2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആറ് കോടി സബ്‌സിഡി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

നെടുമ്പാശ്ശേരി: തമിഴ്‌നാട്ടില്‍നിന്നുളള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയാണ് നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 

വര്‍ഷങ്ങളായി ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കിവന്ന സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ സബ്‌സിഡി അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ പുറപ്പെടുന്ന 3,728 തീര്‍ഥാടകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും.
ഹിന്ദുമത വിശ്വാസികള്‍ക്ക് ചൈനയിലെ മാനസരോവര്‍, നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രങ്ങളിലേക്കുള്ള യാത്രക്കും ക്രിസ്തുമത വിശ്വാസികള്‍ക്ക് ജറുസലേം യാത്രക്കും സബ്‌സിഡി അനുവദിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കഴിഞ്ഞ ജനുവരിയില്‍ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായി രംഗത്തുവന്നിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലം മുതല്‍ ഹജ്ജ് യാത്രക്ക് നല്‍കിവരുന്ന സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെ, കോണ്‍ഗ്രസ്, എം.ഡി.എം.കെ ,പി.എം.കെ തുടങ്ങിയ കക്ഷികളും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.