2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ഹാജിമാര്‍ക്ക് കുളിരേകുന്ന കുട ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യും

കഴിഞ്ഞ വര്‍ഷമാണ് സഊദി യുവ എന്‍ജിനീയര്‍ കുട നിര്‍മിച്ചത്

 

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: കടുത്ത ചൂടില്‍ ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് ആശ്വാസമേകുന്ന ശീതീകരണ കുട വിതരണം ചെയ്യാന്‍ സഊദി ആരോഗ്യ മന്ത്രാലയം പദ്ധതികളാവിഷ്‌കരിച്ചു.

ഉദാരമതികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശീതീകരണ സൗകര്യമുള്ള കുട തീര്‍ഥാടകര്‍ക്ക് ഏറെ ഉപകാര പ്രദമാകുന്നതാണ്. സൗരോര്‍ജമുപയോഗിച്ചോ വൈദ്യുതി ബാറ്ററികള്‍ ഉപയോഗിച്ചോ പ്രവര്‍ത്തിപ്പിക്കുന്ന കുടകള്‍ ഹാജിമാര്‍ക്ക് ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ നിന്നും ഉഷ്ണ രോഗങ്ങളില്‍ നിന്നും രക്ഷയേകും.

മക്ക അംബ്രല്ല കമ്പനിയുമായി സഹകരിച്ചാണ് ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യുക. ഈ കുടകളുടെ പേറ്റന്റ് മക്ക അംബ്രല്ല കമ്പനി നേടിയിട്ടുണ്ട്. സാമൂഹിക പങ്കാളിത്ത സംസ്‌കാരം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണിതെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. വാഇല്‍ മുതൈര്‍ പറഞ്ഞു.

0125476370 എന്ന നമ്പറോ മക്ക ആരോഗ്യ വകുപ്പിന്റെ ഇമെയിലിലോ വഴി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സാമൂഹിക പങ്കാളിത്ത പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സന്നദ്ധ പദ്ധതിയിലേക്ക് ആര്‍ക്കും സംഭാവനകള്‍ നല്‍കാവുന്നതാണെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് സാമൂഹിക പങ്കാളിത്ത പ്രോഗ്രാം സൂപ്പര്‍വൈസര്‍ മഹാസിന്‍ ഹസന്‍ ശുഅയ്ബ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സഊദി എന്‍ജിനീയര്‍ മുഹമ്മദ് ഈ ആശയവുമായി രംഗത്തെത്തിയിരുന്നു. 610 ഗ്രാം മാത്രം ഭാരമുള്ള കുടയില്‍ സൗരോര്‍ജമോ ബാറ്ററിയോ ഉപയോഗിച്ച് ഫാന്‍ ഘടിപ്പിച്ചാണ് ശീതീകരണം നടത്തുന്നത്. ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നതോടൊപ്പം കുടയുടെ കാലില്‍ ഘടിപ്പിച്ചിട്ടുള്ള ചെറിയ വെള്ള സംഭരണിയില്‍ നിന്നോ കുപ്പിയിലെ വെള്ളത്തില്‍ നിന്നോ പൈപ്പ് വഴി വെള്ളവും സ്‌പ്രേ ചെയ്യുന്നതാണു കുടയുടെ പ്രവര്‍ത്തനം.

ആവശ്യത്തിനനുസരിച്ചു ഫാനിന്റെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്ന സംവിധാനവുമുണ്ട് കുടയില്‍. ഒരു പ്രാവശ്യം പ്രവര്‍ത്തനം ആരംഭിച്ചാല്‍ എട്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് ഇതു രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍ മുഹമ്മദ് സായീഗ് മുതവ്വന്‍ കഴിഞ്ഞ വര്‍ഷം കുട പുറത്തിറക്കി പ്രദര്‍ശിപ്പിച്ച വേളയില്‍ വ്യക്തമാക്കിയിരുന്നു.

ചൂട് താങ്ങാനുള്ള ശാരീരീക ശേഷിയില്ലാത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കും വര്‍ഷം തോറും വര്‍ധിച്ചുവരുന്ന താപനിലയില്‍ ഹജ്ജുമായി ബന്ധപ്പെട്ട പുറം ജോലി ചെയ്യുന്നവര്‍ക്കും ഏറെ ഉപകാര പ്രദമാകുന്നതാണ് പുതിയ കുട.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.