2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഹജ്ജ്: കേന്ദ്രം കൃത്യമായ കണക്ക് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ അപേക്ഷകരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് അറിയിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തോട് ഇന്നുതന്നെ കണക്ക് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നിര്‍ദേശം. ഇന്നലെ കേസ് പരിഗണിക്കവെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കും പാര്‍ലമെന്റില്‍ വച്ച കണക്കും തമ്മില്‍ വൈരുധ്യമുണ്ടെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ വാദം ശരിവച്ചാണ് മൂന്നംഗബെഞ്ചിന്റെ നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സഊദി അറേബ്യ നല്‍കിയ ക്വാട്ടകളില്‍ 6244 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് കേരളം കോടതിയെ ബോധിപ്പിച്ചത്. സഊദി സര്‍ക്കാര്‍ അധികമായി അനുവദിച്ച ക്വാട്ടയാണിത്.
എന്നാല്‍, അനുവദിച്ച ക്വാട്ട പ്രകാരം ഈ വര്‍ഷം ഇനി സീറ്റ് ബാക്കിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയ കേരളാ ഹജ്ജ്കമ്മിറ്റി, ഒഴിവുള്ള സീറ്റുകള്‍ തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ടും ഭാഗ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ചാംതവണ അപേക്ഷിച്ചവര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം കേസില്‍ വാദംകേള്‍ക്കുന്നതിനിടെ അഞ്ചാംതവണക്കാരായ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് അറിയിച്ച കോടതി, ഇങ്ങനെയുള്ളവര്‍ എത്രപേരുണ്ടെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച കണക്കിലെ വൈരുധ്യമാണ് കേരളം ചൂണ്ടിക്കാട്ടിയത്.
കേരളം ഉന്നയിച്ച വിഷയം ശരിവച്ച സുപ്രിംകോടതി, ഇതോടെ കൃത്യമായ കണക്ക് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ആവശ്യപ്പെടുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.