2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഹിറ്റ്‌ലറെ’ താഴെയിറക്കാം

നവാസ് പൂനൂര്‍ 8589984455

 

 

തങ്ങളെ ആരു ഭരിക്കണമെന്നു ജനത്തിനു തന്നെ തീരുമാനിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യത്തിന്റെ ഉന്നതമായ അടയാളപ്പെടുത്തലാണത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷം ആരു രാജ്യം ഭരിക്കണമെന്ന തീരുമാനമെടുക്കലാകും.
ഇത്തവണ അതുപോലും പറഞ്ഞാല്‍ പോരാ. ഇന്ത്യാ രാജ്യം നിലനില്‍ക്കണമോ വേണ്ടയോയെന്നു തീരുമാനിക്കലാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. സ്വതന്ത്രഭാരതത്തില്‍ ഇത്രയും പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പു നടന്നിട്ടില്ല. നിര്‍ഭാഗ്യത്തിന് എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ പിന്നെ ഇന്ത്യയില്ല. ജനാധിപത്യവും മതേതരത്വവുമില്ല.

അഞ്ചുവര്‍ഷത്തെ ഫാസിസ്റ്റ് ഭരണം ഇന്ത്യയെ ഏതാണ്ട് ശിഥിലമാക്കി കഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം 70 വര്‍ഷമായി ഇന്ത്യയെ തകര്‍ക്കാനും വിഭജിക്കാനും പല ശക്തികളും ശ്രമിച്ചുവരികയായിരുന്നു. പ്രത്യേകിച്ചു പാകിസ്താന്‍. ഇന്ത്യയുടെ തകര്‍ച്ച പാകിസ്താന്റെ സ്വപ്നമാണ്. ഏഴു പതിറ്റാണ്ടായി അവരും മറ്റു ശത്രുക്കളും അതിനായി ശ്രമിച്ചു. പക്ഷേ, ഇന്ത്യയുടെ ഏകതയില്‍ ഒരു പോറലേല്‍പ്പിക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
എന്നാല്‍, അവര്‍ക്കു ചെയ്യാന്‍ കഴിയാത്തത് കേവലം അഞ്ചുവര്‍ഷം കൊണ്ടു നരേന്ദ്രമോദി ചെയ്തുകഴിഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് നമ്മുടെ മനസുകള്‍ വിഭജിക്കാനും അവിടെ വിഷം കുത്തി നിറയ്ക്കാനും നരേന്ദ്രമോദിക്കും അമിത് ഷാക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും എന്‍.ഡി.എയ്ക്കും സാധിച്ചു.
മോദിക്കു പറ്റിയ കൂട്ടാണ് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞു, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ 2050 വരെ അധികാരത്തില്‍ നിന്നു ബി.ജെ.പിയെ മാറ്റിനിര്‍ത്താനാകില്ലെന്ന്. മോദി അമിത് ഷാ കൂട്ട് കെട്ട് ഇന്ത്യന്‍ ജനാധിപത്യത്തെ മതേതരത്വത്തെ അറുകൊല ചെയ്യുമെന്നര്‍ത്ഥം. ആ രീതിയില്‍ ആസൂത്രണം ചെയ്താണവര്‍ നീങ്ങുന്നത്.

ഹിറ്റ്‌ലറാണു മോദിയുടെ മാതൃകാപുരുഷന്‍. അതുപോലൊരു ഏകാധിപതിയായി മരണംവരെ വാഴണമെന്നാണ് അദ്ദേഹത്തിന്റെ സ്വപ്നം. ജര്‍മനിയില്‍ 1933ല്‍ ചാന്‍സലറായി അധികാരമേറ്റ ഹിറ്റ്‌ലര്‍ ദിവസങ്ങള്‍ക്കകമാണു ഭരണഘടന മാറ്റിയെഴുതിയത്. തെരഞ്ഞെടുപ്പുകള്‍ അവസാനിപ്പിച്ചത്. ഇങ്ങനെ ഭരണഘടന മാറ്റിയെഴുതാന്‍ വേണ്ട ശക്തി സംഭരിക്കുകയാണു മോദി. ഭൂരിപക്ഷ പ്രീണനത്തിലൂടെ താണ്ഡവം തുടങ്ങിയത് ഇതിനകം നാം കണ്ടതാണ്.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ അടുപ്പിച്ച് നിര്‍ത്തി വ്യത്യസ്തമായ വര്‍ണങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ പൂങ്കാവനമാണ് ഇന്ത്യയെന്നു പ്രഖ്യാപിച്ചു നമ്മുടെ ദേശീയ നേതാക്കള്‍. ഒരു മനസായി സ്‌നേഹ സൗഹൃദത്തോടെ ഭാരതീയരായി ജീവിച്ചുവരുമ്പോഴാണു സംഘ്പരിവാര്‍ വര്‍ഗീയതയുടെ വിത്തെറിയുന്നത്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തമ്മില്‍ അടുക്കേണ്ടവരല്ല, തമ്മിലടിക്കേണ്ടവരാണെന്നു നരേന്ദ്രമോദി പഠിപ്പിക്കുകയാണ്.
ഈ അഞ്ചുവര്‍ഷം നമ്മള്‍ അനുഭവിച്ച പീഡനങ്ങള്‍ എത്രയെത്ര. ബീഫ് കഴിച്ചെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലാഖ് യു.പിയില്‍ കൊല്ലപ്പെട്ടിട്ടു വര്‍ഷം മൂന്നു കഴിഞ്ഞു. രാജ്യം കാക്കുന്ന സൈനികന്റെ പിതാവായിരുന്നു അഖ്‌ലാഖ് എന്ന വയോധികന്‍. അഖ്‌ലാഖിന്റെ വധത്തോടെ തുടങ്ങിയതാണ് ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും. മുസ്‌ലിമായതിന്റെ പേരില്‍ മാത്രം എത്രയെത്ര പേര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, എത്രപേര്‍ കൊല്ലപ്പെട്ടു.

ഇപ്പോഴിതാ അസമില്‍ ഇതേ കാരണം കൊണ്ട് മറ്റൊരു വയോധികന്‍ ക്രൂര മര്‍ദനത്തിനിരയായിരിക്കുന്നു. ഒരു പാവം ഇറച്ചി വ്യാപാരിയാണു ജനക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. ബലംപ്രയോഗിച്ച് അദ്ദേഹത്തെക്കൊണ്ട് പന്നിയിറച്ചി കഴിപ്പിക്കുകയും ചെയ്തു. എന്തു കഴിക്കണം, എന്തു കഴിക്കാതിരിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്ക് അനുവദിച്ചു തരാന്‍ ബി.ജെ.പി തയാറല്ല.

റഫേല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചതിലൂടെ മോദി സര്‍ക്കാരിന് ശക്തമായ പ്രഹരമേറ്റിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടു ഹിന്ദു പ്രസിദ്ധീകരിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന വാദം തള്ളിയാണു സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. റഫേല്‍ ഇടപാട് സംബന്ധിച്ച സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വിധിക്കെതിരേയാണ് പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചിരുന്നത്.
വളരെ പ്രത്യക്ഷമായിത്തന്നെ കോടിക്കണക്കിനു രൂപയുടെ അഴിമതിയുള്ള കേസാണിത്. രാജ്യത്തെ കട്ടുമുടിക്കുകയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. കോടിക്കണക്കിനാളുകള്‍ക്കു കഷ്ടപ്പാടിന്റെ ദിനരാത്രങ്ങള്‍ സമ്മാനിച്ച നോട്ട് നിരോധനം മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും ധനമന്ത്രി പോലും അറിഞ്ഞില്ലെന്നും പിന്നീടു വെളിപ്പെടുത്തപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെപ്പോലും അറിയിച്ചില്ല.

മോദിയും അമിത് ഷായും കൂടി നടത്തിയ ഒരു തിരിമറിയായിരുന്നു നോട്ടുനിരോധനം. അതിലൂടെ 7965 കോടി രൂപ നഷ്ടമായെന്ന് ആര്‍.ബി.ഐ സമ്മതിച്ചതാണ്. ജനങ്ങള്‍ക്കു പ്രയോജനകരമാകുമെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടത് കടുത്ത നരകമായി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കോടിക്കണക്കിനാളുകള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ധൂര്‍ത്തിലൂടെ ജീവിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണെന്നു തെളിഞ്ഞു കഴിഞ്ഞു.

ഓക്‌സിജന്‍ കിട്ടാതെ 200 കുഞ്ഞുങ്ങള്‍ മരിച്ച നാട്ടില്‍ ശിവജി പ്രതിമ നിര്‍മിക്കാന്‍ 3000 കോടിയും പട്ടേല്‍ പ്രതിമയുണ്ടാക്കാന്‍ 3500 കോടിയും ചെലവഴിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടികളായിരുന്നു അതൊക്കെ.

കടക്കെണിയില്‍ കുടുങ്ങി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍, മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സോ മറ്റു വാഹനങ്ങളോ വിളിക്കാന്‍ കഴിവില്ലാത്തതു കൊണ്ടു മാത്രം ഉറ്റവരുടെ മൃതദേഹങ്ങള്‍ തോളിലേറ്റി കൊണ്ടുപോകാന്‍ വിധിക്കപ്പെട്ട നിരവധി പേരുള്ള നാട്ടില്‍ലാണ് 56 ഇഞ്ച് നെഞ്ചളവുള്ള മോദി ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ടിട്ട് ലോകം ചുറ്റിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.