിറ്റര്‍ (12,000 ലിറ്റര്‍) പെട്രോള്‍ വീതമാണ് വില്‍പന നടത്തുന്നത്. ഇന്നലത്തെ കേരളത്തിലെ പെട്രോള്‍ വിലയായ 74 രൂപ 57 പൈസ കണക്കാക്കിയാല്‍ 120 കിലോ ലിറ്ററിനെ പമ്പുകളുടെ എണ്ണത്താലുള്ള ഗുണനവും ഹരണവും ഉള്‍പ്പെടെയുള്ളവ നടത്തിയാല്‍ ദിനേന ഒരു കോടിയോളം രൂപയാണ് കേരളത്തില്‍നിന്ന് മാത്രം എണ്ണ കമ്പനികള്‍ അന്യായമായി നേടുന്നതെന്ന് ബോധ്യപ്പെടും.
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യകൂടി അംഗമായ ഒ.ഐ.എം.എല്‍ (ഓര്‍ഗനൈസഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ മെട്രോളജി ലീഗല്‍)ന്റെ പെട്രോള്‍ സ്റ്റാന്റേര്‍ഡ് മാനദണ്ഡം അനുസരിച്ച് 15 ഡിഗ്രി സെന്റിഗ്രിഡ് താപനില നിലനിര്‍ത്തിയാണ് പെട്രോള്‍ വിതരണം ചെയ്യേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ അത് ഇനിയും നടപ്പായിട്ടില്ല.
ഹോട്ട് ഫില്ലിങ് സംഭവിക്കുന്നതിനാല്‍ ഒന്നേകാല്‍ ലിറ്റര്‍ പെട്രോള്‍ അടിക്കുന്ന ഉപഭോക്താവിന് ഒരു ലിറ്ററിന്റെ പ്രയോജനമേ ലഭിക്കൂ.
എണ്ണ കുഴിച്ചെടുക്കുന്ന റിഗ്ഗുകളും അത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന റിഫൈനറികളും അവരില്‍നിന്ന് വിതരണത്തിനായി എടുക്കുന്ന എണ്ണ കമ്പനികളുമെല്ലാം പെട്രോളിന്റെ ഭാര (കിലോഗ്രാമില്‍) ത്തിനാണ് വില നിശ്ചയിക്കുന്നത്.
ഇവരുടെ ഇടപാടുകളില്‍ പെട്രോള്‍ പതഞ്ഞുപൊങ്ങുന്ന പ്രതിഭാസത്താല്‍ അളവില്‍ കുറവുണ്ടാവുന്നില്ലെന്ന് ചുരുക്കം.
എണ്ണ കമ്പനികള്‍ സര്‍ക്കാരിന് നല്‍കുന്നതും ഭാരത്തിന് ആനുപാതികമായതിനാല്‍ സര്‍ക്കാരിന് കീഴില്‍ പെട്രോള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും നഷ്ടം നേരിടുന്നില്ല.
യുറോപ്പും അമേരിക്കയും ഉള്‍പ്പെട്ട വന്‍കരകളിലെ രാജ്യങ്ങളിലെല്ലാം ഒ.ഐ.എം.എല്‍ മാനദണ്ഡം പാലിച്ചാണ് വിതരണം ചെയ്യുന്നത്. ഈ വിഷയത്തില്‍ കേരളത്തിലെ പെട്രോള്‍ പമ്പ് ഉടമകള്‍ സുപ്രിംകോടതിവരെ പോയിട്ടും അനുകൂലമായ വിധി നേടിയെടുക്കാനായിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമാവൂ. സുപ്രിംകോടതിയില്‍ കേസ് നല്‍കിയാലും രക്ഷയില്ലെന്നാണ് ഓള്‍ കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 2009ല്‍ ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി പരിഗണിക്കുകയും വിദഗ്ധാഭിപ്രായത്തിനായി കേസ് മാറ്റുകയു ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിയമം ഉണ്ടാകാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കേസ് വിദഗ്ധ സമിതിക്ക് വിടുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം അറിയിക്കേണ്ടത് എണ്ണകമ്പനികളില്‍ നിന്നുള്ള വിദഗ്ധാരാണെന്നതിനാല്‍ നീതി അപ്രാപ്യമാവുന്ന സ്ഥിതിയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.