2019 November 21 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹോങ്കോങ്ങിലെ പ്രതിഷേധം അക്രമാസക്തം

ഹോങ്കോങ്: കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരേ ഹോങ്കോങ്ങില്‍ ഇന്നലെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് റബര്‍ ബുള്ളറ്റിന്‍, ടിയര്‍ ഗ്യാസ് എന്നിവ പ്രയോഗിച്ചു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുന്നിലെ റോഡുകള്‍ ഉപരോധിച്ച പൊലിസിന് നേര്‍ക്ക് കല്ലേറ് നടത്തി. 72 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചത്തെ പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നെങ്കിലും ഇന്നലെ ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറി. ബില്‍ പിന്‍വലിക്കുന്നതുവരെ പിന്‍മാറില്ലെന്ന് കറുത്തമുഖം മൂടിയും കൈയുറയും ധരിച്ചെത്തിയ നിരവധി പേര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ബല പ്രയോഗം നടത്തുന്നതിനെ അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സിയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശിച്ചു.

അതിന്നിടെ പ്രതിഷേധ റാലിക്കിടെയുണ്ടായ ആക്രമണങ്ങളെ ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം അപലപിച്ചു. കലാപശ്രമങ്ങള്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കും. ക്രമസമാധാനം അവഗണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്ന് അവര്‍ വിഡിയോ പ്രസ്താവനയില്‍ പറഞ്ഞു. കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുന്ന ബില്ലുമായി മുന്നോട്ട് നീങ്ങാനാണ് ഹോങ്കോങ് സര്‍ക്കാരിന്റെ തീരുമാനം. ജൂണ്‍ 20ന് ബില്‍ അന്തിമമായി പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പുതിയ നിയമത്തിലൂടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് പങ്കെടുത്തത്.

അതിന്നിടെ ചൈനീസ് സേനയെ ഹോങ്കോങ്ങിലേക്ക് അയക്കുമെന്നുള്ള വാര്‍ത്തകള്‍ വിദേശകാര്യ മന്ത്രാലയം തള്ളി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശാകര്യ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് പറഞ്ഞു. ഹോങ്കോങ്ങില്‍ പ്രതിഷേധങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ ഇതുവരെ പ്രാധാന്യം നല്‍കിയിട്ടില്ല. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചൈനീസ് പൗരന്മാര്‍ക്ക് കൃത്യമായി അറിയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനക്ക് കീഴിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമാണ് ബാങ്കോങ്. 1997 മുതല്‍ ചൈനീസ് പരമാധികാരത്തിന് കീഴിലുള്ള പ്രദേശമാണ് ഹോങ്കോങ്. ഒരു രാജ്യം രണ്ട് ഭരണ രീതി എന്ന സമ്പ്രദായമാണ് ഇവിടെ തുടരുന്നത്. ഹോങ്കോങ്ങിന് സ്വന്തമായി ജുഡീഷ്യല്‍, നിയമ നിര്‍മാണ സഭ, സാമ്പത്തിക സംവിധാനം എന്നിവയുണ്ട്. എന്നാല്‍ വിദേശം, പ്രതിരോധം, വിസ ഉള്‍പ്പെടെയുള്ള നടപടികള്‍ ചൈനക്ക് കീഴിലാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.