2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഹൈക്കോടതി ഉത്തരവ്: അനധികൃത അറവുശാലകള്‍ക്കെതിരേ നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം

 

പാലക്കാട്: അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കുവാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിലുള്ള മുഴുവന്‍ അറവുശാലകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിവരശേഖരണം നടത്തിയിരുന്നു.വരും ദിവസങ്ങളില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിയമം കാറ്റില്‍ പറത്തി നഗരസഭാപ്രദേശത്തും സമീപ പഞ്ചായത്തുകളിലുമായി നിരവധി അനധികൃത അറവുശാലകളുണ്ട്. അനുമതിയുള്ള അറവുശാലകളില്‍ തന്നെ നിയമം പാലിക്കുന്നുമില്ല.
ഇവിടെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് അറവ് നടക്കുന്നത്. പഴകിയ മാംസം ഉള്‍പ്പെടെ വില്‍ക്കപ്പെടുന്നുണ്ട്. ഇവയുണ്ടാക്കുന്ന പരിസരമലിനീകരണവും ഏറെയാണ്. ശുചീകരണമില്ലാത്തതും, മലിനമായ അന്തരീക്ഷത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അറവുശാലകളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തൂക്കിയിടരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എന്നാലിതൊന്നും പാലിക്കപ്പെടുന്നില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു അറവുശാലകള്‍ ഉണ്ടെങ്കില്‍ മാത്രമേ മാംസ കച്ചവടം നടത്താന്‍ പാടുള്ളു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പല പ്രദേശങ്ങളിലും വില്‍പന തകൃതിയായി നടക്കുന്നത്.
ഇവയ്ക്ക് ലൈസന്‍സ് ഇല്ലെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്കും അറിയാം. എന്നാല്‍ നടപടിയെടുക്കുവാന്‍ തയ്യാറാകുന്നുമില്ല. മാംസത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും വ്യാപക പരാതിയുണ്ട്. അതാതുപ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗബാധിതമല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. സ്ഥിരം പരിശോധന പ്രാവര്‍ത്തികമാകില്ലെന്നാണ് കച്ചവടക്കാരുടെ വാദം.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവു നടക്കുന്നതെന്നും രോഗം ബാധിച്ചവയെ ഇറച്ചിയാക്കുന്നുണ്ടെന്നും കണ്ടെത്തി.അന്യസംസ്ഥാനങ്ങളില്‍നിന്നും ആഴ്ചചന്തകളില്‍നിന്നും അറവുമാടുകളെ ഒരു പരിശോധനയുമില്ലാതെയാണ് അറക്കുന്നതെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം പുതുപ്പള്ളിത്തെരുവിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആറ് അറവുശാലകള്‍ നാഗസഭാധികൃതര്‍ അടച്ചു പൂട്ടിയിരുന്നു.ഇവിടെയുള്ള അറവുശാലയില്‍ നിന്നും ഇറച്ചിയില്‍ വിഷം കലക്കി വെച്ചതിനാല്‍ 20 കാക്കകളും, രണ്ടു നായകളും, ഒരു പരുന്തും ചത്തിരുന്നു. ഇനിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കളക്ടര്‍ക്കുവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.