2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകള്‍

അബിന്‍ വര്‍ഗീസ്, പത്തനാപുരം

സെപ്റ്റംബര്‍ ഒന്‍പതിലെ (208-ാം ലക്കം) ‘ഞായര്‍ പ്രഭാതം’ കവര്‍ സ്റ്റോറി വ്യത്യസ്തമായ വായനാനുഭവമായി. ശരീരം നുറുങ്ങുന്ന വേദനയ്ക്കിടയിലും ചുറ്റുമുള്ളവരിലേക്ക് ഊര്‍ജപ്രവാഹമായി മുഖപുസ്തകത്തിലൂടെ പ്രിയ ജി. വാര്യര്‍ ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പുകള്‍ മുന്‍പേ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അതു പൊതുവായനക്കാര്‍ക്കു വേറിട്ട അവതരണത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു ലേഖകന്‍ ചെയ്തത്.
കാന്‍സര്‍ എന്ന മഹാമാരിയോട് പൊരുതുന്ന സ്ത്രീകളടക്കമുള്ള വേറെയും ഒരുപിടി പേര്‍ നമുക്കു ചുറ്റുമുണ്ട്. നമ്മുടെയൊന്നും സഹതാപം തല്‍ക്കാലം തങ്ങള്‍ക്കാവശ്യമില്ലെന്ന അവരുടെ പറയാതെ പറച്ചില്‍ അഹങ്കാരത്തിന്റേതല്ല എന്നു തന്നെ പറയണം. അതൊരു മഹാദുരന്തത്തെ നേരിടാനുള്ള ആത്മദാര്‍ഢ്യം സ്വയം സ്വായത്തമാക്കുകയും ചുറ്റുമുള്ള നിരാലംബരും ബലഹീനരുമായ ജനങ്ങള്‍ക്കു പകരുകയുമാണ് അവര്‍ ആ ഒരൊറ്റ പ്രവൃത്തിയിലൂടെ ചെയ്യുന്നത്.
എന്നാല്‍, അതിനൊക്കെ പുറത്ത് ഒരു തരത്തിലുമുള്ള പരിഗണനയുടെയും സഹതാപത്തിന്റെയോ പിന്‍ബലം ആവശ്യമില്ലാത്ത വിധം പ്രശംസനാര്‍ഹമായ ലഘുകുറിപ്പുകളുടെ എഴുത്തുകാരിയാണ് പ്രിയ. അകസാരങ്ങളും ആന്തരാര്‍ഥങ്ങളും അതിജീവനങ്ങളും അനുഭവങ്ങളും പ്രിയ കുറിച്ചിട്ട ലഘുകുറിപ്പുകള്‍ എന്തു സുന്ദരമാണ്. അവയൊരു പുസ്തകമായി സമാഹരിക്കപ്പെടട്ടെയെന്ന് ആശിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News