2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഹാഫിസ് സഈദിനെതിരേ നടപടി ആവശ്യപ്പെട്ട് പാക് എം.പി

ഇസ്്‌ലാമാബാദ്: പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) എം.പി ഹാഫിസ് സഈദിനെതിരേ രംഗത്ത്. ജമാഅത്തു ദ്ദഅ്‌വ നേതാവായ ഹാഫിസ് സഈദിനെ സംരക്ഷിക്കുന്ന നടപടിയാണ് അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതെന്ന് നാഷനല്‍ അസംബ്ലി സ്റ്റാറ്റിങ് കമ്മിറ്റി യോഗത്തില്‍ എം.പിമാര്‍ പറഞ്ഞു. ബി.ബി.ബി ഉറുദുവിനെ ഉദ്ധരിച്ച് പാക് പത്രമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പി.എം.എല്‍ (എന്‍) എം.പിയായ റാണാ മുഹമ്മദ് അഫ്്‌സല്‍ ആണ് ഹാഫിസ് സഈദിനെതിരേ രംഗത്തുവന്നത്.
ഹാഫിസ് സഈദിനെ സംരക്ഷിക്കുന്ന നയം പാകിസ്താനിന്റെ വിദേശനയത്തിന്റെ പോരായ്മയാണെന്ന് അദ്ദേഹം യോഗത്തില്‍ കുറ്റപ്പെടുത്തി. ആഗോളതലത്തില്‍ ഇന്ത്യ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഉപയോഗിക്കുന്ന പ്രധാന ആയുധവും ഹാഫിസ് സഈദ് ആണെന്നും അദ്ദേഹം പറഞ്ഞു. കശ്മിര്‍ പ്രശ്‌നം ആഗോളതലത്തില്‍ ഉന്നയിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നിയോഗിച്ച എം.പിമാരുടെ സംഘത്തില്‍പ്പെട്ടയാളാണ് റാണ. ഈ ദൗത്യവുമായി ഫ്രാന്‍സിലേക്കുള്ള യാത്ര പുറപ്പെടാനിരിക്കെയാണ് ഹാഫിസ് സഈദ് വിഷയത്തില്‍ റാണ ഭിന്നനിലപാടെടുത്തത്.
തന്റെ 25 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഹാഫിസ് സഈദിനെ കുറിച്ചു കേള്‍ക്കുന്നു. അയാള്‍ അന്താരാഷ്ട്രതലത്തില്‍ കുപ്രസിദ്ധനായ കഥാപാത്രമാണ്. കശ്മിര്‍ വിഷയത്തില്‍ സഈദ് നല്ലയാളോ ചീത്തയാളോ എന്ന് പറയുന്നില്ല. എന്നാല്‍ സഈദിനെ സംരക്ഷിക്കുന്നത് ശരിയല്ലെന്നും റാണ പറഞ്ഞു. എന്നാല്‍ കശ്മിര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിനെ അനുകൂലിക്കുന്നതായി അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എന്നാല്‍ യോഗത്തില്‍ ഹാഫിസ് സഈദിനെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്ന് അഫ്‌സല്‍ റാണ ഇ മെയില്‍ വഴി തങ്ങളോട് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാഫിസ് സഈദിനെ ഉപയോഗിച്ച് ഇന്ത്യ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്നാണ് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.