2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി: ആദ്യ കാത്തിരിപ്പ് പട്ടികയില്‍ 1,000 പേര്‍

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ നറുക്കെടുപ്പിലൂടെ 367 പേര്‍ക്ക് അവസരം. വെയ്റ്റിങ് ലിസ്റ്റില്‍ ഒന്നുമുതല്‍ 1,000 വരെയുള്ളവരും നറുക്കെടുപ്പില്‍ അവസരം ലഭിച്ചവരും ഏപ്രില്‍ അഞ്ചിനകം പാസ്‌പോര്‍ട്ട്, ഒരു ഫോട്ടോ എന്നിവ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ടെത്തിക്കണം. നേരിട്ടും നറുക്കെടുപ്പിലൂടെയും തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു പണമായ 81,000 രൂപ ഏപ്രില്‍ അഞ്ചിനകം അടയ്ക്കണം.
കേരളത്തില്‍ നിന്ന് ഈ വര്‍ഷം 95,235 പേരാണ് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്. എന്നാല്‍, 11,197 സീറ്റുകളാണ് ഹജ്ജ് ക്വാട്ടയായുള്ളത്. ഇവരില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള റിസര്‍വ് എ കാറ്റഗറിയില്‍പ്പെട്ട 1,740 പേരും റിസര്‍വ് ബി കാറ്റഗറിയില്‍പ്പെട്ട തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 9,090 പേരും ഉള്‍പ്പെടെ 10,830 പേര്‍ക്ക് നേരിട്ട് നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയിരുന്നു. ശേഷിച്ച 367 സീറ്റിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് രണ്ട് വെയ്റ്റിങ് ലിസ്റ്റ് തയാറാക്കി. നാലാംവര്‍ഷ അപേക്ഷകരായ റിസര്‍വ് ബി വിഭാഗത്തില്‍പ്പെട്ട 1,4391 പേരില്‍നിന്നുള്ളവരാണ് ആദ്യ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൂടുതല്‍ ഹജ്ജ് സീറ്റുകള്‍ ലഭിക്കുന്നമുറയ്ക്ക് വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് മുന്‍ഗണനപ്രകാരം അവസരം നല്‍കും. മറ്റുള്ള അപേക്ഷകരെ ഉള്‍പ്പെടുത്തി ജനറല്‍ വെയ്റ്റിങ് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ആദ്യ വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ പൂര്‍ണമായും പരിഗണിച്ചതിനുശേഷമായിരിക്കും ജനറല്‍ വെയ്റ്റിങ് ലിസ്റ്റ് പരിഗണിക്കുക.
മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഹജ്ജ് ക്വാട്ട 6,128 മാത്രമാണ്. എന്നാല്‍, 196 സീറ്റുകള്‍ അധികമായും 4,506 സീറ്റുകള്‍ പ്രത്യേക പരിഗണനയിലും ലഭിക്കുകയായിരുന്നു. ഹജ്ജ് നറുക്കെടുപ്പ് ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ അമിത് മീണ നിര്‍വഹിച്ചു. കേന്ദ്രഹജ്ജ് കമ്മിറ്റി ഓഫിസിന്റെ നിയന്ത്രണത്തിലാണ് നറുക്കെടുപ്പ് നടന്നത്. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റും കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ വെബ്‌സൈറ്റും ബന്ധിപ്പിച്ചാണ് നറുക്കെടുപ്പ് നടന്നത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ വഹാബ്, കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് മോന്‍ ഹാജി, ശരീഫ് മണിയാട്ടുകുടി, എസ്. നാസറുദ്ദീന്‍, എ.കെ അബ്ദുറഹിമാന്‍, എച്ച്.ഇ ബാബുസേട്ട്, അബ്ദുറഹിമാന്‍ പെരിങ്ങാടി, ഹജ്ജ് അസി. സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍, ഹജ്ജ് കോഓര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.