2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഹജ്ജ്: 70ന് മുകളിലുള്ളവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്ന 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. ഇവര്‍ക്ക് അപേക്ഷകളും പാസ്‌പോര്‍ട്ടും നേരിട്ട് കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്നുവരെ സമര്‍പ്പിക്കാം. ഇതോടൊപ്പം കളര്‍ ഫോട്ടോയും നല്‍കണം. കൂടെ സഹായി ആയി പോകുന്നയാള്‍ ജീവിതത്തില്‍ ഹജ്ജ് ചെയ്തവരാകരുത്. ഇനി ഹജ്ജ് ചെയ്യാത്ത സഹായിയെ കിട്ടിയില്ലെങ്കില്‍ മുഴുവന്‍ തുകയും അടക്കാന്‍ തയാറായി സത്യപ്രസ്താവന നല്‍കണം.
70 വയസുകാരന്റെ സഹായിയായി ഉള്‍പ്പെടുത്തുന്ന വ്യക്തി ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, സഹോദരന്‍, സഹോദരി, പേരമകന്‍, പേരമകള്‍ (കൊച്ചുമക്കള്‍), സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവയിലാരെങ്കിലും ഒരാളായിരിക്കണം. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
2019 ഫെബ്രുവരി 14 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. കേടുവന്നതോ പേജുകള്‍ മുറിച്ചൊഴിവാക്കിയതോ രണ്ടുപേജെങ്കിലും ബാക്കിയില്ലാത്തതോ ആയ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കില്ല.
പാസ്‌പോര്‍ട്ട് കോപ്പി, അഡ്രസ് പ്രൂഫ്, ഒറിജിനല്‍ ബാങ്ക് പേ-ഇന്‍ സ്ലിപ്പ്, കാന്‍സല്‍ ബാങ്ക് ചെക്ക് കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അക്കമഡേഷന്‍ കാറ്റഗറി ഗ്രീന്‍, അസീസിയ എന്നിവയിലേതെങ്കിലും ഒന്ന് അടയാളപ്പെടുത്തേണ്ടതാണ്. ഒരു കോളവും അടയാളപ്പെടുത്തിയില്ലെങ്കില്‍ അവര്‍ അസീസിയ കാറ്റഗറി തെരഞ്ഞെടുത്തതായി കണക്കാക്കുന്നതാണ്. ഒരു കവറില്‍ വ്യത്യസ്ത കാറ്റഗറികള്‍ അടയാളപ്പെടുത്തിയാല്‍ മുഖ്യ അപേക്ഷകന്‍ തെരഞ്ഞെടുത്ത കാറ്റഗറിയായിരിക്കും പരിഗണിക്കുക.
ഓരോ അപേക്ഷയോടൊപ്പവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ ഒരാള്‍ക്ക് 300രൂപ വീതം പ്രോസസിങ് ചാര്‍ജ്, അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചതിന്റെ ഒറിജിനല്‍ ഉള്ളടക്കം ചെയ്തിരിക്കണം. ഒരു കവറില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്. കുട്ടികള്‍ക്ക് പ്രോസസിങ് ചാര്‍ജ് അടക്കേണ്ടതില്ല.
ഹജ്ജിനുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കിറ്റി ഓഫിസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം 673 647 എന്ന വിലാസത്തില്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് മുന്‍പായി ലഭിക്കത്തക്കവിധം സമര്‍പ്പിക്കേണ്ടതാണ്. കവര്‍ലീഡറുടെ മേല്‍വിലാസമെഴുതിയ 40 രൂപ സ്റ്റാമ്പൊട്ടിച്ച ഒരു കവര്‍, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പി എന്നിവയും അപേക്ഷയോടപ്പെം സമര്‍പ്പിക്കണം.
ഡിസംബര്‍ 14നകം കവര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോ കോപ്പി സഹിതം ഹജ്ജ് കിറ്റി ഓഫിസുമായി 18ന് മുന്‍പായി ബന്ധപ്പെടണം.

പൂര്‍ണ ഗര്‍ഭിണികള്‍ക്കും കേസുള്ളവര്‍ക്കും വിലക്ക്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ പൂര്‍ണ ഗര്‍ഭിണികള്‍ക്കും സ്വദേശത്തും വിദേശത്തും കേസുള്ളവര്‍ക്കും വിലക്ക്. ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിച്ചവര്‍, ക്ഷയം, എയ്ഡ്‌സ്, മറ്റു സാംക്രമിക രോഗങ്ങളുള്ളവര്‍, അംഗവൈകല്യം, ബുദ്ധിമാന്ദ്യം, ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരും ഹജ്ജിന് അപേക്ഷ നല്‍കാന്‍ പാടില്ല.
45 വയസിന് താഴെയുള്ള സ്ത്രീകള്‍ അനുവദനീയമായ പുരുഷന്മാരോടൊപ്പല്ലാത്ത (മെഹ്‌റം) യാത്ര തടയും. എന്നാല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് ഒരു കവറില്‍ നാലുസ്ത്രീകള്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാം. വിദേശത്തും, സ്വദേശത്തും കോടതി അടക്കം യാത്ര നിരോധിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാന്‍ പാടില്ല. ഇവ കണ്ടെത്തിയാല്‍ യാത്ര റദ്ദുചെയ്യുന്നതോടൊപ്പം നിയമനടപടികള്‍ക്കും വിധേയരാവേണ്ടിവരും.
അപേക്ഷകന്‍ താമസിക്കുന്ന സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിക്കാണ് സമര്‍പ്പിക്കേണ്ടത്. ഒരാള്‍ ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ സമര്‍പ്പിക്കുകയോ ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യരുത്. ഇതുതെളിഞ്ഞാല്‍ അപേക്ഷകനുള്‍പ്പെടുന്ന കവറിലെ എല്ലാ അപേക്ഷകളും തടഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.