2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഹലോ, അങ്കണവാടി ടീച്ചറാണ്; ജില്ലയിലെ എല്ലാ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍

 

 

ഫസല്‍ മറ്റത്തൂര്‍

മലപ്പുറം: റെക്കോര്‍ഡ് പുസ്തകവും പേനയുമായി വിവര ശേഖരണത്തിനെത്തിയിരുന്ന അങ്കണവാടി ജീവനക്കാര്‍ സ്മാര്‍ട്ടാകുന്നു. ജില്ലയിലെ അങ്കണവാടി ടീച്ചര്‍മാര്‍ ഇനി വീടുകളിലെത്തുന്നത് സ്മാര്‍ട്ട് ഫോണുമായി. ദേശീയ പോഷകാഹാര മിഷന്‍ ‘പോഷണ്‍ അഭിയാന്റെ’ ഭാഗമായുള്ള സമ്പുഷ്ട കേരളം പദ്ധതിയിലൂടെ ജില്ലയിലെ 3,808 അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ജില്ലയിലെ 141 ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കും പദ്ധതി വഴി സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ഉള്‍പ്പെടെ നാലുജില്ലകളില്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടികളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എല്ലാ രജിസ്റ്ററുകളും നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്.
ആറു വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മയും തൂക്കക്കുറവും വര്‍ഷത്തില്‍ രണ്ട് ശതമാനം വീതം ആറ് ശതമാനം തടയുകയും കുറയ്ക്കുകയും ചെയ്യുക, ആറ് മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാനിരക്ക് വര്‍ഷത്തില്‍ മൂന്ന് ശതമാനം വീതം ഒന്‍പത് ശതമാനം കുറയ്ക്കുക തുടങ്ങിയവയാണ് പോഷണ്‍ അഭിയാന്റെ ലക്ഷ്യങ്ങള്‍. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3 ശതമാനത്തില്‍ നിന്നു 65 ആയി വര്‍ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും നാല് ശതമാനം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍കൂടി കേരളത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.