2018 July 17 Tuesday
പാപത്തെ വെറുക്കുക പാപിയെ സ്‌നേഹിക്കുക
ഗാന്ധിജി

ഹജ്ജ് 2018: ആദ്യ ഇന്ത്യന്‍ വിമാനം ശനിയാഴ്ച; ഹജ്ജ് മിഷന്‍ പ്രവര്‍ത്തന സജ്ജമായി

അബ്ദുസ്സലാം കൂടരഞ്ഞി

 

മക്ക : ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹാജിമാരുടെ വരവ് ശനിയാഴ്ചയോടെ തുടങ്ങും. ഇന്ത്യന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെപ്യൂട്ടേഷനില്‍ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ഹജ്ജ് ഉദ്യോഗസ്ഥ സംഘം ഇതിനകം തന്നെ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ഈ മാസം 14 മുതല്‍ എത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഹാജിമാരുടെ സംഘമാണ് ആദ്യമായി മദീനയിലെത്തുക. ജൂണ്‍ 14ന് മദീനയിലെത്തുന്ന സംഘത്തിന്റെ തിരിച്ചു പോക്ക് ആഗസ്റ്റ് 27 ന് ജിദ്ദയില്‍ നിന്നായിരിക്കും. വിവിധ എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും 410 ഹാജിമാര്‍ ഉള്‍കൊള്ളുന്ന വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ മദീനയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ ജിദ്ദ വഴിയായിരിക്കും ഹജിന് ശേഷം തിരിച്ചു പോകുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ജിദ്ദ വഴിയെത്തുന്ന ഹാജിമാര്‍ മദീന വഴിയുമാണ് തിരിക്കുക.

ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിലെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് ഡല്‍ഹി എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും യാത്ര തിരിക്കുക.

പ്രഥമ ദിനമായ 14 നും തൊട്ടടുത്ത ദിവസവും മൂന്ന് വിമാനങ്ങള്‍ സര്‍വീസ്തു. നടത്തും. തുടര്‍ന്നുള്ള ദിനങ്ങളില്‍ നാലു വിമാനങ്ങളും ചില ദിനങ്ങളില്‍ രണ്ട് വിമാനങ്ങളുമാണുണ്ടാവുക. സഊദി എയര്‍ലൈന്‍സാണ് ഇവിടെ സര്‍വീസിനുള്ളത്. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം അടുത്ത മാസം ഒന്നിനാണ്. 410 തീര്‍ത്ഥാഥാടകര്‍ ഉള്‍കൊള്ളുന്ന 29 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് നടത്തുക. അവസാന വിമാനം ആഗസ്റ്റ് 15 നായിരിക്കും. മലയാളി ഹാജിമാരുടെ മടക്കം സെപ്തംബര്‍ 12ന് മദീനയില്‍ നിന്ന് ആരംഭിക്കും.

ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തുന്നതിന് മുന്‍പായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് സഈദ് ആലം എന്നിവര്‍ ബന്ധപ്പെട്ടവരുമായി അവസാനവട്ട കൂടിയാലോചനകള്‍ നടത്തി.175025 ഹാജിമാരാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 128072 പേര്‍ ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴിയും 46323 പേര്‍ സ്വകാര്യ ഹജ്ജ് കമ്മിറ്റി മുഖേനയുമാണ് എത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.