2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം; ജനങ്ങള്‍ വലഞ്ഞു

 

കൊച്ചി: ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ ഇടതു-വലതു മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. രാവിലെ മുതല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി സവീസും ഇല്ലാതായതോടെ ദീര്‍ഘദൂര യാത്രയ്ക്ക് എത്തിയവരടക്കം യാത്രാമാര്‍ഗങ്ങളില്ലാതെ വലഞ്ഞു. ഓട്ടോറിക്ഷയും ഓണ്‍ലൈന്‍ ടാക്‌സികളും ഹര്‍ത്താലിനോടു പൂര്‍ണമായും പങ്കെടുത്തു. എന്നാല്‍ ട്രെയിന്‍, കൊച്ചി മെട്രോ സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. മെട്രോ പതിവ് പോലെ സര്‍വീസ് നടത്തിയത് പൊതുജനങ്ങള്‍ക്ക് ആശ്വാസമായി. എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല.
രാവിലെ ആറിനു മുമ്പായെത്തിയ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ എറണാകുളം ഡിപ്പോയില്‍ സര്‍വീസ് അവസാനിപ്പിച്ചു. വൈകിട്ട് ആറിന് ശേഷം കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിച്ചെങ്കിലും പൂര്‍ണമായിരുന്നില്ല. വൈകുന്നേരത്തോടെ തുടര്‍ച്ചയായ മൂന്നു ദിവസത്തെ അവധിക്കു ശേഷം ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി മടങ്ങുന്നവരുടെ തിരക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലും വൈറ്റില ഹബ്ബിലും അനുഭവപ്പെട്ടു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് കൂടുതല്‍ സര്‍വീസ് നടത്തിയത്. റെയില്‍വേ സ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ തുടര്‍യാത്രാ സൗകര്യം ഇല്ലാതെ വലഞ്ഞു. പൊലിസ് മിനിബസും സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ കാറുകളും യാത്രക്കാര്‍ക്ക് സഹായകരമായി. ഹോട്ടലുകള്‍ ഉള്‍പ്പെടെ അടഞ്ഞുകിടന്നതോടെ ജനങ്ങളുടെ ദുരിതം പൂര്‍ണമായി. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ഐ.ടി ഹബ്ബായ ഇന്‍ഫോപാര്‍ക്കിനെയും ഹര്‍ത്താല്‍ ബാധിച്ചു. എറണാകുളം നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചു കടകള്‍ അടപ്പിച്ചതായും കടയുടമയെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഹര്‍ത്താലില്‍ നിശ്ചലമായി. ചരക്ക് നീക്കം രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നിര്‍ത്തിവച്ചതോടെ കോടികളുടെ നഷ്ടമാണ് ഹര്‍ത്താല്‍ ദിനം ടെര്‍മിനലിനു സമ്മാനിച്ചത്. എറണാകുളം മാര്‍ക്കറ്റും ബ്രോഡ്‌വേയും മണിക്കൂറുകളില്‍ ശൂന്യമായിരുന്നു. നഗരത്തിനു പുറത്തുള്ള സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില പൊതുവേ കുറവായിരുന്നു. ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ല. ആലുവയെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയെന്നു ഡി.സി.സി പ്രസിഡന്റ് അറിയിച്ചിരുന്നെങ്കിലും തുറന്ന ബാങ്കുകളും സ്ഥാപനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു.
കൊച്ചി തുറമുഖത്ത് ചരക്ക് നിക്കം നടന്നില്ല. മട്ടാഞ്ചേരി ബസാര്‍, ജ്യൂടൗണ്‍ എന്നിവടങ്ങളിലും ഇടപാടുകള്‍ നടന്നില്ല. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കിയതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
കോതമംഗലം: ടൗണില്‍ എല്‍.ഡി.എഫം പ്രകടനവും, തുടര്‍ന്ന് യോഗവും സംഘടിപ്പിച്ചു. സി.പി.എം കോതമംഗലം എരിയാ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍, ജില്ലാ കമ്മിറ്റി അംഗം എസ്. സതീഷ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം സി.എസ് നാരായണന്‍ നായര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ കെ.പി മോഹനന്‍, പി.പി മൈതീന്‍ ഷാ, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, എം.എസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫും നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുസമ്മേളനം കെ.പി ബാബു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ പി.പി ഉതുപ്പാന്‍ അധ്യക്ഷത വഹിച്ചു. പി.കെ മൊയ്തു, മൈതീന്‍ മുഹമ്മദ് , എ.ജി ജോര്‍ജ്, ഷിബു തെക്കുംപുറം, മാത്യു ജോസഫ്, എബി എബ്രാഹം, പി.എസ്.എം സാദിഖ്, അബു മൊയ്തീന്‍ , എ.സി ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോതമംഗലം മണ്ഡലം കമ്മറ്റിയും നഗരത്തില്‍ പ്രകടനം നടത്തി. ആശുപത്രി പടിയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ് കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം മണ്ഡലം പ്രസിഡന്റ് ടി.എം ഇല്യാസ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് സണ്ണി വാരപ്പെട്ടി, സിദ്ധീഖ് കടമുണ്ട, സി.എ അലി എന്നിവര്‍ നേതൃത്വം നല്‍കി.
പെരുമ്പാവൂര്‍: ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു.ഡി.എഫ് നോര്‍ത്ത് വാഴക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മഞ്ഞപ്പെട്ടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പാലക്കാട്ടു താഴം ജംഗ്ഷനില്‍ സമാപിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ഷമീര്‍ തുകലില്‍, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പ്രസിഡന്റ് കെ.കെ.ഷാജഹാന്‍, ഡി സി സി സെക്രട്ടറി റ്റിഎച്ച് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കളമശ്ശേരി: ഇരു മുന്നണികളും പ്രദേശത്ത് പ്രകടനവും യോഗവും നടത്തി. യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം ടോള്‍ ഗേറ്റില്‍ നിന്നും ആരംഭിച്ച് സൗത്ത് കളമശ്ശേിയില്‍ സമാപിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ ബഷീര്‍, മുസ്‌ലിം ലീഗ് ടൗണ്‍ പ്രസിഡന്റ് പി.എം.എ ലത്തീഫ് , പി.ഇ അബ്ദല്‍ റഹീം, യു.ഡി.എഫ് കണ്‍വീനര്‍ എ.പി ഇബ്രഹിം, കെ.പി സുബൈര്‍, പി.എം നജീബ്, നരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, കൗണ്‍സിലര്‍മാരായ വി.എസ് അബുബക്കര്‍, എം.എ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഫാക്ട് കവലയില്‍ നടത്തിയ യോഗത്തില്‍ കെ.എന്‍ ഗോപിനാഥ്, എ.ഡി. സുജില്‍, ടി.വി.ശ്യാമളന്‍, പി.എ.ഷെരീഫ്, എ.സാംബശിവന്‍, വി.എന്‍.സതീശന്‍, കെ.സി.രഞ്ജിത്ത്, കെ.ബി.സുലൈമാന്‍, പി.എസ്.അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ എസ്‌തോസ് ഭവനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് എല്‍.ഡി.എഫ് നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, പി.ആര്‍.മുരളീധരന്‍, അഡ്വ.പി.എം. ഇസ്മയില്‍, എല്‍ദോഎബ്രാഹാം എം.എല്‍.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടര്‍ന്ന് ഓട്ടോസ്റ്റാന്റില്‍ നടന്ന യോഗം മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കച്ചേരിത്താഴത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ പി.പി. എല്‍ദോസ്, അഡ്വ. കെ.എം.സലിം, അഡ്വ. ജോണിനെല്ലൂര്‍, അഡ്വ. എന്‍. രമേശ്, പി.എ.ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.
ആലുവ: ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ചുറ്റി പ്രകടനം നടത്തി. ബാങ്ക് കവലയില്‍ നടന്ന പ്രതിഷേധ യോഗം യു.ഡി.എഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ എം.ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ഘടകകക്ഷി നേതാക്കളായ എം.കെ.എ ലത്തീഫ്, ജി. വിജയന്‍,ഡൊമിനിക് കാവുങ്ങല്‍,പരീദ് കുംബശ്ശേരി, പി.എ താഹിര്‍, ഹംസ പറകാട്ട്,അഡ്വ. ജെബി മേത്തര്‍ ഹിഷാം, ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സാബു റാഫേല്‍,പി.വി എല്‍ദോസ്,കെ.കെ അജിത്കുമാര്‍, പി.എ മുജീബ്, ഫാസില്‍ ഹുസ്സൈന്‍,വി.ആര്‍ രാംലാല്‍,നസീര്‍ ചൂര്‍ണിക്കര,ജി. മാധവന്‍കുട്ടി, അക്‌സര്‍ മുട്ടം,പി.എ സമദ്,അഡ്വ. റെനീഫ് അഹമ്മദ്, അനന്തു കെ.എ, സി.ഓമന,ലളിത ഗണേശന്‍,ടെന്‍സി വര്‍ഗീസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
അമിനി: യു.ഡി.എഫ് ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി അമിനി ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. അമിനി സബ് ഡിവിഷണല്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് ബുഹാരിക്കോയ ഉദ്ഘാടനം ചെയ്തു. അമിനി ബ്ലോക്ക് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സൈദ് മുഹമ്മദ് കോയ, ജനറല്‍ സെക്രട്ടറി പി.കെ അബ്ദുസലാം, ലക്ഷദ്വീപ് ഫിഷര്‍മാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.സി നാസിം, അമിനി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എച്ച്.പി സാദിഖലി എന്നിവര്‍ പ്രസംഗിച്ചു. ലക്ഷദ്വീപ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.ടി. നല്ലകോയാ, അമിനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബാബുജാന്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് ചീഫ് കൗണ്‍സിലര്‍ ബര്‍ക്കത്തുള്ള, യൂത്ത് കോണ്‍ഗ്രസ് ലക്ഷദ്വീപ്് സെക്രട്ടറി മുഹമ്മദ് റഫീക്ക്, എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അമിനി ബ്ലോക്ക് കോണ്‍ഗ്രസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം അമിനി സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് കൈമാറി.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.