2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഹൃദയാഘാതം: കേരളത്തിലെ രോഗികളുടെ അതിജീവനനിരക്ക് 95 ശതമാനം

സ്വന്തം ലേഖകന്‍

 

കൊച്ചി: ഏറ്റവും കഠിനമായ ഹൃദയാഘാതങ്ങളില്‍ പോലും കേരളത്തിലെ രോഗികളുടെ അതിജീവന നിരക്ക് 95 ശതമാനത്തില്‍ അധികമാണെന്നും ഇത് അമേരിക്കയിലെ രോഗികളുടെ അതിജീവനനിരക്കിന് തുല്യമാണെന്നും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പഠനറിപ്പോര്‍ട്ട്്.

ഹൃദയ പേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ അടഞ്ഞ് രക്തയോട്ടം തടസ്സപ്പെട്ടാണ് മിക്കവാറും നെഞ്ചുവേദനയുടെ അകമ്പടിയോടെ ഹൃദയാഘാതം ഉണ്ടാകുന്നത്. 2005 2007 കാലയളവില്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് പുതിയ പരീക്ഷണവും പഠനവും സംഘടിപ്പിച്ചത്.

ഹൃദയാഘാത ചികിത്സയും പരിചരണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പഠന റിപ്പോര്‍ട്ടാണിതെന്ന്് പ്രിന്‍സിപ്പല്‍ കോഇന്‍വസ്റ്റിഗേറ്ററും തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. പി.പി. മോഹനന്‍ പറഞ്ഞു. പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ ലോക പ്രശസ്ത മെഡിക്കല്‍ പ്രസിദ്ധീകരണമായ ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ജാമ) കഴിഞ്ഞദിവസം പുറത്തിറക്കി.

അക്യൂട്ട് കൊറോണറി സിന്‍ഡ്രോം ക്വാളിറ്റിഇംപ്രൂവ്‌മെന്റ് ഇന്‍ കേരള എന്ന പേരിലാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടാണ് എസിഎസ് ക്വക്ക്് എന്ന പരിചരണ പദ്ധതിയും പഠനവും നടന്നത്. കേരളത്തിലെ 63 ആശുപത്രികളിലെ 21,374 രോഗികളാണ് പുതിയ പഠനത്തില്‍ ഉള്‍പ്പെട്ടത്.

ഓഡിറ്റ് ആന്‍ഡ് ഫീഡ്ബാക്ക് റിപ്പോര്‍ട്ടിംഗ്, ചെക്ക്‌ലിസ്റ്റ,് രോഗികള്‍ക്കുള്ള ബോധവത്കരണ സാമഗ്രികള്‍, എമര്‍ജന്‍സി കെയര്‍ ട്രെയിനിങ്ങുമായി ബന്ധപ്പെടുത്തല്‍ എന്നിവയടങ്ങുന്ന പരിചരണ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്ന ടൂള്‍കിറ്റാണ് ആശുപത്രികള്‍ക്ക് ലഭ്യമാക്കിയത്.

ടൂള്‍കിറ്റ് ഉപയോഗിച്ചുള്ള പരിചരണം വരുത്തുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കി. മുപ്പതു ദിവസത്തിനുള്ളിലെ മരണ നിരക്കില്‍ 5.1%ല്‍ നിന്നും 3.9% ആയി വ്യത്യാസം രേഖപ്പെടുത്തി.

തീവ്രമായ ഹൃദയാഘാതങ്ങള്‍ കൊണ്ടുള്ള സങ്കീര്‍ണതകള്‍ ടൂള്‍കിറ്റ് ഉപയോഗിച്ചതിനു ശേഷം 6.4%ല്‍ നിന്ന് 5.3% ആയി കുറഞ്ഞു. സ്ഥിതി വിവരണശാസ്ത്ര പ്രകാരം വലിയ കുറവല്ല ഇതെങ്കിലും ടൂള്‍കിറ്റ് തൃപ്തികരമായ രീതിയില്‍ രോഗിയുടെ സുരക്ഷയും പരിചരണവും വര്‍ധിപ്പിച്ചതായി കണ്ടെത്തി ഏറ്റവും കൂടുതല്‍ ഹൃദയാഘാതം രേഖപ്പെടുത്തുന്ന സംസ്ഥാനം എന്ന നിലയില്‍ തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം പഠനവും റിപ്പോര്‍ട്ടും സുപ്രധാനമാണ്. ഹൃദ്രോഗികളുടെ പരിചരണത്തിന് 75,000 രോഗികള്‍ ഉള്‍പ്പെട്ട എട്ട് പ്രധാന രജിസ്റ്ററുകള്‍ കേരള ചാപ്റ്റര്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ ചിക്കാഗോ, സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ ന്യൂ ഡല്‍ഹി, എന്നിവയും പഠനത്തില്‍ പങ്കാളികളായി. നാഷണല്‍ ഹാര്‍ട്ട് ലങ്ങ് ആന്റ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് യു.എസ്എ യുടെ പിന്തുണയോടെയാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗ പരിചരണത്തിനായുള്ള ഭാവി പദ്ധതികള്‍ രൂപപ്പെടുകയെന്ന് സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.ഡി. പ്രഭാകരന്‍ പറഞ്ഞു.ഹൃദ്രോരോഗവിദഗ്ദന്മാരായ ഡോ. ശ്യാം, ഡോ. ഗീവര്‍ സക്കറിയ, ഡോ. വേണുഗോപാല്‍, ഡോ. ജാബിര്‍, ഡോ. സോമനാഥന്‍, ഡോ. ശശികുമാര്‍, ഡോ. നടരാജന്‍, ഡോ. സ്റ്റിജി ജോസഫ്, ഡോ. ജോണി ജോസഫ്, ഡോ. റോണി മാത്യു എന്നിവരും റിപ്പോര്‍ട്ട് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.