2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൈക്കോടതിയില്‍ ഇരട്ട ഹരജി: മുഖ്യമന്ത്രിയെ മാറ്റണം; സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണം

കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗവും മുന്‍ ജോയിന്റ് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആര്‍.എസ് ശശികുമാറാണ് ഹരജി നല്‍കിയത്. തോമസ് ചാണ്ടിയുടെ ഹരജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും ഇതിനു തെളിവെന്ന് ഹരജിയില്‍ പറയുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവര്‍ത്തകനായ ആലപ്പി അഷറഫ് മറ്റൊരു ഹരജിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.രാജു, പി.തിലോത്തമന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആലപ്പി അഷറഫിന്റെ ആവശ്യം. നവംബര്‍ 15ലെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഇവര്‍ വിട്ടുനിന്നത് സത്യപ്രതിജ്ഞാലംഘനമാണ്.
ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു അധികാരകേന്ദ്രം നിര്‍ദേശിച്ചതനുസരിച്ചായിരുന്നു മന്ത്രിമാരുടെ നടപടി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് പ്രഖ്യാപിക്കണം. മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണം, സുപ്രധാന നയതീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഇവരെ തടയണം എന്നിവയാണ് അഷറഫ് നല്‍കിയ ഹരജിയിലെ ആവശ്യങ്ങള്‍.
സി.പി.ഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നു. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ കത്ത് നല്‍കിയശേഷമാണ് ഇവര്‍ വിട്ടുനിന്നതെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്ന് ആര്‍.എസ് ശശികുമാറിന്റെ ഹരജിയില്‍ ആരോപിക്കുന്നു.
മന്ത്രിസഭാ യോഗത്തില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് തുറന്നു പ്രഖ്യാപിക്കലാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിമാര്‍ക്ക് ഭരണഘടനാവ്യവസ്ഥ പാലിക്കാന്‍ ബാധ്യതയുണ്ട്. ഒരു മന്ത്രിയുടെ തീരുമാനമാണെങ്കിലും മന്ത്രിസഭാ തീരുമാനമായി ഗവര്‍ണറുടെ പേരിലാണ് ഉത്തരവ് വരുന്നത്.
ഇതുകൊണ്ടുതന്നെ മന്ത്രിക്ക് വ്യക്തിപരമായി വിട്ടുനില്‍ക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ വിട്ടുനിന്നവരെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യാത്ത മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ശശികുമാര്‍ഹരജിയില്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.