2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

നെയ്യാറ്റിന്‍കര: ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ എട്ടരക്ക് കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞാറ് നട്ട്് നിര്‍വഹിക്കും. മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷനാകും.
എം.എല്‍.എമാരായ സി.കെ.ഹരീന്ദ്രന്‍ , എം.വിന്‍സന്റെ് , ഐ.ബി.സതീഷ് , കെ.ആന്‍സലന്‍ , നവകേരള മിഷന്‍ ഡയറക്ടര്‍ ടി.എന്‍.സീമ , നടി മഞ്ചു വാര്യര്‍ , ഗായകന്‍ കെ.ജെ.യേശുദാസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തുടങ്ങിയവര്‍ പങ്കെടുക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളായിരിക്കും നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

 

ഹരിതകേരളം: മികച്ച പദ്ധതികളുമായി തലസ്ഥാന ജില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിക്കു ഇന്നു തുടക്കമിടുമ്പോള്‍ തലസ്ഥാന ജില്ലയും വലിയ പ്രതീക്ഷയിലാണ് . ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന പത്തു പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.
കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖത്തിലെ നെല്‍കൃഷിയാണ് ഇതില്‍ പ്രധാനം. പഞ്ചായത്തിലെ 14 ഹെക്ടര്‍ സ്ഥലത്താണ് കര്‍ഷകര്‍ വിത്തിറക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 9 മണിക്ക് ഈ പാടശേഖരത്തിലെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം പദ്ധതിക്ക് തുടക്കമാവുക എന്നത് ഈ പ്രവൃത്തിയുടെ മാറ്റു കൂട്ടുന്നു.
ഒമ്പത് ഏക്കറില്‍ കൂടി നെല്‍കൃഷി ചെയ്യുന്നതിനുള്ള സമ്മതപത്രം കര്‍ഷകര്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എ മാരായ സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, കെ.ആന്‍സലന്‍, ഐ.ബി സതീഷ്, ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ടി.എന്‍. സീമ തുടങ്ങിയവര്‍ പങ്കെടുക്കും.
നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂര്‍ തുമ്പോട് തരിശായികിടക്കുന്ന 75 സെന്റ് സ്ഥലത്തും ഇന്ന് കൃഷി ആരംഭിക്കും. രാവിലെ 8.30ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, കെ. ശബരീനാഥ് എന്നിവര്‍ പങ്കെടുക്കും. പദ്ധതിയോടനുബന്ധിച്ച് 600 കിണറുകളുടെ റീചാര്‍ജ്ജിംഗും നടപ്പിലാക്കും.ആറ്റിങ്ങല്‍ നഗരസഭയുടെ 31 വാര്‍ഡുകളിലും ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. ഓരോ വാര്‍ഡിലും 50 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങുക. കണ്ണാങ്കരക്കോണം പാടശേഖരത്ത് എം.എല്‍.എ ബി. സത്യന്‍ ഉദ്ഘാടനം ചെയ്യും.
ഇരുപത്തിരണ്ട് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങും. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഇടക്കുഴി ഏലായില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് ഞാറു നടീല്‍ ഉത്സവം നടക്കും. എം.എല്‍.എ ഐ.ബി സതീഷ് ഉദ്ഘാടനം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി പോത്തന്‍കോട് ബ്‌ളോക്ക് ഓഫിസും വിവിധ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമാവുന്നു. ബ്‌ളോക്ക് ഓഫിസിലെ 50 സെന്റ് സ്ഥലത്ത് ജൈവപച്ചക്കറി കൃഷിയും പൂന്തോട്ടവും ഒരുക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി രാവിലെ 11 മണിക്ക് പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭയുടെ പരിപാടികള്‍ക്ക് രാവിലെ ചിറക്കുളം കോളനി ശുചീകരണത്തോടെ തുടക്കമാവും. രാവിലെ എട്ടുമണിക്ക് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി. കെ പ്രശാന്ത്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. നൂറു വാര്‍ഡുകളില്‍ നിന്ന് കോര്‍പറേഷന്‍ ശേഖരിച്ച പ്‌ളാസ്റ്റിക് മാലിന്യം ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറുന്ന ചടങ്ങും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ചാക്ക വൈ.എം.എ ഹാളില്‍ രാവിലെ 10 മണിക്ക് പദ്ധതി ഉദ്ഘാടനം ചെയ്യും.കാട്ടാക്കട പഞ്ചായത്തിന്റെ ആമച്ചല്‍ തോട് നവീകരണവും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ കണ്ടല്‍ക്കാടു വച്ചു പിടിപ്പിക്കുന്ന പദ്ധതിയും വെള്ളറടഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയും ജില്ലയുടെ പ്രധാന പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരകര്‍ഷകര്‍ക്ക് തെങ്ങുകയറ്റയന്ത്രം വിതരണം ചെയ്യുന്ന കേരഗ്രാമം പദ്ധതി വെള്ളറട യു.പി സ്‌കൂളില്‍ എം.എല്‍ എ സി.കെ ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് കല്ലുവാക്കോണം കുളം സന്നദ്ധപ്രവര്‍ത്തകര്‍ നവീകരിക്കും. ഒരുലക്ഷത്തോളം രൂപ ചെലവു വരുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവും നാട്ടുകാരാണ് വഹിക്കുക. ജില്ലയില്‍ പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഏക പദ്ധതിയാണിത്.

 

മാലിന്യമകലുന്നു; കാട്ടാക്കട മാര്‍ക്കറ്റ് പുതുമോടിയിലേക്ക്

കാട്ടാക്കട: ജില്ലയിലെ മലയോര മേഖലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ കാട്ടാക്കട പുതുമോടിയിലേക്ക്. ഹരിതകേരളം മിഷന്റെ ഭാഗമായി മൂന്നരക്കോടി രൂപ ചെലവിട്ട് മാര്‍ക്കറ്റ് നവീകരിക്കാനുള്ള പദ്ധതിയാണ് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്നത്.
മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങളും പദ്ധതിയിലുണ്ട്. പ്‌ളാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വേര്‍തിരിച്ചെടുത്ത ശേഷം മാര്‍ക്കറ്റ് നവീകരണത്തിനായി റീ സൈക്ലിങ് യൂനിറ്റും മാലിന്യ പ്ലാന്റും സ്ഥാപിക്കും. പുതിയ 50 മുറി കടകളും നിര്‍മിക്കും. കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മാര്‍ക്കറ്റ് ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ക്കറ്റ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാഗ്ദാനം ചെയ്തു.
മാലിന്യപ്രശ്‌നം കാരണം പൊതുജനങ്ങളും കച്ചവടക്കാരും മാര്‍ക്കറ്റിനുള്ളിലേക്ക് കടക്കാന്‍ പോലും മടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പധാന ചന്ത നടക്കുന്ന തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നാലു ടണ്‍ വരെ മാലിന്യങ്ങളാണ് ഇവിടെ കുമിഞ്ഞു കൂടുന്നത്.
പ്‌ളാസ്റ്റിക് വിമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് വന്‍തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് പൂവച്ചല്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.