2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഹയര്‍ സെക്കന്‍ഡറി ലയനം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികളും

സ്വന്തം ലേഖകന്‍
ആലപ്പുഴ: വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി ഡോ. എം.എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികളും രംഗത്ത്.
വിവിധ അധ്യാപക സംഘടനകളുടെ പ്രതിഷേധം ശക്തമായിരിക്കെയാണ് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഉദ്യോഗാര്‍ഥികളും രംഗത്തെത്തിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ലയനം യാഥാര്‍ഥ്യമായാല്‍ നിലവില്‍ പ്രസിദ്ധീകരിച്ച എച്ച്.എസ്.എസ്.ടി ജൂനിയര്‍ റാങ്ക് പട്ടികകളും പ്രസിദ്ധീകരിക്കാനിരിക്കുന്ന പട്ടികകളും അപ്രസക്തമാകുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍. നിലവിലുള്ള അധ്യാപകരുടെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയും അധ്യാപകസംഘടനാ നേതാക്കളും വ്യക്തമാക്കുന്നത്. എന്നാല്‍, തങ്ങളുടെ കാര്യത്തില്‍ യാതൊരു ഉറപ്പും ആരും നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതേതുടര്‍ന്നാണ് റാങ്ക് ഹോള്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
എട്ടു വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയിലേക്ക് പി.എസ്.സി 2017 ല്‍ അപേക്ഷ ക്ഷണിച്ചത്. 17 വിഷയങ്ങളിലായി ജൂനിയര്‍ അധ്യാപകരാകാന്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ജിയോഗ്രഫിയുടെ റാങ്ക് പട്ടിക കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളുടെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. ഇതില്‍ പൊളിറ്റിക്കല്‍ സയന്‍സിന്റെ അഭിമുഖമടക്കം പൂര്‍ത്തിയായി. ബാക്കിയുള്ള വിഷയങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലുമാണ്. ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത്.
കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള ലയനം സാധ്യമായാല്‍ എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അധ്യാപക തസ്തിക പി.ജി ടീച്ചര്‍ എന്നാകും. ഇതുവഴി ഹൈസ്‌കൂളിലെ അധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലും അതുപോലെ തിരിച്ചും ക്ലാസ് എടുക്കാന്‍ കഴിയും. അധ്യാപക സംഘടനകളുടെ എതിര്‍പ്പു പരിഗണിച്ച് പുതിയ തസ്തികയ്ക്ക് പുതിയ സ്‌കെയില്‍ നിശ്ചയിച്ച് മുഴുവന്‍ അധ്യാപകരെയും പുനര്‍വിന്യസിച്ച ശേഷമാകും പി.ജി അധ്യാപക തസ്തികയിലേക്ക് നിയമനം നടക്കുക.
പുതിയ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്താന്‍ ചിലപ്പോള്‍ 10 വര്‍ഷത്തിലേറെ എടുത്തേക്കും. ഇതോടെ നിലവിലെ പട്ടികയില്‍ ഇടംപിടിച്ച പല ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാനുള്ള പ്രായപരിധി കഴിയും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എം.എല്‍.എമാര്‍ക്കുമൊക്കെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ പലരും ഉദ്യോഗാര്‍ഥികളുടെ പരാതി ഗൗനിക്കാന്‍ തയാറായിട്ടില്ല. അവഗണന തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകാനാണ് ഉദ്യോഗാര്‍ഥികളുടെ വിവിധ കൂട്ടായ്മകള്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാവാന്‍ അതത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദത്തിനൊപ്പം ബി.എഡും സെറ്റും നിര്‍ബന്ധമാണ്. എന്നാല്‍, ലയനത്തോടെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഹയര്‍സക്കന്‍ഡറിയില്‍ പഠിപ്പിക്കുന്നതിന് കഴിയും. പ്രൈമറി തലത്തില്‍ അധ്യാപകര്‍ക്ക് ബിരുദം വേണമെന്ന കേന്ദ്ര നിര്‍ദേശം ഉള്ളപ്പോഴാണ് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ യോഗ്യത കുറയ്ക്കുന്നതിനുള്ള ശുപാര്‍ശ ഖാദര്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്.
ലയന നീക്കവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ സെറ്റ് പരീക്ഷ സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇത്തവണയും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് സെറ്റ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രത്യക്ഷസമര പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ നാളെ ഉദ്യോഗാര്‍ഥികളുടെ യോഗം കോഴിക്കോട് മാനാഞ്ചിറ പൊലിസ് ക്ലബ് ഹാളില്‍ ചേരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.