2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹീര ഗ്രൂപ്പ് തട്ടിപ്പ്, പരാതിയുമായി കൂടുതല്‍പേര്‍

 

 

കോഴിക്കോട്: പലിശ രഹിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയ ഹീര ഗ്രൂപ്പിന്റെ ചതിയില്‍ കുരുങ്ങിയവരുടെ അംഗസംഖ്യ കൂടുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം 45ഓളം പേരാണ് പുതുതായി ചെമ്മങ്ങാട് പൊലിസില്‍ പരാതിയുമായെത്തിയത്.
എന്നാല്‍ ഒരു പരാതിക്കാരന്റെ പരാതിയില്‍ മാത്രമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നതാണ് നിക്ഷേപകരുടെ പരാതി. മറ്റു പരാതിക്കാരെയും ഈ കേസില്‍ കക്ഷി ചേര്‍ക്കുകയായിരുന്നു. ഒരാള്‍ മാത്രം പരാതിക്കാരനായതിനാല്‍ കമ്പനി സി.ഇ.ഒ നൗഹീറ ഷെയ്ഖിന് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. 80 ലക്ഷം രൂപ കെട്ടിവച്ചാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയത്.
പൊലിസ് ബെയില്‍ ഒബ്ജക്ഷന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരാതിക്കാരുള്ള കാര്യം പറഞ്ഞെങ്കിലും, പ്രോസിക്യൂഷന്‍ ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ സമയത്ത് പ്രതി മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ജയിലിലായിരുന്നെന്ന വിവരവും കോടതിയുടെ ശ്രദ്ധയില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടുത്തിയില്ല. ഇതുകൊണ്ട് ഇവര്‍ക്ക് കേരളത്തില്‍മാത്രം മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇവര്‍ക്കിപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല.
ജാമ്യവ്യവസ്ഥ പ്രകാരം 15 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവുകയും വേണമെന്ന വ്യവസ്ഥ ഒരു മാസമായിട്ടും നൗഹീറ ഷെയ്ഖ് പാലിച്ചിട്ടില്ല. ഇതെല്ലാം ഇവരെ കേസില്‍ രക്ഷപ്പെടുത്തുന്നതിനുള്ള സൂചനയായാണ് നിക്ഷേപകര്‍ കരുതുന്നത്. മാത്രവുമല്ല, ചില മാധ്യമങ്ങള്‍ നേരത്തെ അവര്‍ യൂട്യൂബിലിട്ട വിഡിയോ എടുത്ത് വീണ്ടും വാര്‍ത്തയാക്കുന്നുണ്ട്. പൊലിസില്‍ പരാതിയുമായി എത്തിയാല്‍ അവര്‍ക്ക് നിക്ഷേപം തിരിച്ചു നല്‍കില്ലെന്ന തരത്തിലായിരുന്നു ആ വിഡിയോ. അതു തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഇതുകേട്ട് ആരും പേടിക്കരുതെന്നും പരാതി നല്‍കിയവര്‍ പറഞ്ഞു. പുതുതായി പരാതിക്കാരായി എത്തിയവരേയും ഉള്‍പ്പെടുത്തി നിക്ഷേപകര്‍ നാളെ കോഴിക്കോട് വ്യാപാര ഭവനില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ പത്തിനാണ് യോഗം ചേരുന്നത്. യോഗത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.