2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഹാജിമാര്‍ക്കുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഇന്ത്യന്‍ ഹാജിമാര്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ പുറത്തിറക്കി. വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കില്‍ ഉയര്‍ത്തിയ വര്‍ദ്ധന വടക്കുള്ള തുക ജൂലൈ 10നുള്ളില്‍ അടച്ചാല്‍ മാത്രമേ വിമാന കണ്‍ഫര്‍മേഷന്‍ ലഭിക്കുകയുള്ളൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഏപ്രിലില്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് പുതുക്കി നിശ്ചയിച്ചത്.

ബസ് ചാര്‍ജും ട്രെയിന്‍ സര്‍വീസ് ചാര്‍ജുമടക്കം ഏഴോളം സര്‍വീസുകളുടെ നിരക്കുകളിലാണ് വര്‍ദ്ധനവ്. ബസ് യാത്രാ ചിലവ് 43.68 റിയാല്‍ വര്‍ദ്ധിപ്പിച്ചു. ഇതോടെ നേരത്തെയുണ്ടായിരുന്ന 347.50 റിയാലില്‍ നിന്ന് 391.18 റിയാലായി വര്‍ദ്ധിച്ചു. മശാഇര്‍ ട്രയിന്‍ ടിക്കറ്റ് നിരക്കില്‍ 150 റിയാലിന്റെ വര്‍ദ്ധനവാണ് വരുത്തിയത്. ഇതോടെ 250 റിയാലില്‍ നിന്നും 400 റിയാലായി ഉയര്‍ന്നു. ഈ വര്‍ഷം മുതല്‍ മിനയില്‍ സജ്ജീകരിക്കുന്ന ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ക്ക് 5 ശതമാനം വാറ്റ് ഉള്‍പ്പെടെ 147 റിയാല്‍ നല്‍കണം. ബലിയറുക്കുന്നതിന് ഐ ഡിബി ബാങ്കില്‍ നല്‍കുന്ന കൂപ്പണ്‍ വില 450 റിയാലില്‍ നിന്നും 475 റിയാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, എയര്‍ ഇന്ത്യയുടെ എയര്‍ പോര്‍ട്ട് ടാക്‌സ് നിരക്കിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. അതേ സമയം താമസ കേന്ദ്രങ്ങള്‍ക്കുള്ള തുകയില്‍ 50 റിയാലിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

അതേ സമയം, സഊദി റിയാല്‍ ഇന്ത്യന്‍ രൂപയക്കാളും നിലവില്‍ ഉയര്‍ന്ന നിലയിലായതിനാല്‍ വന്‍ ഏറ്റമായിരിക്കും ഇന്ത്യന്‍ രൂപയില്‍ നല്‍കേണ്ടി വരിക. നിലവില്‍ ഒരു റിയാലിന് 18 രൂപയോളമാണ് വിനിമയ നിരക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.