2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഹാന്‍ഡ്‌ബോളില്‍നിന്ന് ഫുട്‌ബോളിലേക്ക്; സേവന സംഘത്തെ നയിച്ച് ഐഷ

യു.എച്ച് സിദ്ദീഖ്

കൊച്ചി: ഐഷ നസിയ നാസിര്‍ മായിന്‍. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിലെ സീനിയര്‍ എന്‍ജിനീയര്‍. ഐഷക്ക് എന്താണ് കാല്‍പന്തുകളിയുടെ കൗമാര വിശ്വപോരില്‍ കാര്യമെന്നല്ലേ. ഈ കോഴിക്കോട്ടുകാരിയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയിലെ വളന്റിയേഴ്‌സ് സംഘത്തെ നയിക്കുന്നത്. ടീമുകളെയും റഫറിമാരെയും സുരക്ഷാ വിഭാഗത്തെയും മാധ്യമങ്ങളെയും കാണികളെയും സഹായിക്കാന്‍ കൊച്ചി സ്റ്റേഡിയത്തിലെ ഓരോ വഴികളിലും ഐഷ നസിയയുടെ നേതൃത്വത്തില്‍ സേവന സംഘമുണ്ടാകും.

കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഐഷ നസിയ ഹാന്‍ഡ്‌ബോള്‍ താരമായിരുന്നു. ചെന്നൈയിലായിരുന്നു ഐഷയുടെ സ്‌കൂള്‍ പഠനം. അവിടെ ജില്ലാ തലത്തില്‍ ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത ഐഷ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടി. അപ്രതീക്ഷിതമായി എത്തിയ അപകടം ഹാന്‍ഡ്‌ബോളിന് വിലങ്ങിട്ടു.

ആ നിരാശക്കിടെയാണ് ഫുട്‌ബോളിനെ പ്രണയിച്ചു തുടങ്ങിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് രംഗത്ത് ഗവേഷണവും പരീക്ഷണവുമായി തിളങ്ങി നില്‍ക്കുമ്പോഴും കാല്‍പന്തുകളി മൈതാനത്തെ ആരവത്തെ ഐഷക്ക് മാറ്റിനിര്‍ത്താനായില്ല. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ഫുട്‌ബോള്‍ പ്രചാരം വര്‍ധിപ്പിക്കാന്‍ നടപ്പാക്കിയ മിഷന്‍ ഇലവന്‍ മില്യണ്‍ പദ്ധതിയുടെ സംസ്ഥാന കോര്‍ഡിനേറ്ററായി ഐഷ കേരളം മുഴുവന്‍ സഞ്ചരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ ചുമതല കൂടി ഐഷയെ തേടിയെത്തി. കൊച്ചിയില്‍ ഫിഫയുടെ വളന്റിയേഴ്‌സിന്റെ ചുമതലയുള്ള ഓഫിസര്‍ ആയി നിയമനം. ഇന്ത്യയിലെ മറ്റ് ലേകകപ്പ് ഫുട്‌ബോളിന്റെ അഞ്ച് വേദികളിലും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഐഷയുടെ നേതൃത്വത്തില്‍ 231 വളന്റിയേഴ്‌സും 40 ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം കൊച്ചിയില്‍ എത്തിയത്.

കാല്‍പന്തുകളി ആസ്വാദനത്തിന് ഒപ്പം സാമൂഹിക സേവന രംഗത്ത് സജീവമാണ് ഐഷ. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. സ്ത്രീകളുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂള്‍, കോളജുകളില്‍ നടക്കുന്ന ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് ഐഷ. കോഴിക്കോട് കൊറ്റമല്‍ നാസിര്‍ മായിന്‍ – അത്തിയ ദമ്പതികളുടെ മകളാണ് ഐഷ. ജര്‍മനിയില്‍ ഫിഫയുടെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സില്‍ പ്രവേശനം നേടാനുള്ള പരിശ്രമത്തിലാണ്.

കേരളം ആതിഥ്യമരുളിയ 35ാമത് ദേശീയ ഗെയിംസില്‍ ആയിരത്തോളം വരുന്ന വളന്റിയേഴ്‌സിന്റെ ടീം ലീഡര്‍ ഫെസിലിറ്റേറ്റര്‍ ആയി ഐഷ നസിയ പ്രവര്‍ത്തിച്ചു. ഈ വര്‍ഷം ആദ്യം സൂറിച്ചില്‍ നടന്ന കായിക രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഫിഫ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഐ.എസ്.എല്ലിന്റെ പ്രഥമ പതിപ്പില്‍ വളന്റിയറായും ഐഷ ഫുട്‌ബോള്‍ മത്സര വേദിയില്‍ എത്തിയിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.