2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനെതിരേ വ്യാപക പരാതി

കോഴിക്കോട്: ഇന്നലെ മുതല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ നടത്തിപ്പിനെതിരേ വ്യാപക പരാതി. പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികള്‍ കയറിയതിന് ശേഷമാണ് മിക്ക സ്‌കൂളുകളിലും ഇന്‍വിജിലേറ്റര്‍മാരെ ഡ്യൂട്ടിക്ക് ലഭിച്ചത്. തുടര്‍ന്ന് അതാത് സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ താല്‍ക്കാലിക പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രിന്‍സിപ്പല്‍മാര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇന്‍വിജിലേറ്റര്‍മാരുടെ കുറവ് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരെയും ഡ്യൂട്ടിക്ക് നിയോഗിക്കാമെന്ന നിര്‍ദേശമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് പല സ്‌കൂളുകള്‍ക്കും ലഭിച്ചത്. ഇതോടെ സ്‌കൂളിലെ അധ്യാപകരെ തന്നെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പ്രിന്‍സിപ്പില്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നിലവിലുണ്ടായ വീഴ്ചകള്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്യുന്ന തരത്തിലാണന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂടാതെ പുതിയ സോഫ്റ്റ്‌വെയറിന്റെ അപാകതകളും പരീക്ഷ നടത്തിപ്പില്‍ തിരിച്ചടിയായി.
പരീക്ഷ മാര്‍ക്ക് ഷീറ്റുകളില്‍ അതാത് സ്‌കൂളുകളുടെ പേര് പ്രിന്റ് ചെയ്താണ് വന്നത്. മാര്‍ക്ക് ഷീറ്റിന് മുകളില്‍ രജിസ്റ്റര്‍ നമ്പറും മാര്‍ക്കും മാത്രമേ രേഖപ്പെടുത്താവൂ എന്നാണ് നിബന്ധന. എന്നാല്‍ മാര്‍ക്ക് ഷീറ്റില്‍ സ്‌കൂളിന്റെ പേര് പ്രിന്റ് ചെയ്തതിലൂടെ വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മൂല്യനിര്‍ണയഘട്ടത്തില്‍ ഇത് ചൂഷണം ചെയ്യപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതോടെ പേര് പ്രസിദ്ധീകരിച്ച മാര്‍ക്ക് ഷീറ്റുകള്‍ ഒഴിവാക്കിയാണ് ജില്ലയിലെ പല സ്‌കൂളുകളും ഉത്തരകടലാസുകള്‍ അയച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.