2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഹിജ്‌റ വര്‍ഷാരംഭം ഉയര്‍ത്തുന്ന ചിന്തകള്‍

കെ.ടി ഹംസ മുസ്‌ലിയാര്‍

ഹിജ്‌റ 17ല്‍ രണ്ടാം ഖലീഫ ഉമര്‍ (റ) മുസ്‌ലിം ലോകത്തിന്റെ കലണ്ടര്‍ നിശ്ചയിച്ചു പ്രഖ്യാപിച്ചതാണ് ഹിജ്‌റ വര്‍ഷം.
എ.ഡി 622 ജൂണ്‍ 22 തിങ്കളാഴ്ച മുഹമ്മദ് നബി(സ)യും സിദ്ദീഖ് (റ)യും മക്കയില്‍നിന്ന് മദീനയിലേക്ക് പുറപ്പെട്ട് പന്ത്രണ്ടു ദിവസത്തെ യാത്രക്കു ശേഷം റബീഉല്‍ അവ്വല്‍ 12 ഉച്ചയോടെ മദീനയിലെത്തി. ഈ സംഭവത്തെയാണ് ഹിജ്‌റ എന്നറിയപ്പെടുന്നതും മുസ്‌ലിം ലോകത്തിന്റെ തിയതികള്‍ നിശ്ചയിക്കുന്ന വര്‍ഷമായി കണക്കാക്കിയതും.
മറ്റു പലതിലുമെന്ന പോലെ നമ്മുടേതായ ഈ സാംസ്‌കാരിക ശേഷിപ്പ് ശ്രദ്ധയോടെ പലിപാലിച്ചു വരുന്നതില്‍ നല്ല ജാഗ്രത ഉണ്ടായിക്കാണുന്നില്ല. ചന്ദ്രമാസവുമായി ബന്ധപ്പെട്ട പെരുന്നാളുകള്‍, റമദാന്‍ തുടങ്ങിയ ചില വിഷയങ്ങള്‍ക്കപ്പുറത്ത് ഹിജ്‌റ വര്‍ഷം മുസ്‌ലിം പൊതുജീവിതത്തില്‍ ഇടം പിടിക്കാതെ പോവുന്നത് തിരുത്താവശ്യപ്പെടുന്ന മതപ്രശ്‌നം കൂടിയാണ്.
”പറയുക എന്റെ രക്ഷിതാവേ, സത്യത്തില്‍ പ്രവേശന സ്ഥാനത്ത് എന്നെ നീ പ്രവേശിപ്പിക്കുകയും സത്യത്തെ പുറപ്പെടുവിക്കുന്ന സ്ഥാനത്തുനിന്ന് എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍നിന്ന് എന്നെ സഹായിക്കുന്ന ഒരു ശക്തിയെ തരികയും ചെയ്യേണമേ” വി. ഖുര്‍ആന്‍ 17:80.

”സത്യത്തിന്റെ പ്രവേശന സ്ഥാനം മദീനയാണെന്നും സത്യത്തെ പുറപ്പെടുവിക്കുന്ന സ്ഥാനം മക്കയാണെന്നും” ഖതാദ (റ) പറഞ്ഞിട്ടുണ്ട്. ഹിജ്‌റയുടെ മുന്നറിയിപ്പായി ഈ വചനം വിലയിരുത്തുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ ഇപ്പോഴും നിലച്ചിട്ടില്ല. സത്യദീനിന്റെ പ്രകാശനം കഠിനമായി തടഞ്ഞ മക്കയില്‍നിന്ന് ആശയ പ്രകാശന സാധ്യതയും സഹായികളും ഉള്ള ഒരിടത്തേക്ക് പറിച്ചു നടാന്‍ അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഫലമാണ് ഹിജ്‌റ സംഭവിച്ചത്.
പിറന്ന നാടും വസ്തുവഹകളും ഗൃഹോപകരണങ്ങളും ബന്ധുക്കളും എല്ലാം ഉപേക്ഷിച്ചാണ് വിശ്വാസികള്‍ ഏറെ അകലെയുള്ള മദീനയിലേക്ക് യാത്ര തിരിച്ചത്. മറ്റൊരിടത്തു പോയി ഇസ്‌ലാമിക പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ശാഠ്യത്തില്‍ നബി (സ)യെ വകവരുത്താന്‍ ശത്രുക്കള്‍ പദ്ധതി ഇട്ടിരുന്നു.
അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ വീട്ടില്‍ നിന്നിറങ്ങിയ നബി (സ)യും സിദ്ദീഖും സൗര്‍ മലയിലെ ഗാര്‍ ഗുഹയില്‍ മൂന്നു ദിവസം തങ്ങിയതില്‍ പിന്നെയാണ് യാത്ര തുടര്‍ന്നത്. നല്ല ഉഷ്ണമുള്ള ഓഗസ്റ്റ് മാസം കരിങ്കല്ലില്‍ പ്രകൃത്യാ നിലവിലുള്ള നാലര അടി മാത്രമുള്ള ഗുഹയില്‍ മൂന്നു പകലും രാത്രിയും കഴിച്ചു കൂട്ടിയ മഹാ ത്യാഗം അവര്‍ണനീയമാണ്.
ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: നിങ്ങളുടെ പ്രവാചകന്‍ പ്രസ്താവിച്ചു. തിങ്കളാഴ്ച പ്രവാചകത്വ ലബ്ധി ഉണ്ടായി. തിങ്കളാഴ്ച മക്കയില്‍നിന്ന് പുറപ്പെട്ടു, തിങ്കളാഴ്ച മദീനയിലെത്തിച്ചേര്‍ന്നു. വഫാത്തുണ്ടായി തിങ്കളാഴ്ച.

മദീനയിലേക്കുള്ള പലായനം ത്യാഗത്തിന് അടയാളപ്പെടുത്താവുന്ന ഒന്നാമത് ഉദാഹരണമാണ്. പ്രവാചകരുടെ നിര്‍ദേശ പ്രകാരം പിറന്നനാട് വിട്ട് സഹാബാക്കള്‍ പലായനം ചെയ്തു. നബി (സ)യെ സഹാബാക്കള്‍ ആദരിച്ച പോലെ ചരിത്രത്തിലൊരു മനുഷ്യനും ആദരിക്കപ്പെട്ടിട്ടില്ല.
അബൂബക്കര്‍ സിദ്ദീഖ് (റ)വിന്റെ വീട്ടില്‍നിന്ന് ഇരുവരും പുറപ്പെട്ടപ്പോള്‍ അബൂബക്കര്‍ (റ) മുമ്പിലായിരുന്നു. പിന്നീട് പിറകിലേക്ക് മാറി. ഇത് തുടര്‍ന്നുവന്നപ്പോള്‍ നബി (സ) കാരണം തിരക്കി. സിദ്ദീഖ് (റ)യുടെ മറുപടി ഇപ്രകാരമായിരുന്നു. ഞാന്‍ മുമ്പിലായാല്‍ പിറകില്‍നിന്ന് അങ്ങേക്ക് പ്രയാസങ്ങളുണ്ടാവുമോ എന്ന് ഞാന്‍ ഭയന്നു. അപ്പോള്‍ ഞാന്‍ പിറകിലായി. അപ്പോള്‍ മുമ്പില്‍ നിന്നാരെങ്കിലും പ്രയാസങ്ങളുണ്ടാക്കിയാലോ എന്നായി എന്റെ ഭയം. ഇത്ര വലിയ ആത്മാര്‍ഥമായ സുരക്ഷ ഒരുക്കാന്‍ എത്രയധികം നബി (സ)യെ അബൂബക്കര്‍ സിദ്ദീഖ് (റ)സ്‌നേഹിച്ചിട്ടുണ്ടാവണം.
അബൂജഹലും ഒരു സംഘവും സിദ്ദീഖ് (റ)വിന്റെ വീട്ടിലെത്തി. അവിടെ മകള്‍ അസ്മാഅ് (റ) ഉണ്ടായിരുന്നു. എവിടെ അബൂബക്കര്‍ (റ) എന്നായി അബൂജഹല്‍. അറിയില്ലെന്ന മറുപടി അയാളെ ക്ഷുഭിതനാക്കി. ചെറിയ പെണ്‍കുട്ടിയായ അസ്മാഅ് (റ)വിന്റെ കവിളില്‍ പ്രഹരമേല്‍പ്പിച്ചു. നബി (സ)യെ വധിക്കാനുള്ള നീക്കങ്ങളാണവര്‍ നടത്തിയിരുന്നത്. ശത്രുവിന്റെ പ്രാഥമിക തിരച്ചിലുകള്‍ തീരാന്‍ വേണ്ടിയാണ് മൂന്നു ദിവസം നബി (സ) ഗുഹയില്‍ താമസിച്ചത്.
ലോകത്ത് ഇപ്പോഴും നിരവധി പലായനങ്ങള്‍ സംഭവിക്കുന്നു. അഭയാര്‍ഥികളെ അതിര്‍ത്തികളില്‍ തടയുന്നു. മാതാവ് ഇപ്പുറത്തും മകള്‍ അപ്പുറത്തുമായി കരയുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വൈറലാവുന്നു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അഭയാര്‍ഥികളായതിനാല്‍ പുറത്താക്കാന്‍ ഭരണകൂടം മുന്നിട്ടിറങ്ങുന്നു. പരിഷ്‌കൃത കാലത്തിന്റെ വികൃത മുഖമാണിത്. എന്നാല്‍, മദീനയിലെത്തിയ ഒരു മക്കക്കാരനും കടത്തിണ്ണയില്‍ കിടക്കേണ്ടി വന്നില്ല. ആദരപൂര്‍വം സ്വീകരിക്കപ്പെട്ടു. തൊഴിലില്ലാതെ പട്ടിണിയിലായില്ല. അഭയം തേടിവന്ന അന്യദേശക്കാരനെന്ന അവഗണന അല്‍പ്പം പോലും ഉണ്ടായില്ല. ഉടപ്പിറപ്പുകളായി മദീനക്കാര്‍ മക്കക്കാരെ പരിഗണിച്ചു.
ഇസ്‌ലാമിക സാമ്രാജ്യം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥാപിക്കപ്പെട്ടപ്പോള്‍ മുഹാജിരീങ്ങളായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) യഥാക്രമം ഭരണാധികാരികളായി.
മക്ക ഒന്നാം സ്ഥാനമുള്ള ഹറമായി പ്രഖ്യാപിക്കപ്പെട്ടു. മദീന രണ്ടാം ഹറമും. ഇസ്‌ലാമിക തിയതിയും മതപരമായ വീക്ഷണങ്ങളും വ്യക്തിപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴച്ചല്ല നിര്‍ണയിക്കപ്പെട്ടത്. മദീനയില്‍ നബി (സ) അവിടുത്തെ ത്യാഗങ്ങളെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. തഖ്‌വയെക്കുറിച്ചും ചുമതലകളെക്കുറിച്ചും മാത്രം ഓര്‍മപ്പെടുത്തി.
മദീനാ നിവാസികള്‍ നബി(സ)യെ വരവേല്‍ക്കാന്‍ അതിര്‍ത്തിയില്‍ വരുമായിരുന്നു. അകലെനിന്ന് കാണാന്‍ ഈത്തപ്പന മരത്തില്‍ കയറി നോക്കുമായിരുന്നു. നബി (സ)യുടേയും സിദ്ദീഖിന്റെയും യാത്രാ വാഹനമായ ഒട്ടകത്തെ കണ്ടപ്പോള്‍ എല്ലാം മറന്നവര്‍ സന്തോഷം പങ്കുവച്ച് പാട്ടു പാടി.
നബി (സ)യെയും മുസ്‌ലിംകളേയും ദ്രോഹിച്ചവര്‍ക്ക് യാതൊരു പ്രതികാര നടപടിയും നേരിടേണ്ടി വന്നില്ല. മക്ക അധിനിവേശപ്പെട്ടപ്പോള്‍ നിങ്ങളെല്ലാം സ്വതന്ത്രരാക്കി. ആരോടും പ്രതിക്രിയ ഇല്ലെന്ന് നബി (സ) കഅ്ബത്തിനടുത്തുവച്ച് പ്രഖ്യാപിച്ചു.
ഹിജ്‌റ ഒരു പലായനം മാത്രമല്ല, മാനവസമൂഹത്തിന്റെ ജീവിത ശീലങ്ങള്‍ അടയാളപ്പെടുത്തിയ ചരിത്രവും കൂടിയാണ്. മുസ്‌ലിം പൊതു ബോധത്തില്‍നിന്ന് ഹിജ്‌റ നഷ്ടമാവരുത്. മദ്‌റസ തുടങ്ങുന്നത് ശവ്വാലില്‍. അടയ്ക്കുന്നത് ശഅ്ബാനില്‍. നമ്മുടെ എല്ലാ വ്യവഹാരങ്ങളും ഹിജ്‌റ വര്‍ഷവുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍, പുതിയ സമൂഹത്തിന് ഈ ചരിത്രവും അതിന്റെ പ്രാധാന്യവും പരിഗണിക്കാനാവുന്നില്ല.

രണ്ടാം ഖലീഫ ഉമര്‍ (റ) ഈ സംഭവത്തിന്റെ ഭൗതികവും ആത്മീയവുമായ പരിഗണനവച്ചാണ് മുസ്‌ലിം ലോകത്തിന്റെ കലണ്ടറായി ഹിജ്‌റ നിര്‍ണയിച്ചത്.
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഈ ചിന്തകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുകയാണ്. പുതുവര്‍ഷം നമ്മുടെ ജനത തെറ്റായ രീതിയില്‍ ആഘോഷിക്കുന്നു. ജനുവരി ഒന്ന് ലോകവ്യാപകമായി ചര്‍ച്ചയാവുന്നു. യാതൊരു ചരിത്രപ്രാധാന്യവും ഇല്ലാത്ത ഒരു ദിവസം വഴിവിട്ട വിധം പരിഗണിക്കപ്പെടുന്നു.
ഇസ്‌ലാമിക സമൂഹത്തിന്റെ വേറിട്ട സാംസ്‌കാരിക അടയാളങ്ങള്‍ ചോര്‍ന്നു പോകാതെ താലോലിക്കാന്‍ നമുക്ക് ബാധ്യത ഉണ്ട്. കൂട്ടത്തില്‍ ഹിജ്‌റ ഉയര്‍ത്തിയ മാനവികത, മനുഷ്യാവകാശം, സഹനം, സമര്‍പ്പണം, ത്യാഗം, സേവനം, സഹായം തുടങ്ങിയ നന്മകള്‍ ചര്‍ച്ചയാവണം. അതാണ് ഹിജ്‌റ വര്‍ഷത്തോട് നമുക്ക് ചെയ്യാനാവുന്ന ചരിത്ര നീതി.

( മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News