2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഹാജിമാര്‍ കൃത്യസമയത്തു തിരിച്ചുപോയില്ലെങ്കില്‍ കടുത്ത ശിക്ഷയെന്ന് ജവാസാത്ത് വിഭാഗം

നിസാര്‍ കലയത്ത്

ജിദ്ദ: അന്യദേശങ്ങളില്‍നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ കൃത്യസമയത്തുതന്നെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചുപോവണമെന്നു ജവാസാത്ത് വിഭാഗം ആവശ്യപ്പെട്ടു.

അല്ലാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഹജ്ജ് വിസ കാലാവധി കഴിഞ്ഞശേഷവും സഊദിയില്‍ തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴയും ആറുമാസം തടവും വരെ ശിക്ഷ ലഭിക്കും.

ഇതിനു പുറമെ രാജ്യത്തേക്കു കയറ്റിവിടുമെന്നും മന്ത്രാലയം അറിയിച്ചു. സമാധാനത്തോടെയും ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ മടക്കയാത്രയും നിയമപ്രകാരമായിരിക്കണം. ഒരുകാരണവശാലും യാത്ര നിശ്ചിത സമയം വൈകാന്‍പാടില്ല.

രാജ്യത്തെ തൊഴില്‍-താമസ നിയമലംഘനം കടുത്ത ശിക്ഷ വിളിച്ചുവരുത്തും. ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞ് ഹാജിമാര്‍ രാജ്യത്ത് തങ്ങുന്നത് നിയമ വിരുദ്ധമാണ്. ഹജ്ജ് വിസയിലത്തെിയവര്‍ രാജ്യത്ത് തൊഴിലെടുക്കുന്നതോ മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങള്‍ക്ക് പുറത്തു സഞ്ചരിക്കുന്നതോ അനുവദനീയമല്ല.

ഹജ്ജ് തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുന്നതു മുതല്‍ രാജ്യത്തെ നിയമത്തെക്കുറിച്ചും ഹജ്ജ് വിസ കാലാവധി കഴിഞ്ഞാല്‍ നിര്‍ബന്ധമായും തിരിച്ചുപോവേണ്ടതിനെക്കുറിച്ചുമൊക്കെ ജവാസാത്ത് വിഭാഗം ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്.

ഇതിനു പുറമെ ഹജ്ജ് കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്ക് തൊഴില്‍ നല്‍കുകയോ അഭയം നല്‍കുകയോ വാഹന സൗകര്യം നല്‍കുകയോ ചെയ്യരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

ഇത്തരക്കാര്‍ക്ക് സഊദിയില്‍ തങ്ങാനുള്ള യാതൊരു സഹായവും നല്‍കാന്‍ പാടില്ല. ഇക്കാര്യത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറുമാസം തടവും വിദേശിയാണെങ്കില്‍ നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളും ലഭിക്കും.

ഏതെങ്കിലും ഹജ്ജ് തീര്‍ഥാടകര്‍ കൃത്യസമയത്ത് തിരിച്ചുപോവാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജവാസാത്ത് വിഭാഗത്തിന് കൈമാറണമെന്ന് ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ ഒരു ലക്ഷം റിയാല്‍വരെ പിഴ നല്‍കേണ്ടിവരുമെന്നും ജവാസാത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.