2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹജ്ജ്: പരീക്ഷണാടിസ്ഥാനത്തില്‍ ‘മൊബൈല്‍ കാപ്‌സ്യൂള്‍ റൂമുകളും’

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: തിരക്കേറിയ സ്ഥലങ്ങളില്‍ ഹാജിമാര്‍ക് വിശ്രമിക്കാനുതകുന്ന ‘മൊബൈല്‍ കാപ്‌സ്യൂള്‍ റൂമുകള്‍’ ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്തിറക്കും.

പ്രത്യേകം സജ്ജമാക്കിയ ചെറിയ പെട്ടികള്‍ പോലെയുള്ള, അടുക്കി വെച്ചുള്ള ക്യാപ്‌സൂള്‍ തരത്തിലുള്ള റൂമുകള്‍ ഹദിയത് ഹാജി വഅല്‍ ഉംറ സൊസൈറ്റിയാണ് സജ്ജീകരിക്കുന്നത്. വളരെ തിരക്കേറിയ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ ,എക്‌സ്പ്രസ്സ് ഹൈവേകളില്‍ വിശ്രമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അനായാസം ഉപയോഗിക്കാവുന്നതാണ് മൊബൈല്‍ കാപ്‌സ്യൂള്‍ റൂമുകള്‍.

ഇതിന്റെ ഡെമോ വീഡിയോയും ഹദിയത് ഹാജി വല്‍ ഉംറ സൊസൈറ്റി പുറത്തിറക്കിയിട്ടുണ്ട്.

വളരെ ചുരുങ്ങിയ സ്ഥലത്ത് നിരവധി പേര്‍ക്ക് സുഗമമായ വിശ്രമ സൗകര്യം ഒരുക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുകളിലും താഴെയും സൈഡുകളിലുമായി ചേര്‍ത്തി വെക്കാന്‍ കഴിയുന്ന ചെറിയ റൂമുകളാണ് . മുകളിലത്തെ റൂമില്‍ കയറാനായി മൂന്നു പടവുകളുള്ള ചെറിയ കോണിയും ഉണ്ടാകും. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പ്രത്യേക അറകള്‍ ഉണ്ടാകുന്ന ഇതിലേക്ക് ഇ കാര്‍ഡ് വഴിയാണ് പ്രവേശനം.

പൂര്‍ണമായും വൈദ്യുതിയാലും ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങളാലും പ്രവര്‍ത്തിക്കുന്ന ക്യാബിനുകള്‍ വൈദ്യുതി ബന്ധം നിലക്കുകയാണെങ്കിള്‍ വാതിലുകള്‍ സ്വമേധയാ തുറക്കെപ്പെടുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള ഇരുപത്തിനാല് എണ്ണമാണ് ഇത്തവണ ഹജ്ജ് സീസണില്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷിക്കുന്നത്.

പ്ലാസ്റ്റിക്, ഫൈബര്‍ ഗ്‌ളാസുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ചിരിക്കുന്ന കാപ്‌സ്യൂള്‍ റൂമുകള്‍ക്ക് 220 സെന്റീമീറ്റര്‍ നീളവും 120 സെന്റിമീറ്റര്‍ വീതിയും ഉയരവുമാണുള്ളത്.

പ്രായം കൂടിയവര്‍ക്കും വഴി തെറ്റി ക്ഷീണിതരായ തീര്‍ഥാടകരുമായിരിക്കും ഈ വര്‍ഷം ഇതിന്റെ ഉപഭോക്താക്കളെന്നും ഹജ്ജ് കഴിഞ്ഞാല്‍ ഇതിന്റെ പഠന ഫലം പ്രസിദ്ധപ്പെടുത്തുമെന്നും സൊസൈറ്റി മേധാവി മന്‍സൂര്‍ അല്‍ ആമിര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ റമദാന്‍ അവസാന പത്തില്‍ മസ്ജിദുല്‍ ഹറാമിന്റെ മുറ്റത്തെ സൊസൈറ്റി ആസ്ഥാനത്ത് ആദ്യഘട്ട പരീക്ഷണം നടത്തിയപ്പോള്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ചാണ് വീണ്ടും പരീക്ഷണത്തിന് എത്തിച്ചിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.