2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹാദിയയെ കാണാനെത്തിയ വനിതാകമ്മിഷന്‍ അധ്യക്ഷയ്ക്ക് പിതാവിന്റെ വിലക്ക്

കോട്ടയം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയെ കാണാന്‍ സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നേരിട്ടെത്തിയെങ്കിലും പിതാവ് അനുവദിച്ചില്ല. മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ് പിതാവ് അശോകന്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാകാര്യങ്ങളുടെ വിശദാംശങ്ങള്‍ മനസിലാക്കാനുമാണ് വീട്ടിലെത്തിയതെന്നും വിമാനയാത്രാ ചെലവ് കമ്മിഷന്‍ വഹിക്കാന്‍ തയാറാണെന്നും എം.സി ജോസഫൈന്‍ അറിയിച്ചു. അതേസമയം യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷന്റെ യാത്രാച്ചെലവ് ആവശ്യമില്ലെന്നുമായിരുന്നു പിതാവിന്റെ നിലപാട്. കമ്മിഷന്‍ അംഗം അഡ്വ. എം.എസ് താരയോടൊപ്പമാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ചെയര്‍പേഴ്‌സണ്‍ വൈക്കത്തെ വീട്ടിലെത്തിയത്.
തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ സംസ്ഥാന വനിതാകമ്മിഷന്‍ സുപ്രിംകോടതിയില്‍ കക്ഷിചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷയെ മാത്രമേ മകളെ കാണാന്‍ അനുവദിച്ചിട്ടുള്ളൂവെന്നും അശോകന്‍ പറഞ്ഞു.
യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തില്‍ ശരിയായ നിലപാട് തന്നെയാണ് കമ്മിഷന്‍ സ്വീകരിച്ചതെന്നും ജോസഫൈന്‍ പ്രതികരിച്ചു. ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും അവര്‍ ചോദിച്ചു.
പിതാവിന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാന്‍ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം വഴി മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെന്നും കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവതിക്ക് സംരക്ഷണം നല്‍കുന്ന വനിതാ പൊലിസുകാരില്‍നിന്ന് ജോസഫൈന്‍ വിശദാംശങ്ങള്‍ ആരാഞ്ഞു. ഡല്‍ഹി യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലിസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ലാ പൊലിസ് മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാകമ്മിഷന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ് സംഘത്തെ അനുഗമിച്ചു.
സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത വിധം വീടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയ നേരിടുന്നതെന്ന് ബോധ്യമായതായി ജോസഫൈന്‍ അറിയിച്ചു.
സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതാണ്. കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ ബോധിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.