2018 May 11 Friday

ഹജ്ജ് നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തണമെന്ന് കേരളം

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയം ചോദ്യംചെയ്ത് സുപ്രിംകോടതി മുന്‍പാകെയുള്ള കേസില്‍ കേരളം എതിര്‍ സത്യവാങ്മൂലം നല്‍കി. അപേക്ഷകരുടെ എണ്ണം നോക്കിയാവണം സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തണം. നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ നടത്തുകയാണെങ്കില്‍ സംസ്ഥാനങ്ങളോടുള്ള വിവേചനം എന്ന ആരോപണം ഒഴിവാക്കാനാവുമെന്നും കേരളം അറിയിച്ചു.
അപേക്ഷകരുടെ എണ്ണം പരിഗണിച്ചായിരിക്കണം ക്വാട്ട നിശ്ചയിക്കേണ്ടതെന്നു നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സാമ്പത്തികമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരോട് ചെയ്യുന്ന വിവേചനമായിരിക്കും അതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈയാവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍, നറുക്കെടുപ്പ് അഖിലേന്ത്യാതലത്തില്‍ ആക്കിയാല്‍ ഇത്തരത്തിലുള്ള ആരോപണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കേരളാ ഹജ്ജ് കമ്മിറ്റി പുതിയ സത്യവാങ്മൂലത്തില്‍ വാദിച്ചത്.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തീര്‍ഥാടനത്തിനു പോവുന്ന മലബാര്‍ മേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തെ സ്ഥിരം എംബാര്‍ക്കേഷന്‍ പോയിന്റ് (പുറപ്പെടല്‍ കേന്ദ്രം) ആക്കണമെന്ന മുന്‍ ആവശ്യവും എതിര്‍സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തകരാറിനെ തുടര്‍ന്ന് താല്‍ക്കാലികമായാണ് നെടുമ്പാശ്ശേരിയെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആയി നിശ്ചയിച്ചത്. എന്നാല്‍, നെടുമ്പാശ്ശേരിയില്‍ ഹജ്ജിന് പോകുന്നവര്‍ക്കായി പ്രത്യേക സൗകര്യമില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തായി സംസ്ഥാന സര്‍ക്കാര്‍ തീര്‍ഥാടകര്‍ക്കു മാത്രമായി ഹജ്ജ് ഹൗസ് നിര്‍മിച്ചിട്ടുണ്ടെന്നും കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ 83 ശതമാനവും മലബാറില്‍ നിന്നുള്ളവരാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.