2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹാദിയയുടെ നിലവിളി വനിതാ സംഘടനകള്‍ കേള്‍ക്കുന്നുണ്ടോ

 

ഹാദിയയെ അവരുടെ ഭര്‍ത്താവ് സിറിയയിലെ യുദ്ധ ഭൂമിയിലേക്ക് കടത്തുമെന്ന വാദത്തെ അംഗീകരിച്ച് അവരുടെ സുഗമമായ ഭാവിക്കായുള്ള മൗനമാണ് വനിതാ സംഘടനകള്‍ തുടരുന്നത്. മതപരിവര്‍ത്തനം നടത്തുന്നവരെയൊക്കെ സിറിയയിലേക്ക് പറഞ്ഞയക്കുമെന്ന് ആശങ്കയറിയിച്ച് പരാതി നല്‍കിയാല്‍ ഹാദിയക്ക് സമാന അനുഭവം മറ്റുള്ളവര്‍ക്കും കോടതി നല്‍കുമോ എന്ന സിംപിള്‍ ലോജിക്ക് മാത്രം മതി ഈ കേസിലെ അനീതി മനസിലാക്കാന്‍. കേരളത്തില്‍ നിന്ന് നാലുപേര്‍ മാത്രമാണ് സിറിയയിലേക്ക് പോയതിന് തെളിവുകളുണ്ടെന്ന് പറയുന്നത്. ഈ ഉദാഹരണം മുന്‍ നിര്‍ത്തിയാണോ ഹാദിയയുടെ വീട്ടുതടങ്കല്‍.

അര്‍ശദ് തിരുവള്ളൂര്‍ arshuank@gmail.com

 

 

സ്ത്രീ വിഷയങ്ങളില്‍ പ്രസ്താവനയിലൂടെയും വീശദീകരണം തേടലുകളിലും മുന്നില്‍ നില്‍ക്കുന്നവരാണ് മഹിളാ സംഘടനകള്‍. നഗര ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കായി നിരവധി സംഘടനകള്‍ കേരളത്തിലുണ്ട്. പക്ഷെ ഇവരുടെയൊക്കെ ഇടപെടലുകള്‍ ഭൂരിപക്ഷ പിന്തുണയുള്ളവയില്‍ മാത്രം ഒതുങ്ങുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. സ്ത്രീ സ്വാതന്ത്രത്തിനും സമത്വ വാദത്തിനുമായി ശബ്ദിക്കുന്നവര്‍ ഹാദിയ എന്ന പെണ്‍കുട്ടിയെ കണ്ട ഭാവമില്ലാത്തത് ഇത്തരം സംഘടനകളുടെ വിഷയ കേന്ദ്രീകരണത്തിന് ഒടുവിലത്തെ ഉദാഹരണമാണ്.
24 വയസുള്ള മികച്ച വിദ്യാഭ്യാസവും തിരിച്ചറിവും കാര്യ പ്രാപ്തിയുമുള്ള ഒരു പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ടായിട്ടും ആര്‍ക്കു വേണ്ടിയാണ് ഹാദിയയെ തടങ്കലിലിടുന്നതെന്ന് ഒരു മഹിളാ സംഘടനകളും ചോദിച്ചില്ല. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാട്രിയാക്കല്‍ സ്വഭാവം കുടുംബത്തില്‍ നിന്നും ഉത്തരവാദിത്തമുള്ളവരില്‍ നിന്നും ഹാദിയ അനുഭവിക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്രത്തിനും സമത്വത്തിനുമായി ശബ്ദിക്കുന്നവര്‍ ഏത് മാളത്തിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വീടിനു പുറത്തുള്ള വെളിച്ചം കാണാതെ കൂട്ടുകാരെ കാണാതെ അവരോട് സംസാരിക്കാന്‍ പറ്റാതെ ഇത്രെയും ദിവസം ഒരു പെണ്‍കുട്ടി എങ്ങനെ ജീവിക്കുന്നുവെന്ന് ആരു ചിന്തിക്കുന്നില്ല. ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് വിശ്വസിക്കാനും താല്‍പര്യമുള്ളവന്റെ കൂടെ ജീവിക്കാനുമുള്ള അവകാശം ഹാദിയക്കുമില്ലേ. അതല്ല മതിപരിവര്‍ത്തനം ചെയ്തു എന്നുള്ള കുറ്റത്തിന്റെ കാരണത്താലാണ് വനിതാ സംഘടനകള്‍ ഇടപെടാത്തതെന്ന സംശയത്തിന് ബലമുണ്ട്. മതത്തിന്റെ വേലിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ് വരുന്നവര്‍ക്ക് പിന്തുണയും സഹായം ചെയ്യുന്നവരുടെ വണ്‍ സൈഡ് നിലപാട് എത്ര ബാലിശമാണ്.
ഹാദിയയുടെ സംരക്ഷണത്തിന് ഇന്ന് കുടുംബം മത്രമല്ല നിലവിലുള്ളത്. ആര്‍.എസ്.എസ്സിന്റെയും മറ്റു തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെയും 24 മണിക്കൂര്‍ നിരീക്ഷണത്തിലാണവര്‍. മാധ്യമങ്ങള്‍ക്ക് പോലും അവിടങ്ങളിലേക്ക് പ്രവേശനമില്ല. ഹാദിയയുമായി സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ച വാര്‍ത്ത നമ്മള്‍ കണ്ടതാണ്. ഇതിനൊക്കെ പുറമെ പൊലിസിന്റെ സംരക്ഷണവും. മൂന്നര കോടിയോളം വരുന്ന കേരളീയര്‍ക്കിടയില്‍ ഇത്രയും അസ്വതന്ത്രമായി പരസ്യമായി ജീവിക്കേണ്ടി വരുന്ന ഏക മലയാളി ഹാദിയയായിരിക്കും.
അന്യരെ ഹാദിയയുടെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാറുണ്ടെന്ന് പറയുമ്പോഴും ഈ പെണ്‍കുട്ടിയുടെ മനംമാറ്റത്തിനുള്ള ഭഗീരത യത്‌നം നടക്കുന്നുണ്ടെന്നത് ദിവസങ്ങള്‍ക്ക് മുമ്പ് പരസ്യമായതാണ്. രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ പ്രചാരകന്‍ മൂന്ന് തവണയാണ് മനംമാറ്റത്തിനായി ഹാദിയയുടെ വീടു സന്ദര്‍ശിച്ചതെന്ന് അവരുടെ പിതാവ് അശോകന്‍ പൊലിസില്‍ കഴിഞ്ഞ ദിവസമാണ് മൊഴി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാഹുലിന്റെ വരവിന്റെ ചിത്രസഹിതം പ്രചരിപ്പിച്ചപ്പോള്‍ മാത്രമാണ് സന്ദര്‍ശന വിവരം പിതാവ് പുറത്ത് പറഞ്ഞത്. ഇങ്ങനെ എത്ര രാഹുലുമാര്‍ ഉപദേശിച്ച് മാറ്റാനായി ഹാദിയയെ സന്ദര്‍ശിച്ചിട്ടുണ്ടാവും. സ്വന്തം ഭാവി തീരുമാനിക്കേണ്ടത് ഓരോ വിദ്യാര്‍ഥികളുമാണ്. അവരുടെ മാതാപിതാക്കളോ മറ്റുള്ളവരോ അല്ലെന്ന പാഠപദ്ധതികളും കൗണ്‍സലിങ്ങും നടക്കുന്ന സാക്ഷര കേരളത്തിലാണ് സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചിട്ടും ഉപദേശിച്ചു കൊണ്ടേയിരിക്കുന്നത്. ഈ മൗനം സാക്ഷര കേരളത്തിന്റെ പക്ഷപാതം നിറഞ്ഞത് മാത്രമാണെന്നത് എത്രവാസ്തവമാണ്.
ഹാദിയയെ അവരുടെ ഭര്‍ത്താവ് സിറിയയിലെ യുദ്ധ ഭൂമിയിലേക്ക് കടത്തുമെന്ന വാദത്തെ അംഗീകരിച്ച് അവരുടെ സുഗമമായ ഭാവിക്കായുള്ള മൗനമാണ് വനിതാ സംഘടനകള്‍ തുടരുന്നത്. മതപരിവര്‍ത്തനം നടത്തുന്നവരെയൊക്കെ സിറിയയിലേക്ക് പറഞ്ഞയക്കുമെന്ന് ആശങ്കയറിയിച്ച് പരാതി നല്‍കിയാല്‍ ഹാദിയക്ക് സമാന അനുഭവം മറ്റുള്ളവര്‍ക്കും കോടതി നല്‍കുമോ എന്ന സിംപിള്‍ ലോജിക്ക് മാത്രം മതി ഈ കേസിലെ അനീതി മനസിലാക്കാന്‍. കേരളത്തില്‍ നിന്ന് നാലുപേര്‍ മാത്രമാണ് സിറിയയിലേക്ക് പോയതിന് തെളിവുകളുണ്ടെന്ന് പറയുന്നത്. ഈ ഉദാഹരണം മുന്‍ നിര്‍ത്തിയാണോ ഹാദിയയുടെ വീട്ടുതടങ്കല്‍.
ലൗ ജിഹാദെന്ന വ്യാഖ്യാനവും ഈ വിവാഹത്തിന് പിന്നില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കോടതി ഒരു ഘട്ടത്തില്‍പോലും ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ല. കോടതിയുടെ പുറത്ത് മാധ്യമങ്ങളുടെ വ്യാപകമായ പ്രചാരണവും ഇതിന് ചുക്കാന്‍ പിടിക്കുന്ന സംഘടനകളും ഉണ്ടെന്നതാണ് ഇത്തരം ഗൂഢാലോചനകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ ഇല്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ ഹാദിയയുടെകേസിനെ വിളിക്കുന്നതും പ്രചരിപ്പിക്കുന്നതും ലൗ ജിഹാദെന്നാണ്. അന്തിച്ചര്‍ച്ചകളിലെ വിഷയവും കേരളത്തിലെ ലൗജിഹാദ് പടരുന്നതിലെ ഭീതികളാണ്. ആസൂത്രിതമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തുമ്പോഴും പ്രസ്താവനകളിലൂടെയെങ്കിലും ഹാദിയയുടെ സ്വതന്ത്ര വായുശ്വസിക്കാനുള്ള അവകാശത്തിനായി സംഘടനകള്‍ രംഗത്തുവരുന്നല്ലെന്നത് തികച്ചും ദുഖകരമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.