2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൈ ടെക് സുരക്ഷയൊരുക്കി അധികൃതര്‍: ജംറ കല്ലേറ് സുഗമം

അബ്ദുസ്സലാം കൂടരഞ്ഞി

മിന: മുന്‍ വര്‍ഷങ്ങളിലെ അപകടങ്ങള്‍ കണ്ടുകൊണ്ട് അധികൃതര്‍ ഒരുക്കിയ അതീവ സുരക്ഷ ഹജ്ജ് കര്‍മം സുഗമമാക്കി. കഴിഞ്ഞ വര്‍ഷവും അതിനു മുന്‍പും ഏറ്റവും കൂടുതര്‍ ആളുകള്‍ മരിക്കാനിടയാക്കിയ ജംറയിലെ കല്ലേറടക്കം തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നടത്തിയ നീക്കം പ്രശംസനീയമാണ്. അതീവ ജാഗ്രതയോടെ നിര്‍ദേശങ്ങള്‍ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്തതിനാല്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ജംറകളിലെ കല്ലേറ് കര്‍മത്തില്‍ ഈ വര്‍ഷം യാതൊരു വിധ അനിഷ്ട സംഭവങ്ങളും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജംറയില്‍ സുരക്ഷാ സേനയുടെ ഇടപെടല്‍ കാരണമാണ് തിക്കും തിരക്കുമില്ലാതെ ഹാജിമാര്‍ക്ക് കല്ലെറിയാനായത്. മക്ക ഗവര്‍ണറും മറ്റു ഭരണ തലവന്മാരും നിരന്തരം സുരക്ഷാ സേനയുമായി ബന്ധപ്പെട്ടു കാര്യങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ജംറയില്‍ കല്ലെറിയുന്ന ജംറകളെ ബന്ധപ്പെടുത്തി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പൂര്‍ണ നിരീക്ഷണത്തിനായി ഹൈ ഡെഫിനിഷന്‍ ക്യാമറകളും ഇവിടെ സജ്ജീകരിച്ചിരുന്നു. കൂടാതെ കല്ലെറിയുന്നതിനായി പ്രത്യേകം സമയം സജ്ജീകരിച്ചതും, അത് കര്‍ശനമായായി പിന്തുടരുന്നതില്‍ കാണിച്ച കണിശമായ പ്രവര്‍ത്തനവുമാണ് കല്ലേറ് കര്‍മങ്ങളടക്കം ഹാജിമാരുടെ കര്‍മങ്ങള്‍ സുഗമമായി നടപ്പിലാകാന്‍ കാരണം.

അതേ സമയം പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും റോഡുകളില്‍ ട്രാഫിക് പെട്രോളിംഗ് വിഭാഗം ജാഗ്രത പാലിക്കുന്നുണ്ട്. മിനയില്‍ നിന്ന് മസ്ജിദുല്‍ ഹറമിലേക്കുള്ള റോഡ് ട്രാഫിക് വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഇതുമൂലം ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ലീനിംഗ് വിഭാഗം മക്കയും പരിസരങ്ങളും ശുചീകരിച്ച് ഹാജിമാരുടെ യാത്ര സുഗമമാക്കുന്ന തിരക്കിലാണ്. ജംറ പാലത്തിന് ചുറ്റും ആധുനിക സംവിധാനത്തോട് കൂടിയുള്ള വേസ്റ്റ് ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹറം സുരക്ഷാ വിഭാഗവും അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ ഹറമിനകത്ത് വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മസ്ജിദുല്‍ ഹറാമിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മടക്കയാത്രക്കുള്ള തവാഫുല്‍ വിദാ ഇന്ന് ഹാജിമാര്‍ക്ക് സൗകര്യം നല്‍കാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. മസ്അയുടെ ഗ്രൗണ്ട്, ഒന്ന്, രണ്ട്, മൂന്ന് നിലകള്‍ സജ്ജമാക്കിയതിനാല്‍ ഹാജിമാര്‍ക്ക് ഇവിടെയും തിരക്കനുഭവപ്പെടുകയില്ല എന്നാണ് പ്രതീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.