2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഹജ്ജ് ദിനങ്ങള്‍ അടുത്തതോടെ ഇരുഹറമുകളിലും തിരക്കേറുന്നു

നിസാര്‍ കലയത്ത്

ജിദ്ദ; ഹജ്ജ് ദിനങ്ങള്‍ അടുത്തതോടെ ഇരുഹറമുകളിലും തിരക്കേറുന്നു. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും തീര്‍ഥാടകരുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏകദേശം 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം വരെ മൂന്നു ലക്ഷത്തിലധികം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കരമാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവും തുടങ്ങും. ഇതോടെ ഇരു ഹറമുകളും കൂടുതല്‍ തിരക്ക് അനുഭവപെടും. പതിവു പോലെ ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുക. അതേ സമയം ഇറാനില്‍ നിന്ന് ഇത്തവണ തീര്‍ഥാടകര്‍ എത്തും.

തീര്‍ഥാടക പ്രവാഹം ശക്തമായതോടെ ഇരുഹറമുകളില്‍ തിരക്കേറിവരികയാണ്. മദീന സന്ദര്‍ശനത്തിലേര്‍പ്പെട്ടവരും മദീന വഴിയത്തെിയവരും ദുല്‍ഹജ്ജ് ആറിനകം മക്കയിലേക്ക് തിരിക്കേണ്ടതുണ്ട്. ഇതോടെ മക്ക ഹറമിലെ തിരക്ക് പതിന്‍മടങ്ങ് വര്‍ധിക്കും. തിരക്ക് മുന്‍കുട്ടി കണ്ട് ഇരുഹറം കാര്യാലയം ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുത്തും മത്വാഫ് ഏരിയ ത്വവാഫ് ചെയ്യുന്നവര്‍ക്ക് മാത്രമാക്കി മാറ്റിയും ഉംറ എളുപ്പത്തിലാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സുരക്ഷ, ട്രാഫിക്ക് വകുപ്പുകള്‍ക്ക് കീഴില്‍ മക്കയിലും പുരോഗമിക്കുകയാണ്.

നമസ്‌കാരവേളകളില്‍ ഹറമിനടുത്ത് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹറമിനടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെല്ലാം ആവശ്യമായ സുരക്ഷ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.