2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹര്‍ത്താലില്‍ പൊതുജന സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിന്: ഹൈക്കോടതി

കൊച്ചി: തിങ്കളാഴ്ചത്തെ യു.ഡി.എഫ് ഹര്‍ത്താലില്‍ പൊതുജനസുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഉടന്‍ പത്രപ്പരസ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് നിയമവിരുദ്ധമാണെന്നും ഹര്‍ത്താലിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളി ഗ്രാമ പഞ്ചായത്തംഗം സോജന്‍ പവിയാനോസ് നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്ക് സ്പീഡ്‌പോസ്റ്റില്‍ നോട്ടിസ് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ജീവനും സ്വത്തിനും നേരെ ആക്രമണമുണ്ടാകുമെന്നു ഭയന്നാണ് ജനങ്ങള്‍ പുറത്തിറങ്ങാത്തതെന്നു കോടതി പറഞ്ഞു. ഭയം ഇല്ലാതാക്കേണ്ട കടമ സര്‍ക്കാരിനാണ്.
പ്രതിപക്ഷനേതാവ് പൊതുസേവകന്റെ നിര്‍വചനത്തില്‍ വരുമെന്നും ആ നിലയ്ക്ക്, ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 166 -ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഹരജി പരിഗണിക്കവേ പ്രതിപക്ഷനേതാവ് പൊതുസേവകന്റെ നിര്‍വചനത്തില്‍ വരില്ലെന്നും സുശീല്‍കുമാര്‍ കേസിലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എമാരും പൊതുസേവകരുടെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പൊതുജനത്തെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.