2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൃദ്രോഗ കാരണവും ഭക്ഷണവും

എം.പി.രാമചന്ദ്രന്‍

മഹാധമനിയില്‍ നിന്ന് ഇടത്തെ കൊറോണറി ആര്‍ട്ടറിയും വലത്തേ കൊറോണറി ആര്‍ട്ടറിയുമാണ് ഹൃദയത്തിലേക്ക് രക്തം നല്‍കുന്നത്. ഇടത്തേ കൊറോണറി ആര്‍ട്ടറി ഉത്ഭവിച്ച് രണ്ട് പ്രധാന ശാഖകളായി വിഭജിക്കുന്നു. ഈ ശാഖകളുടെയും വലത്തെ കൊറോണറി ആര്‍ട്ടറിയുടെയും ഉപശാഖകളാണ് ഹൃദയത്തിനും മാംസപേശികള്‍ക്കും രക്തം നല്‍കുന്നത്. ഇവ ചുരുങ്ങി അടഞ്ഞുപോകുന്നതുകൊണ്ടാണ് ഹാര്‍ട്ട് അറ്റാക്കും നെഞ്ചുവേദനയും ഉണ്ടാകുന്നത്. കാലക്രമേണ ധമനികള്‍ക്കുള്ളില്‍ തുരുമ്പുപോലെ അതിറോസ്‌ക്ലീറോസിസും തന്മൂലമുണ്ടാകുന്ന ഹൃദ്രോഗവും ഉണ്ടാക്കുന്നു.

രക്തത്തിലെ അമിതകൊഴുപ്പും കൊളസ്‌ട്രോളും അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി, വ്യായാമമില്ലായ്മ, മാനസിക സംഘര്‍ഷം, അമിതവണ്ണം, ഗൗട്ടും യൂറിക് ആസിഡും മുതലായവയും ഹൃദ്രോഗം ഉണ്ടാക്കുന്നു.
നാം കഴിക്കുന്ന കൊഴുപ്പിലുള്ള കൊളസ്‌ട്രോള്‍ അധികമായാല്‍ പല മാരകരോഗങ്ങളുമുണ്ടാകും. പ്രത്യേകിച്ച് ഹൃദ്രോഗത്തിന് വില്ലനാണ്. കൊളസ്‌ട്രോളിന്റെ അളവ് രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരപാളികളില്‍ അടിഞ്ഞുകൂടി ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്‌കരമാക്കുന്നു. ഇതിന്റെ സാധാരണതോത് 130 എം.ജി ശതമാനമാണ്. ഹൃദയപേശികള്‍ക്ക് രക്തമെത്തിച്ചുകൊടുക്കുന്ന ധമനികള്‍ അടഞ്ഞുപോയാല്‍ രക്തപ്രവാഹം നിലയ്ക്കുകയും ഹൃദയകോശങ്ങള്‍ മൃതപ്രായമാവുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുന്നു.

ഹൃദയത്തിന്റെ ഇതേ അവസ്ഥ മസ്തിഷ്‌കത്തിന് സംഭവിക്കുമ്പോള്‍ മസ്തിഷ്‌കത്തിലേക്കുള്ള ധമനികള്‍ക്ക് വൈകല്യം സംഭവിച്ച് രക്തസഞ്ചാരം കുറഞ്ഞ് ഓര്‍മക്കുറവ്, മന്ദത, തലകറക്കം, ബോധക്ഷയം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ചില സമയങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലെ ക്ഷതപ്പെട്ട രക്തക്കുഴലുകള്‍ പൊട്ടിപ്പോകുന്നതുമൂലം സ്‌ട്രോക്ക് ഉണ്ടാവുകയും രോഗി മരിക്കുകയും ചെയ്യുന്നു.

പ്രമേഹം

ഹൃദ്രോഗത്തിന് പ്രധാന കാരണമാണ് പ്രമേഹം. ഈ രോഗികളിലെ ഹൃദ്രോഗ സാധ്യത മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടിയാണ്. വികസ്വര രാജ്യങ്ങളില്‍ സര്‍വസാധാരണമായൊരു രോഗാവസ്ഥയാണിത്. മുതലാളിവര്‍ഗത്തെ മാത്രമല്ല സാധാരണക്കാരിലും ഏത് നിലവാരത്തില്‍പ്പെട്ടവരെയും ഇന്ന് പ്രമേഹം പിടികൂടുന്നു. പ്രമേഹരോഗികളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഹൃദ്രോഗം, പ്രഷര്‍, വൃക്കയുടെ പ്രവര്‍ത്തന ക്ഷയം, ധമനിലോമികളുടെ അപചയം എന്നിവയാണ്.

നിത്യജീവിതത്തില്‍ ദുരിതപ്പെടുത്തുന്ന പ്രമേഹരോഗം ഹൃദയത്തെ വേട്ടയാടുന്നത് ഇന്‍സുലിന്‍ അഭാവംമൂലം രക്തത്തില്‍ കുമിഞ്ഞുകൂടുന്ന ഗ്ലൂക്കോസും കൊഴുപ്പുകണികകളും ആണ്. രക്തത്തില്‍ അമിതമാകുന്ന കൊഴുപ്പു കണികകള്‍ ഹൃദയം, കണ്ണ്, വൃക്ക, നാഡിവ്യൂഹം, ധമനികള്‍ എന്നിവിടങ്ങളില്‍ വൈവിധ്യമായ പ്രവര്‍ത്തനത്തിലൂടെ പല ഘടനാ പരിവര്‍ത്തനങ്ങളുണ്ടാകുന്നു. കോശങ്ങളുടെ ക്രമംതെറ്റിയ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും തകരാറാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പ് കണികകള്‍ അടിഞ്ഞുകൂടുന്നതിനാല്‍ അവയുടെ ദ്വാരം ചെറുതാകുന്നു. അതിറോസ് ക്ലീറോസിസ് എന്ന ഈ അവസ്ഥ ശരീരത്തിലുള്ള ധമനി ലോമികകളില്‍ പ്രധാനമായും രണ്ടു തരത്തിലുള്ള ഘടനാ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്ന് മാക്രോ ആന്‍ജിയോപ്പതിയും മറ്റൊന്ന് മൈക്രോ ആന്‍ജിയോപ്പതിയും. (1) വലിയ ധമനികളെ ബാധിക്കുന്ന മാക്രോ ആന്‍ജിയോപ്പതി-ഇതുമൂലം ഹൃദയകൊറോണറികള്‍ക്കും മസ്തിഷ്‌കത്തിലെ ധമനികള്‍ക്കും കൈകാലുകളിലെ രക്തക്കുഴലുകള്‍ക്കും വീക്കം ഉണ്ടാക്കുന്നു. (2) മൈക്രോ ആന്‍ജിയോപ്പതി-ഇത് കണ്ണുകളിലെയും വൃക്കകളിലെയും ലോമികകളെയും സകല നാഡീവ്യൂഹങ്ങളെയും രോഗത്തിനടിമപ്പെടുത്തുന്നു.

ഹൃദയപേശികളെ പരിപോഷിപ്പിക്കുന്ന കൊറോണികളുടെ ദ്വാരമടഞ്ഞാല്‍ രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതുമൂലം ഹൃദയപേശികള്‍ക്ക് പ്രാണവായു കിട്ടാതെ വരികയും ഹൃദയപേശികള്‍ നിര്‍ജീവമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതുപോലെ മസ്തിഷ്‌കത്തിനും വൃക്കകള്‍ക്കും കണ്ണിനും രക്ത ക്കുറവുണ്ടാവുകയും തകരാറു സംഭവിക്കുകയും ചെയ്യുന്നു.

ഭക്ഷണക്രമം

ഹൃദ്രോഗ ചികിത്സയില്‍ ഭക്ഷണ ക്രമീകരണത്തിനാണ് പ്രഥമ സ്ഥാനം. വേവിച്ച ഭക്ഷണം പരമാവധി ഒഴിവാക്കണം. ധാന്യാഹാരം ഒരുനേരം. ബാക്കി രണ്ടുനേരത്തില്‍ ഒരുനേരം പഴവര്‍ഗങ്ങളും മറ്റൊരു നേരം വേവിക്കാത്ത പച്ചക്കറി (സാലഡ്)കളും മാത്രം കഴിക്കുക. ചായ, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍, മദ്യപാനം, പുകയില മുതലായവ വേണ്ട. ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും ദുര്‍മേദസ് കുറയ്ക്കണം. നാരുള്ള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. പയര്‍വര്‍ഗങ്ങള്‍, ബീന്‍സ്, കാബേജ്, ആപ്പിള്‍, മുന്തിരി, പപ്പായ, ചക്ക, മാങ്ങ തുടങ്ങിയവയില്‍ ധാരാളം നാരുകളുണ്ട്. റാഗി, ചോളം, തവിടുകളയാത്ത ധാന്യം എന്നിവയിലും നാരുകളുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.