2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഹാന്റെക്‌സ് ഉല്‍പന്നങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ അവസരം

തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, എല്‍.ഐ.സി ജീവനക്കാര്‍ക്ക് ഹാന്റെക്‌സ് ഉല്‍പന്നങ്ങള്‍ തവണവ്യവസ്ഥയില്‍ വാങ്ങാവുന്ന പലിശരഹിത പദ്ധതിയായ ഇക്രെഡിറ്റ് പദ്ധതി എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് ഈ ഓണക്കാലം മുതല്‍ നടപ്പിലാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍.

ഹാന്റെക്‌സ് ഓണം റിബേറ്റ് വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി മുഖേന പതിനായിരം രൂപ വിലയുള്ള ഉല്‍പന്നങ്ങള്‍ വരെ ഒരുതവണ വാങ്ങാം. അഞ്ച് തുല്യ മാസതവണകളായി തിരിച്ചടച്ചാല്‍ മതി. പലിശയില്ലെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, അടവുതീര്‍ന്ന തുകയുടെ അത്രയും തുകയ്ക്ക് വീണ്ടും ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം.

സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടെയും അഭിരുചിക്കിണങ്ങുന്ന തരത്തിലുള്ള കൈത്തറി വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഹാന്റെക്‌സ് തയ്യാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് ഹാന്റെക്‌സ് ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് അനുവദിക്കും. ഓഗസ്റ്റ് 24 വരെ സംസ്ഥാനത്തെ 92 ഹാന്റെക്‌സ് ഷോറൂമുകളിലും ഈ ആനുകൂല്യം ലഭ്യമാകും.

കേരളീയ ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണിയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓണം മേളയുമായി ഹാന്റെക്‌സ് മുന്നോട്ടുപോകുന്നത്.

റെഡിമെയ്ഡ് ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളടക്കം വൈവിധ്യമേറിയ ഉല്‍പന്നങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകവഴി കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മേഖലയെ കൂടുതല്‍ ജനകീയമാക്കാന്‍ കൈത്തറി സംഘങ്ങള്‍ പുതിയ ഉല്‍പാദനവിപണന തന്ത്രങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കൈത്തറിത്തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും മന്ത്രി അറിയിച്ചു. ഇക്രെഡിറ്റ് പദ്ധതി ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മിക്കു നല്‍കി വി.എസ്. ശിവകുമാര്‍ എം.എല്‍.എയും ആദ്യവില്‍പന ഹാന്റെക്‌സ് ഡയറക്ടര്‍ ബോര്‍ഡംഗം ജയകുമാരിക്ക് നല്‍കി മന്ത്രിയും നിര്‍വഹിച്ചു.

കൈത്തറി ടെക്‌സ്‌റ്റൈല്‍ ഡയറക്ടര്‍ കെ. സുധീര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമേശ് ചന്ദ്രന്‍, ഹാന്റെക്‌സ് പ്രസിഡന്റ് പെരിങ്ങമല വിജയന്‍, മാനേജിങ് ഡയറക്ടര്‍ കെ.എസ്.അനില്‍കുമാര്‍, എച്ച്.ഡി.എഫ്.സി ബാങ്ക് ബ്രാഞ്ച് മാനേജര്‍ അരുണ്‍ രവി തുടങ്ങിയവര്‍ സംബന്ധിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.