2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2017: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; ആദ്യ ഇന്ത്യന്‍ വിമാനം 24ന്

സലാം കൂടരഞ്ഞി

മക്ക: റമദാന്‍ മാസം കഴിഞ്ഞതോടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കി. ഹാജിമാരെയും വഹിച്ചുള്ള വിമാനങ്ങള്‍ സഊദിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അവരെ സ്വീകരിക്കാന്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ വിവരപ്രകാരം ഈ മാസം 24നാണ് ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനം മദീനയില്‍ എത്തുന്നത്.
ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം പുണ്യ ഭൂമിയിലെത്തുക. പതിവുപോലെ മദീനാ വിമാനത്താവളം വഴിയാണ് ആദ്യ ഘട്ടത്തില്‍ തീര്‍ഥാടകരുടെ വരവ്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ രണ്ടാം ഘട്ടത്തില്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി മക്കയിലെത്തും. സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്തിമ അനുമതി ലഭിച്ചാല്‍ വിമാനയാത്രാ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും.
ഹാജിമാര്‍ക്കുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്റെ സേവനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം അടുത്തയാഴ്ച ജിദ്ദയിലെത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം ജൂലൈ പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തും. ഹാജിമാരുടെ യാത്ര, ഭക്ഷണ, താമസ സൗകര്യത്തിനുള്ള കരാറുകള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ജൂലൈ 15നുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുകയാണ്.
മക്കയില്‍ ഇത്തവണ ഭൂരിഭാഗം ഹാജിമാര്‍ക്കും അസീസിയയിലാണ് താമസം ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ കാറ്റഗറിയുടെ പരിധി 500 മീറ്റര്‍ കുറച്ചിട്ടുണ്ടെങ്കിലും മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്ത്രണ്ടായിരം ഹാജിമാര്‍ക്ക് ഗ്രീന്‍ കാറ്റഗറിയില്‍ താമസം ലഭ്യമാകും. ഇരുപത് ശതമാനം ഹാജിമാര്‍ വര്‍ധിക്കുമെങ്കിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.