2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഹൈദരാബാദിന് സൂപ്പര്‍ വിജയം; പുനെ ഐ.പി.എല്ലില്‍ നിന്നും പുറത്ത്‌

വിശാഖപട്ടണം: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാലു റണ്‍സ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് നിശ്ചിത ഓവറില്‍ 133 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജോര്‍ജ് ബെയ്‌ലി(34) മഹേന്ദ്രസിങ് ധോണി(30) അശ്വിന്‍(30) എന്നിവര്‍ പൊരുതിയെങ്കിലും ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു പൂനെയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 10 റണ്‍സെടുക്കാനേ ടീമിന് സാധിച്ചുള്ളൂ. മൂന്നു വിക്കറ്റെടുത്ത ആശിഷ് നെഹ്‌റയാണ് ബൗളിങില്‍ മികച്ചു നിന്നത്.

 

നേരത്തെ ശിഖര്‍ ധവാന്‍(33) കെയ്ന്‍ വില്യംസന്‍(32) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനത്തിലാണ് ഹൈദരാബാദ് 137 റണ്‍സ് സ്വന്തമാക്കിയത്.ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അവര്‍ക്ക് അധികം മുന്നോട്ടു പോവാന്‍ സാധിച്ചില്ല. സ്‌കോര്‍ 18ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണര്‍(11) പുറത്തായി. ആര്‍.പി സിങിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ വില്യംസന്‍-ധവാന്‍ കൂട്ടുകെട്ട് ടീമിനെ മെല്ലെ മുന്നോട്ടു നയിച്ചത്. മോശം പന്ത് തിരഞ്ഞു പിടിച്ചു കളിക്കാനാണ് ധവാന്‍ ശ്രമിച്ചത്. 27 പന്ത് നേരിട്ട ധവാന്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തിയിരുന്നു. എന്നാല്‍ അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ധവാനെ തിവാരിയുടെ കൈയിലെത്തിക്കുയായിരുന്നു അശ്വിന്‍. ഈ വിക്കറ്റ് വീണതോടെ പൂനെ മത്സത്തില്‍ പിടിമുറുക്കി. ലെഗ് സപിന്നര്‍ ആദം സാംപയെ വിദഗ്ധമായി ഉപയോഗിച്ച പൂനെ നായകന്‍ ധോണി ഹൈദരാബാദിനെ വരിഞ്ഞുകെട്ടുകയായിരുന്നു.

അപകടകരിയായ യുവരാജ് സിങി(23)നെ സാംപ പുറത്താക്കിയതോടെയാണ് ഹൈദരാബാദ് തകര്‍ച്ചയിലേക്ക് വീണത്. 21 പന്ത് നേരിട്ട യുവരാജ് രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും അടിച്ചിരുന്നു. കെയ്ന്‍ വില്യംസനെ വമ്പടികള്‍ക്ക് സമ്മതിക്കാതെ സമ്മര്‍ദത്തിനടിപെടുത്തിയാണ് സാംപ പുറത്താക്കിയത്. പിന്നീട് കൃത്യമായി വിക്കറ്റ് വീഴ്ത്തിയ സാംപയ്ക്ക് മുന്നില്‍ ഹൈദരാബാദിന് മറുപടിയുണ്ടായിരുന്നില്ല. ഐ.പി.എല്ലില്‍ ആറുവിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരം കൂടിയാണ് സാംപ. താരം എറിഞ്ഞ അവസാന ഓവറുകളില്‍ മൂന്നു വിക്കറ്റാണ് വീണത്. മത്സരത്തിലെ അവസാന ഓവര്‍ കൂടിയായിരുന്നു ഇത്. മോയസസ് ഹെന്റിക്‌സ്(10) ദീപക് ഹുഡ(14) നമാന്‍ ഓജ(7) ഭുവനേശ്വര്‍ കുമാര്‍(1) എന്നിവര്‍ സാംപയ്ക്ക് മുന്നില്‍ മുട്ടുമടക്കി. നാലോവറില്‍ 19 റണ്‍സ് വഴങ്ങിയാണ് സാംപയുടെ ആറുവിക്കറ്റ് നേട്ടം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.