2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹജ്ജ് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സിവില്‍ ഡിഫന്‍സ് സേവനത്തിനു 18000 ലധികം ഉദ്യോഗസ്ഥര്‍

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഈ വര്‍ഷത്തെ സുരക്ഷാ ക്രമീകരണങ്ങളും അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹജ്ജ് സുരക്ഷാ സേന വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കാന്‍ മിനായില്‍ പൊതു സുരക്ഷാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനമായും ഹജ്ജ് നിര്‍വഹിക്കാനുള്ളസര്‍വ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് മക്കയിലും പുണ്യ നാഗരികളിലും ഒരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടാനായി സദാസമയവും മുഴുവന്‍ സ്ഥലങ്ങളിലും പരിശോധനയുണ്ടാകും.

മക്കയിലേക്കുള്ള മുഴുവന്‍ പാതകളും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്.

അടിയന്തിര സാഹചര്യത്തെ നേരിടാന്‍ പ്രത്യേക സേനയെ തന്നെ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ റോഡുകളിലും എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കീഴിലാണെന്നു ഹജ്ജ് സേന റോഡ് സുരക്ഷാ അസിസ്റ്റന്റ് മേധാവി കേണല്‍ സാഇദ് അല്‍ ത്വവിയാന്‍ പറഞ്ഞു.

ഹജ്ജ് സുരക്ഷക്കായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഡിഫന്‍സ് ഡയാക്റ്ററേറ്റ് ജനറലും വ്യക്തമാക്കി.

മികച്ച പരിശീലനം ലഭിച്ച 18,000 ലധികം അംഗങ്ങളെ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് സഹായകമായി 3,000 ലധികം അത്യാധുനിക സുരക്ഷാ വാഹനങ്ങളും തയ്യാറാക്കുകയും എല്ലാ പുണ്യ സ്ഥലങ്ങളിലും ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്.

32 ഗവണ്മെന്റ് ഹജ്ജ് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ മോഡേണ്‍ ടെക്‌നോളജി ഉപയോഗിച്ചും ഡിജിറ്റല്‍ മാപ്പുകള്‍ ഉപയോഗപ്പെടുത്തിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സിനു ഏറെ സഹായകരമാകും.

പ്രതിരോധം, നേരിടല്‍, അത്യാഹിത ഘട്ടങ്ങളില്‍ ഫീല്‍ഡ് ജോലികള്‍ക്ക് ആവശ്യമായ സഹായം ചെയ്യല്‍ എന്ന മൂന്നു പ്രധാന കാര്യങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് സിവില്‍ ഡിഫന്‍സ് നടത്തുന്നതെന്ന് സിവില്‍ ഡിഫന്‍സ് കമാണ്ടര്‍ മേജര്‍ ജനറല്‍ സാലിം ബിന്‍ മര്‍സൂഖ് അല്‍ മത് റഫി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.