2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഹലാല്‍ ടൂറിസത്തിനു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിട്ട് തുര്‍ക്കി

 

 

സ്വാലിഹ് വാഫി ഓമശ്ശേരി

അങ്കാറ: ടൂറിസം മേഖലയില്‍ ഹലാല്‍ ടൂറിസത്തിന് പ്രാമുഖ്യം നല്‍കി തുര്‍ക്കി. സ്ത്രീകള്‍ക്ക് സ്‌പെഷ്യല്‍ ബീച്ച് സൗകര്യവും, മദ്യരഹിത ഹലാല്‍ ഭക്ഷണവും, ഹോട്ടലുകളില്‍ ഇസ്ലാമികാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുമുള്ള തുര്‍ക്കി ടൂറിസത്തിന്റെ പുതിയ പദ്ധതികള്‍ മേഖലക്ക് വഴിത്തിരിവാകും.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീകര സംഘടനയായ പി.കെ.കെ യുടെ ആക്രമണങ്ങളുടെയും അനിയന്ത്രിതമായ അട്ടിമറി പരാജയവും തുര്‍ക്കി ടൂറിസം മേഖലയെ വളരെ പിന്നിലാക്കിയിരുന്നു. ഇപ്പോള്‍ ഹലാല്‍ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി തുര്‍കിഷ് സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ തുടരുകയാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ വളര്‍ച്ച രണ്ടു ശതമാനത്തില്‍ നിന്നും പത്തു ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. മലേഷ്യ, ദുബായ്, ഇന്തോനേഷ്യ എന്നിവക്ക് ശേഷം വിനോദ സഞ്ചാരികള്‍ക്കു ഹലാല്‍ ഓഫര്‍ ചെയ്യുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് തുര്‍ക്കി.

മുസ്ലിം സഞ്ചാരികള്‍ യാത്രക്കായി രാജ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മത പൈതൃകവും ചരിത്രവും പ്രധാന ഘടകമാണ്. പൊതുവെ തുര്‍ക്കി തിരഞ്ഞെടുക്കാന്‍ പ്രധാനമായും മൂന്നു കാരണങ്ങളാണ്. അത്യപൂര്‍വമായ ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍, പ്രകൃതിയും മനുഷ്യ നിര്‍മിതവുമായ അത്ഭുതങ്ങള്‍, അന്താരാഷ്ട്ര നിലവാരമുള്ള തുര്‍ക്കികളുടെ ആഥിത്യ രീതികള്‍ എന്നിവയാണ്.

ഹലാല്‍ ടൂറിസത്തിന്റെ ആഗോള വ്യവസായ മേഖലക്കായി കഴിഞ്ഞ വര്‍ഷം 226 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി ഹലാല്‍ സമ്മിറ്റ് കൗണ്‍സില്‍ പറയുന്നു. 40 ദശലക്ഷം ടൂറിസ്റ്റുകള്‍ 2018 അവസാനത്തോടെ തുര്‍ക്കി സന്ദര്‍ശിക്കുമെന്നാണ് ടൂറിസം അതോറിട്ടി പ്രതീക്ഷിക്കുന്നത്.

ഇസ്‌ലാമിക മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള തുര്‍ക്കിയുടെ തീരത്ത് ഡസന്‍ ഹോട്ടലുകള്‍ മിഡില്‍ ഈസ്റ്റ് മുസ്ലിം സമുദായങ്ങളെ ഇതിനകം ആകര്‍ഷിച്ചു കഴിഞ്ഞു. ബുക്കിങ്ങിനായി പ്രത്യേക ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ഹോട്ടലുകളില്‍ പ്രായോഗിക പരിഹാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളിലെ സിമ്മിംഗ് പൂളുകളില്‍ സ്ത്രീകള്‍ക്ക് രാവിലെയും പുരുഷന്മാര്‍ക്ക് രാത്രിയുമാണ് പ്രവേശനം അനുവദിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ പന്നിയിറച്ചിയും മറ്റും ഹറാമായ വസ്തുക്കള്‍ കൊണ്ടും ഭക്ഷണം തയ്യാറാക്കുമ്പോള്‍ തുര്‍ക്കിയിലെ ഹലാല്‍ ഭക്ഷണ സുലഭത യൂറോപ്യന്‍ മുസ്ലിംകളെയും ആകര്‍ഷിക്കുന്നുണ്ട്. സാംസ്‌കാരിക പൈതൃകം , ഭക്ഷണ ശൈലികള്‍ എന്നിവക്ക് പുറമെ തുര്‍ക്കിയി എല്ലായിടത്തും പള്ളി സൗകര്യവുമാണ് യാത്രക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. സ്ത്രീകള്‍ ബുര്‍ഖ ധരിച്ചുകൊണ്ടുള്ള യാത്ര യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമ്പോള്‍ തുര്‍ക്കിയില്‍ അത്തരമൊരു സാഹചര്യം പ്രകടമല്ല.

ഇസ്ലാമിക് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ രാജ്യങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി തുര്‍ക്കി റിപ്പബ്ലിക്ക് പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ ഹലാല്‍ എക്‌സ്‌പോയും 2018ലോക ഹലാല്‍ സമ്മിറ്റും ഇസ്താംബൂളില്‍ നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാമത്തെ ടൂറിസ ഉച്ചകോടിയില്‍ 2023 വിഷന്‍ ഹിസ്റ്ററിയില്‍ ടൂറിസം കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം മന്ത്രാലയം ഹാലാല്‍ ടൂറിസം ഉള്‍പ്പെടുത്തിയിരുന്നു. ഹലാല്‍ ടൂറിസം സര്‍ട്ടിഫിക്കേഷനുമായി റിസോര്‍ട്ടുകളെ നിയന്ത്രിക്കുന്നതിന് ആഭ്യന്തര നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സഹായം നല്‍കും. നിലവിലുള്ള ടൂറിസം സ്ഥാപനങ്ങളെ ഹലാല്‍ ടൂറിസം സൗഹൃദ ഹോട്ടലുകളാക്കി മാറ്റാന്‍ ഇത് പ്രചോദനമാവും.

തുര്‍ക്കിയിലെ ഹലാല്‍ വിനോദ സഞ്ചാരം, ടൂറിസം, ഗൈഡുകള്‍, ഏജന്‍സികള്‍ എന്നിവയെ പിന്തുണച്ച് കൊണ്ട്, കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി പ്രസക്തമായ ലഘുലേഖകളും പരസ്യങ്ങളും തയ്യാറാക്കാനുംടീമിനെ രൂപീകരിച്ചിട്ടുണ്ട്. യൂറോപ്പിലെ ആറാമത്തെ സാമ്പത്തിക ശക്തിയായ തുര്‍ക്കിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സും ടൂറിസമാണ്. അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും, ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കരകയറാനുള്ള ഒരുക്കത്തിലാണ് തുര്‍ക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.