2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഹജ്ജ് 2018: ഇന്ത്യന്‍ ഹാജിമാരില്‍ ബഹുഭൂരിഭാഗവും പുണ്യ ഭൂമിയിലെത്തി; ഇനിയെത്താനുള്ളത് 20,000 താഴെ ഹാജിമാര്‍ മാത്രം

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഇന്ത്യന്‍ ഹാജിമാരില്‍ ബഹുഭൂരിഭാഗവും പുണ്യ ഭൂമിയിലെത്തി. ഇതിനകം 90 ശതാമാനത്തോളം ആളുകള്‍ വിശുദ്ധ ഭൂമിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ളവര്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം എത്തിചെരുന്നതോടെ ഇന്ത്യന്‍ ഹാജിമാരുടെ വരവ് പൂര്‍ത്തിയാകും. പതിനാറിനാണ് ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാരില്‍ 11,0000 ലധികം തീര്‍ത്ഥാടകരാണ് നിലവില്‍ എത്തിച്ചേര്‍ന്നത്. ഇനി ബാക്കിയുള്ളത് 18,000ത്തില്‍ താഴെ ഹാജിമാര്‍ മാത്രമാണ്. ആഗസ്റ്റ് പതിനാറോടെ ഇവരുടെ വരവ് പൂര്‍ത്തിയാകും.

സ്വകാര്യ ഹജ്ജ് സര്‍വീസുകള്‍ മുഖേനയുള്ളവരുടെ വരവ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുമെത്തുന്ന 1,75,025 ഹാജിമാരില്‍ 1,60,000 ഓളം പേര്‍ എത്തിച്ചേര്‍ന്നു. 1,28,072 പേര്‍ ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴിയും 46,323 പേര്‍ സ്വകാര്യ ഹജ്ജ് കമ്മിറ്റി മുഖേനയുമാണ് തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തുന്നത്.

ഇന്നലെ വരെ 405 വിമാന സര്‍വീസുകളാണ് ഇന്ത്യയില്‍ നിന്നും നടന്നത്. കൊച്ചിയടക്കം ഏഴു എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവാണ് പുരോഗമിക്കുന്നത്. ഇന്നലെ വരെ കൊച്ചിയില്‍ നിന്നെത്തിയ മലയാളി ഹാജിമാര്‍ ഏഴായിരത്തോളമാണ്. 11,890 ഹാജിമാരാണ് കേരളത്തില്‍ നിന്നും ആകെയുള്ളത്. ഇന്ത്യന്‍ ഹാജിമാരില്‍ മൂന്നു പേര്‍ ഇന്നലെയും മരിച്ചു. ഇതോടെ ഈ വര്‍ഷം ഇത് വരെ മരിച്ച ഹാജിമാര്‍ 29 ആയി. ഇതില്‍ അഞ്ചു പേര്‍ സ്വകാര്യ സര്‍വീസ് മുഖേനയെത്തിയവരാണ്. മക്ക, മദീന, ജിദ്ദ, എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് വിഭാഗത്തില്‍ 92952 ഹാജിമാര്‍ ചികിത്സ തേടിയപ്പോള്‍, മൊബൈല്‍ ഹെല്‍ത്ത് ടീമില്‍ ചികിത്സാ തേടിയവരുടെ എണ്ണം 5941 ആണ്. ഹാജിമാര്‍ക്ക് മികച്ച ചികിത്സകളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സംവിധാനിച്ചിരിക്കുന്നത്.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് ശക്തമായിട്ടുണ്ട്. ഹാജിമാരില്‍ ബഹുഭൂരിഭാഗവും ഇപ്പോള്‍ മക്കയിലാണ് കേന്ദ്രീകരിക്കുന്നതെന്നതിനാല്‍ ഓരോ ദിവസവും മക്കയില്‍ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ 13 ലക്ഷത്തോളം പേര്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ഈ വര്‍ഷം 18 ലക്ഷത്തിലധികം ഹാജിമാര്‍ ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കടുക്കുമെന്നാണ് കരുതുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.