2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹര്‍ത്താല്‍, ചിലയിടങ്ങളില്‍ സംഘര്‍ഷം

നെടുമങ്ങാടും വെങ്ങാനൂരും യു.ഡി.എഫ്  സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി
ശ്രീകാര്യത്ത് വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി
നെയ്യാറ്റിന്‍കര: ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നെയ്യാറ്റിന്‍കരയില്‍ പൂര്‍ണം. കട-കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വെളളറട , പനച്ചമൂട് ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞു. പാറശാലയില്‍ കെ.എസ്.ആര്‍.ടി.സി ബസും മറ്റ് വാഹനങ്ങളും തടഞ്ഞതിന് മൂന്ന് പേര്‍ക്കെതിരെ പാറശാല പൊലിസ് കേസെടുത്തു. കടലോര മേഖലയായ പൂവാര്‍ , പൊഴിയൂര്‍ , കരിങ്കുളം ഭാഗങ്ങളിലും കടകള്‍ അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.
നെയ്യാറ്റിന്‍കരയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിന്  നെയ്യാറ്റിന്‍കര സ്വദേശികളും യു.ഡി.എഫ് പ്രവര്‍ത്തകരുമായ  വിനോദ് സെന്‍ ,  വിജയകുമാര്‍ ,  സജിന്‍ലാല്‍ ,കിങ്സ്റ്റണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കാഞ്ഞിരംകുളത്ത് രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ പൂണമായും അടഞ്ഞുകിടന്നു. ബാലരാമപുരത്ത് ഗതാഗത തടസം ഉണ്ടാക്കിയതിന് കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ ബാലരാമപുരം പൊലിസ് കേസെടുത്തു. പളളിച്ചല്‍ , നേമം തുടങ്ങിയ സ്ഥലങ്ങളിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
നെയ്യാറ്റിന്‍കര താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം താറുമാറായി. താലൂക്കിലുടനീളം മത്സ്യമാര്‍ക്കറ്റുകള്‍ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചു.
കഴക്കൂട്ടം:  മംഗലപുരം,ശ്രീകാര്യം,  കഴക്കൂട്ടം  എന്നിവിടങ്ങളില്‍  ഹര്‍ത്താലനുകൂലികള്‍ കെ.എസ്.ആര്‍.ടിസി ബസുകളുള്‍പ്പെടെയുളള്ള വാഹനങ്ങള്‍ തടഞ്ഞത്  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.രാവിലെ ഒമ്പത് മണിയോടെ കഴക്കൂട്ടത്ത് ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകരെത്തി  കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് യാത്രക്കാരെ  ഇറക്കിവിട്ടു. വിവരമറിഞ്ഞ്  പൊലിസെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
പത്ത് മണിയോടെ ശ്രീകാര്യത്ത് നൂറോളം വരുന്ന കോണ്‍ഗ്രസ് ,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ തടയുകയും ചെയ്തു.  എയര്‍പോര്‍ട്ടിലേയ്ക്കു പോയതുള്‍പടെയുള്ള  വാഹനങ്ങള്‍ തടഞ്ഞത്  സംഘര്‍ഷാവസ്ഥയുണ്ടാക്കി. രണ്ടു മണിക്കൂറോളം ഇവിടെ ഗതാഗതം നിലച്ചു.
ശ്രീകാര്യം ജങ്ഷനില്‍ നിന്ന് ചാവടിമുക്കിലും തുടര്‍ന്ന്   ഉള്ളൂര്‍ വരെയും പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍  പിന്നീട്  മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീകാര്യം ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്നു.  മെഡിക്കല്‍ കോളേജ് സി.ഐ. ബിനുകുമാറിന്റെയും ശ്രീകാര്യം എസ്.ഐ. അനൂപ് കൃഷ്ണയുടെയും നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മേഖലയില്‍  വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമായി അടഞ്ഞ് കിടന്നു. വി.എസ്.എസ്.സി. ടെക്‌നോപാര്‍ക്ക് എന്നീ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.
നെടുമങ്ങാട്: ഹര്‍ത്താല്‍ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ വാക്കേറ്റം നെടുമങ്ങാട് സംഘര്‍ഷാവസഥയുണ്ടാക്കി. പൊലിസിന്റെ സമയോചിത ഇടപെടല്‍  കാരണംകൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുലര്‍ച്ചെ സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി തടഞ്ഞതോടെ നിര്‍ത്തിവെച്ചു.  സ്വകാര്യ വാഹനങ്ങളും കാര്യമായി ഓടിയില്ല.
രാവിലെ  എട്ടര മണിയോടെ ഒരു ഓട്ടോയുമായി വന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകനെ ഹര്‍ത്താല്‍ അനുകൂലികള്‍  തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയിലേക്കെത്തിച്ചത്.  വിവരമറിഞ്ഞ്  ഒരു സംഘം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍  സ്ഥലത്തെത്തി. ഇതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.  കുറച്ചു സമയം കഴിഞ്ഞ് എത്തിയ മറ്റൊരു കാറിനെ സമരാനുകൂലികള്‍ കച്ചേരി ജങ്ഷനില്‍ തടഞ്ഞപ്പോഴും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായെത്തി. വീണ്ടും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമം നടത്തി.ഇത് ചെറുക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. വന്‍പൊലിസ് സംഘമെത്തി ഇരു കൂട്ടരെയും രണ്ടുവശങ്ങളിലേക്ക് മാറ്റി. തുടര്‍ന്ന് യു.ഡി.എഫ്  പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പിന്നാലെ  ഹര്‍ത്താലിനെതിരെ എല്‍.ഡി.എഫുകാരുടെ പ്രതിഷേധ പ്രകടനവും നടന്നു. പ്രകടനത്തിന് ശേഷം ഇരുകൂട്ടരും പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്നു പിരിഞ്ഞു പോയി.
 നെടുമങ്ങാട് റവന്യൂ ടവറില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ രാവിലെ തുറന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരെത്തി അടപ്പിച്ചു.  സ്വകാര്യ സ്ഥാപനങ്ങളൊന്നും തുറന്നില്ല. പെട്ടികടകളടക്കം എല്ലാം രാവിലെ മുതല്‍ തന്നെ അടഞ്ഞുകിടന്നു. ടൗണിലെ പ്രധാന ഭാഗങ്ങളിലെല്ലാം വന്‍പൊലിസ് സംഘം നിലയുറപ്പിച്ചിരുന്നു. രാവിലെ മടത്തറയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ നെടുമങ്ങാട് വന്നിറിങ്ങിയ വ!ൃദ്ധ ദമ്പതികളെയും അംഗപരിമിതനായ ഒരാളെയും പൊലിസ് ജീപ്പില്‍ വീടുകളിലെത്തിച്ചു.
കോവളം:  ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചാല്‍  കോവളത്ത് ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
വിഴിഞ്ഞം, കോവളം, വെങ്ങാനൂര്‍, മുക്കോല, ചപ്പാത്ത് എന്നീ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞം, പൂവാര്‍ ഡിപ്പോകളില്‍ നിന്നും രാവിലെ ചില സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ സര്‍വീസ് പൂര്‍ണ്ണമായും നിലച്ചു. ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വകാര്യവാഹനങ്ങള്‍  നിരത്തിലിറങ്ങി. വിഴിഞ്ഞത്തും കോവളത്തും തുറന്നിരുന്ന ചില കടകളും പോസ്റ്റോഫിസ്, ട്രഷറി, നഗരസഭ സോണല്‍ ഓഫിസ് ,  ബാങ്കുകള്‍, ബി.എസ്.എന്‍.എല്‍  ഓഫിസ്  എന്നിവ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു.
വെങ്ങാനൂരില്‍ ഇടതുപക്ഷ അനുഭാവിയായ ഓട്ടോ  ഡ്രൈവറും കോണ്‍ഗ്രസ് പ്രാദേശിക നേതാവും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിച്ചതും വിഴിഞ്ഞത്ത് ബസ് സര്‍വീസ് തടയാനെത്തിയവരും  പൊലിസും തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യു.ഡി.എഫ്. നേതാക്കളായ ആസ്റ്റിന്‍ഗോമസ്, വെങ്ങാനൂര്‍ ശ്രീകുമാര്‍,മുജീബ് റഹുമാന്‍ കെ.വി.അഭിലാഷ്, അയൂബ്ഖാന്‍, ഓമന, വിഴിഞ്ഞം ഹനീഫ,റിച്ചാര്‍ഡ്, വിശ്വനാഥന്‍, സുജി,നിസാം, സക്കീര്‍, സുജേഷ്, സിദ്ദീക്ക്, ഷമീര്‍, നൗഷാദ്  തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് പ്രകടനം നടത്തി.
വെള്ളറട: വെള്ളറടയില്‍  ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറുമണി മുതല്‍ യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് ശ്യാമിന്റെ നേതൃത്വത്തില്‍ വാഹനങ്ങളെ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം തടഞ്ഞു.  
സ്വകാര്യവാഹനങ്ങളെയും തടഞ്ഞു. എതിര്‍പ്പുമായി സി.പി.എം പ്രവര്‍ത്തകരെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.സി.ഐ അനില്‍കുമാറിന്റെയും എസ്.ഐ അജേഷിന്റെയും നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം അവസരോചിതമായി ഇടപെട്ടതിനാല്‍ കൈയാങ്കളി ഒഴിവായി.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നുംതന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ആനപ്പാറയില്‍നിന്ന് വെള്ളറടവരെ പ്രകടനം നടത്തി.
    


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.